ബോളിവുഡിലുള്ളത് താരാധിപത്യം, മലയാളത്തിലുള്ളതുപോലെ പുതിയ പരീക്ഷണങ്ങൾ കാണാനാവുന്നില്ല -പ്രിയദർശൻ

#മൂവി ഡെസ്ക്
പ്രിയദർശൻ | ഫോട്ടോ: PTI
പ്രിയദർശൻ | ഫോട്ടോ: PTI

ഹിന്ദി സിനിമാ ലോകം ഇപ്പോഴും കഥയേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് താരങ്ങൾക്കാണെന്ന് സംവിധായകൻ പ്രിയദർശൻ. ബോളിവുഡിൽ സിനിമയുടെ ഉള്ളടക്കത്തേക്കാളുപരി അഭിനേതാക്കളാണ് ആധിപത്യം പുലർത്തുന്നത്. ഇതിനാൽ സംവിധായകർക്ക് വേണ്ടത്ര സർഗ്ഗാത്മക സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗ്ലാമറിനേക്കാൾ പ്രധാനം സിനിമയുടെ ഉള്ളടക്കമാണെന്ന് ബോളിവുഡ് തിരിച്ചറിയണമെന്നുപറഞ്ഞ അദ്ദേഹം ഇത് തന്റെ നിരീക്ഷണം മാത്രമാണെന്നും വ്യക്തമാക്കി.

സമൂഹവും വ്യവസായവും വലിയ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നുവെന്ന് Hindustan Times-ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ ഹിന്ദി സിനിമയിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെന്നും പ്രിയദർശൻ കരുതുന്നു. "ഇന്ത്യയൊട്ടാകെ അവരുടെ സിനിമകളുമായി ഒരു പുതിയ തലമുറ വരുന്നുണ്ട്. മലയാള സിനിമകളിൽ ഞാൻ കണ്ട ഏറ്റവും നല്ല കാര്യം, ബഡ്ജറ്റ് ഇല്ലെങ്കിലും അവർ ഉള്ളടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ്. ഈ യുവ സംവിധായകർ മലയാള സിനിമയിൽ അവരുടെ കഥകൾ വളരെ രസകരമായ രീതിയിൽ പറയുന്നു. OTT കാരണം അവർക്ക് ഇപ്പോൾ വലിയൊരു പ്രേക്ഷകരെ ലഭിക്കുന്നു. ബോളിവുഡിൽ അത്തരം മാറ്റങ്ങൾ ഞാൻ കണ്ടിട്ടില്ല." പ്രിയദർശന്റെ വാക്കുകൾ.

ഭൂത് ബംഗ്ലാ എന്ന തന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രത്തേക്കുറിച്ചും അദ്ദേഹം മനസുതുറന്നു. "വളരെ വികാരനിർഭരമായ ചിത്രീകരണം ആയിരുന്നു. ഇത്രയും കാലത്തിനു ശേഷം എല്ലാവരേയും വീണ്ടും കണ്ടുമുട്ടി. പക്ഷേ ആദ്യ ഷോട്ട് എടുത്തപ്പോൾ, 14 വർഷം കഴിഞ്ഞതായി തോന്നിയില്ല, വെറും ആറു മാസം മാത്രമാണ് കടന്നുപോയതെന്ന് തോന്നി. അവരുമായെല്ലാം എനിക്ക് വ്യക്തിപരമായ ബന്ധങ്ങളുണ്ട്. തബുവിനൊപ്പം 25 വർഷത്തിനു ശേഷമാണ് ഞാൻ ഒരു സിനിമ ചെയ്യുന്നത്. അവരോടൊപ്പമുള്ള അവസാന ചിത്രം 'ഹേരാ ഫേരി' ആയിരുന്നു." സംവിധായകൻ പറഞ്ഞു.

"ഞാൻ എന്റെ സിനിമകൾ വീണ്ടും കാണാറില്ല. പക്ഷേ ടിവിയിൽ എന്റെ ഏതെങ്കിലും സിനിമ കാണുമ്പോൾ, അത് ഇതിലും മികച്ചതാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. കാരണം ഞാൻ കൂടുതൽ പഠിച്ചുകൊണ്ടിരിക്കുന്നു. സിനിമ നിർമ്മാണം ഒരു പഠന പ്രക്രിയയാണ്. എന്റെ സമകാലികരിൽ ഞാൻ ആരാധിക്കുന്ന ധാരാളം മികച്ച സംവിധായകരുണ്ട്. ഇന്ന്, അവർ എവിടെയുമില്ല. അവർക്ക് സംഭവിച്ചത് സ്വയം പുതുക്കാതിരുന്നതാണ്. ഞങ്ങൾ അനലോഗ് കാലഘട്ടത്തിൽ തുടങ്ങി, ഇന്ന് ഞങ്ങൾ ഇലക്ട്രോണിക്, ഡിജിറ്റൽ കാലഘട്ടത്തിലാണ്. അവർ അതിനനുസരിച്ച് മാറാൻ തയ്യാറായില്ലെന്ന് ഞാൻ കരുതുന്നു. ഞാൻ എപ്പോഴും പുതിയതായി വരുന്ന കാര്യങ്ങൾ തേടുകയായിരുന്നു, അതുവഴി എനിക്ക് അതിനനുസരിച്ച് മാറാൻ കഴിയും." പ്രിയദർശൻ കൂട്ടിച്ചേർത്തു.

14 വർഷങ്ങൾക്കുശേഷം അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് ഭൂത് ബംഗ്ലാ. രേഷ് റാവൽ, രാജ്പാൽ യാദവ്, തബു, വാമിഖ ഗബ്ബി എന്നിവരും 'ഭൂത് ബംഗ്ല'യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഏപ്രിൽ 10-ന് ചിത്രം തിയേറ്ററുകളിൽ എത്തും. പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിലൂടെ ഒരു മികച്ച ഹൊറർ കോമഡി ചിത്രം തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

Content Highlights: Legendary director Priyadarshan has criticized Bollywood for prioritizing star power over creative content, while praising the new generation of Malayalam filmmakers for their innovative storytelling despite budget constraints.