വിസ്മരിക്കാനാവാത്ത ആത്മാവ്, ഹൈവാനിലൂടെ അസ്രാണിയെ ബിഗ്സ്ക്രീനിൽ അവസാനമായി കാണാം -പ്രിയദർശൻ

അന്തരിച്ച വിഖ്യാത നടൻ അസ്രാണിയെ അനുസ്മരിച്ച് സംവിധായകൻ പ്രിയദർശൻ. അദ്ദേഹം സംവിധാനംചെയ്ത് റിലീസിന് തയ്യാറെടുക്കുന്ന ഹൈവാൻ എന്ന ചിത്രത്തിലാണ് അസ്രാണി ഒടുവിൽ വേഷമിട്ടത്. ഏവർക്കും പ്രിയപ്പെട്ട നടനും വിസ്മരിക്കാനാകാത്ത ആത്മാവുമായിരുന്നു അസ്രാണിയെന്ന് പ്രിയദർശൻ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ അഭിനയത്തിലെ മാന്ത്രികത ബിഗ് സ്ക്രീനിൽ അനുഭവിക്കാൻ ലഭിക്കുന്ന അവസാന അവസരമായിരിക്കും 'ഹൈവാൻ' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഹൈവാനി'ലെ ഒരു ഗ്ലിംപ്സ് വീഡിയോക്കൊപ്പമാണ് പ്രിയദർശൻ അനുസ്മരണക്കുറിപ്പ് പങ്കുവെച്ചത്.
"ഹാസ്യത്തിന്റെ മുൻഗാമി, ഏവർക്കും പ്രിയപ്പെട്ട നടൻ, വിസ്മരിക്കാനാവാത്ത ആത്മാവ്. അസ്രാണിജി തലമുറകളെ ചിരിപ്പിക്കുകയും ഇന്ത്യൻ സിനിമയിൽ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു. 'ഹൈവാൻ' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വേഷം ഞങ്ങളുടെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. ഈ പ്രിയപ്പെട്ട കലാകാരന്റെ മാന്ത്രികത ബിഗ് സ്ക്രീനിൽ അവസാനമായി അനുഭവിക്കാൻ നമുക്ക് ലഭിക്കുന്ന അവസാന അവസരമായിരിക്കും 'ഹൈവാൻ'. സെപ്റ്റംബർ 11-ന് ചിത്രം റിലീസ് ചെയ്യുമ്പോൾ, അർഹമായ എല്ലാ സ്നേഹത്തോടും കൂടി അദ്ദേഹത്തിന്റെ അവസാന അഭിനയം ഓർമ്മിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ." പ്രിയദർശന്റെ വാക്കുകൾ.
അസ്രാണിയുടെ വിയോഗം
2025 ഒക്ടോബറിലായിരുന്നു 84-ാം വയസിൽ അസ്രാണി അന്തരിച്ചത്. ഹാസ്യകഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്ന ഗോവർധൻ അസ്രാണിയാണ് അസ്രാണി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്.
1940 ജനുവരി 1-ന് ജയ്പൂരിലെ ഒരു മധ്യവർഗ സിന്ധി കുടുംബത്തിലാണ് അസ്രാണി ജനിച്ചത്. സെന്റ് സേവ്യേഴ്‌സ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് ജയ്പൂരിലെ രാജസ്ഥാൻ കോളേജിൽ നിന്ന് ബിരുദം നേടി. പഠനച്ചെലവുകൾക്കായി ജയ്പൂരിലെ ഓൾ ഇന്ത്യ റേഡിയോയിൽ അദ്ദേഹം വോയിസ് ആർട്ടിസ്റ്റായി ജോലി ചെയ്തിരുന്നു. 1960 മുതൽ 1962 വരെ സാഹിത്യ കൽഭായ് താക്കറിൽനിന്ന് അസ്രാണി അഭിനയം പഠിച്ചു, പിന്നീട് 1964-ൽ പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) ചേർന്നു.
1967-ൽ പുറത്തിറങ്ങിയ 'ഹരേ കാഞ്ച് കി ചൂടിയാം' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ നടൻ ബിശ്വജീത്തിന്റെ സുഹൃത്തായാണ് അദ്ദേഹം വേഷമിട്ടത്. ഇക്കാലയളവിൽ അദ്ദേഹം നിരവധി ഗുജറാത്തി സിനിമകളിൽ നായകനായും അഭിനയിച്ചു.
അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രം ഷോലെ എന്ന സിനിമയിലെ ജയിലറുടേതാണ്. ഭൂൽ ഭുലയ്യ, ധമാൽ, ബണ്ടി ഔർ ബബ്ലി 2, ആർ... രാജ്കുമാർ എന്നീ പുതിയകാല ഹിറ്റ് സിനിമകളിലും, കൂടാതെ ഓൾ ദി ബെസ്റ്റ്, വെൽക്കം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ഹിന്ദി സിനിമകൾക്ക് പുറമെ, 1972 മുതൽ 1984 വരെ പ്രധാന വേഷങ്ങളിലും 1985 മുതൽ 2012 വരെ സ്വഭാവ നടനായും അദ്ദേഹം നിരവധി ഗുജറാത്തി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രിയദർശൻ-അക്ഷയ് കുമാർ-സെയ്ഫ് അലി ഖാൻ ചിത്രം 'ഹൈവാൻ' സെപ്റ്റംബർ 11 ന്
അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് ഹൈവാൻ. 2026 സെപ്റ്റംബർ 11-നാണ് ചിത്രം ആഗോള റിലീസായി എത്തുക. ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദർശൻ തന്നെയാണ്. കെവിഎൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ. നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
ബോളിവുഡിലെ വമ്പൻ താരങ്ങളായ അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവർ ഒരിടവേളക്ക് ശേഷം ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. സയ്യാമി ഖേർ, ശ്രിയ പിൽഗാവോങ്കർ, ബൊമൻ ഇറാനി, രാജ്പാൽ യാദവ്, ശരീബ് ഹാഷ്മി, രാജേഷ് ശർമ്മ, പഹൽ ചൗധരി, മനോജ് ജോഷി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ ചിത്രീകരണം ആരംഭിച്ച "ഹൈവാൻ", കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിൽ ആയാണ് പൂർത്തീകരിച്ചത്.
അക്ഷയ് കുമാറിനൊപ്പം ഒട്ടേറെ സൂപ്പർ ഹിറ്റുകൾ ബോളിവുഡിൽ ഒരുക്കിയിട്ടുള്ള പ്രിയദർശൻ ആദ്യമായാണ് സെയ്ഫ് അലി ഖാനുമായി ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. സാബു സിറിൾ ആണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ, സാബു സിറിൾ എന്നീ 4 ദേശീയ പുരസ്കാര ജേതാക്കൾ ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
Content Highlights: Director Priyadarshan paid tribute to the late actor Asrani, who last acted in the upcoming film "Haiwaan," highlighting Asrani's unforgettable presence and comedic legacy in Indian cinema.