‘കേരളത്തിൽ ഓറഞ്ച് അലർട്ടായതുകൊണ്ടാണോ ഈ വസ്ത്രം?’ യുട്യൂബർക്ക് ചുട്ടമറുപടിയുമായി പ്രിയാ വാര്യർ

ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറം ചോദ്യംചെയ്ത യുട്യൂബർക്ക് ചുട്ടമറുപടി നൽകി നടി പ്രിയാ വാര്യർ. താൻ ബ്രാൻഡ് അംബാസഡറായ ഉല്പന്നത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് പ്രിയയ്ക്ക് യുട്യൂബറിൽനിന്ന് ഈ ചോദ്യം നേരിടേണ്ടിവന്നത്.
ബ്രാൻഡിന്റെ നിറമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രിയ വാര്യർ ചടങ്ങിനെത്തിയത്. പ്രിയ വേദിയിലിരിക്കേ ഒരു യുട്യൂബർ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചെത്താൻ എന്താണ് കാരണമെന്ന് ചോദിക്കുകയായിരുന്നു. കേരളത്തിൽ ഇപ്പോൾ ഓറഞ്ച് അലർട്ടായതിനാലാണോ ഇങ്ങനെ ചെയ്തതെന്നും ഇയാൾ ചോദിച്ചു. ഇതിനോട് കുറിക്കുകൊള്ളുന്ന മറുപടിയാണ് പ്രിയ നൽകിയത്.
ചോദ്യം കേൾക്കുമ്പോൾ ഇതെന്തുചോദ്യം എന്ന രീതിയിൽ പ്രിയാ വാര്യർ ആദ്യം അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. ‘എന്റെ പൊന്നു ചേട്ടാ’ എന്നു വിളിച്ചുകൊണ്ടാണ് പിന്നീടവർ മറുപടി നൽകിയത്. വർഷങ്ങളായി ആ ബ്രാൻഡിന്റെ തീം കളർ ഇതാണെന്നും ബ്രാൻഡ് അംബാസിഡർ എന്ന നിലയിൽ അതിനോട് ചേർന്നു നിൽക്കാനാണ് ആ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതെന്നും പ്രിയാ വാര്യർ വ്യക്തമാക്കി.
പ്രിയാ വാര്യരോടുള്ള ചോദ്യവും അതിന് താരം നൽകിയ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലായി. താരത്തോടുള്ള ചോദ്യം അനുചിതമായിപ്പോയെന്നാണ് ആരാധകരുടെ പ്രതികരണം. ആ സാഹചര്യത്തെ സമർഥമായി താരം നേരിട്ടെന്നും ചിലർ പ്രതികരിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Content Highlights: Actress Priya Prakash Varrier gave a fitting reply to a YouTuber who questioned her choice of a saffron-colored outfit and mockingly asked if it was related to Kerala's "Orange Alert" during a brand promotion event.