'തിലകനും നെടുമുടിക്കും ജഗതി ശ്രീകുമാറിനുമൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു'; ബോളിവുഡിൽ പൃഥ്വിരാജ്

ഒപ്പം അഭിനയിക്കുന്നവരിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ഹിന്ദിയിൽ ഐശ്വര്യ റായ്ക്കും കരീന കപൂറിനും റാണി മുഖർജിക്കും കജോളിനുമൊപ്പം അഭിനയിക്കാൻ സാധിച്ചു. മമ്മൂട്ടി, മോഹൻലാൽ, തിലകൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ എന്നിവർക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവുമുണ്ടായി. ഇവരിൽ നിന്നെല്ലാം എന്തെങ്കിലും പഠിക്കാൻ കഴിഞ്ഞുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രം 'ദായ്റ'യുടെ പ്രൊമോഷനിൽ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പൃഥ്വിരാജ്. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന 'ദായ്റ'യിൽ കരീന കപൂർ ആണ് നായിക.
'ഞാൻ ഭാഗ്യവാനാണ്. മണിരത്നം സാറിനൊപ്പം പ്രവർത്തിച്ചു, അന്ന് ഐശ്വര്യയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. മകളുടെ സ്കൂളിൽവെച്ച് അവരെ കാണാറുണ്ട്. കരീനയുടെ കൂടെ അഭിനയിച്ചു. രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് അവർ. റാണി മുഖർജിക്കും കജോളിനുമൊപ്പം അഭിനയിച്ചു. ഇവരൊക്കെ മികച്ച അഭിനേതാക്കളാണ്', മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി പൃഥ്വിരാജ് പറഞ്ഞു.
'മമ്മൂട്ടി, മോഹൻലാൽ, തിലകൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ എന്നിവർക്കൊപ്പം അഭിനയിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഇവരിൽ പലരേയും നിങ്ങൾക്ക് അറിയാൻപോലും സാധ്യതയില്ല. അത്തരം മികച്ച അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഞാനിപ്പോൾ ആരാണോ, ആ വ്യക്തിയായിരിക്കുന്നത്. ഇവരിൽനിന്നൊക്കെ പാഠങ്ങൾ പഠിക്കാൻ എനിക്ക് കഴിഞ്ഞു', നടൻ അഭിപ്രായപ്പെട്ടു.
'കൂടെ അഭിനയിക്കുന്നവരിൽനിന്ന് അറിഞ്ഞോ അറിയാതെയോ കുറേ കാര്യങ്ങൾ പഠിക്കാൻ കഴിയും. കരീനയും അങ്ങനെ കുറച്ച് കാര്യങ്ങൾ പഠിപ്പിച്ചു എന്നെനിക്ക് പറയാൻ കഴിയും. അതെന്താണെന്ന് എനിക്ക് ഇപ്പോൾ പറയാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഭാവിയിൽ ഒരു സ്ക്രിപ്റ്റ് വായിക്കുമ്പോൾ, അന്ന് കരീന ചെയ്തത് ഇതായിരുന്നല്ലോ എന്ന് ഓർക്കും', പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
Content Highlights: Prithviraj Sukumaran reflects on his experiences acting alongside top Bollywood and Malayalam actors. Mentions working in the upcoming Bollywood film 'Daayra' directed by Meghna Gulzar, starring Kareena Kapoor. Highlights learning valuable acting lessons from legends like Mammootty, Mohanlal, Thilakan, Nedumudi Venu, and Jagathy Sreekumar.