‘ജബ് വീ മെറ്റ്’ തിരക്കഥാകൃത്ത് ആര്?; സംവിധായകന്റെ പേര് പറഞ്ഞ് അവതാരകൻ, അല്ലെന്ന് പൃഥ്വിരാജ്

#മൂവിസ് ഡെസ്ക്
പൃഥ്വിരാജ് സുകുമാരൻ | ഫോട്ടോ: എ.എൻ.ഐ.
പൃഥ്വിരാജ് സുകുമാരൻ | ഫോട്ടോ: എ.എൻ.ഐ.

പുതിയ ബോളിവുഡ് ചിത്രം 'ദായ്‌റ'യുടെ പ്രൊമോഷൻ അഭിമുഖത്തിൽ പൃഥ്വിരാജിന് തിരുത്തുമായി സോഷ്യൽമീഡിയ. മലയാളത്തിൽ തിരക്കഥാകൃത്തുക്കൾക്ക് ലഭിക്കുന്ന പ്രാമുഖ്യത്തെക്കുറിച്ച് സംസാരിക്കവെ നടൻ പറഞ്ഞതിനെക്കുറിച്ച് വസ്തുത നിരത്തി ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ബോളിവുഡിൽ തിരക്കഥാകൃത്തുക്കൾ തിരിച്ചറിയപ്പെടുന്നില്ലെന്ന് സൂചിപ്പിക്കാൻ, കരീന കപൂർ നായികയായ ജബ് വീ മെറ്റ് പൃഥ്വിരാജ് ഉദാഹരണമായി പറഞ്ഞു. എന്നാൽ, പൃഥ്വിരാജ് തിരഞ്ഞെടുത്ത ഉദാഹരണത്തിൽ പ്രശ്നമുണ്ടെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

ജബ് വീ മെറ്റ് എഴുതിയത് ആരാണെന്ന് പൃഥ്വിരാജ് അവതാരകനോട് മറുചോദ്യമായി ഉന്നയിച്ചു. സംവിധായകൻ ഇംതിയാസ് അലിയുടെ പേര് അവതാരകൻ പറഞ്ഞു. എന്നാൽ, അദ്ദേഹത്തിനൊപ്പം മറ്റ് എഴുത്തുകാരും പ്രവർത്തിച്ചിട്ടുണ്ടാവാമെന്ന് പൃഥ്വിരാജ് പറഞ്ഞു. അവരുടെ പേര് നിങ്ങൾക്ക് അറിയാമോ എന്നും പൃഥ്വിരാജ് ചോദിച്ചു. അത് ഇംതിയാസ് അലി തന്നെയാവാം എന്ന് അവതാരകൻ പറയുമ്പോഴും, ഇല്ല നിങ്ങൾക്ക് അറിയില്ല എന്നായി പൃഥ്വിരാജ്. തുടർന്ന് നടൻ മലയാളത്തിൽ തിരക്കഥാകൃത്തുക്കൾക്ക് ലഭിക്കുന്ന പ്രാമുഖ്യത്തെക്കുറിച്ച് വിശദീകരിച്ചു.

പിന്നാലെയാണ് പൃഥ്വിരാജിന് സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടി ആരാധകർ രംഗത്തെത്തിയത്. ജെബ് വി മെറ്റിന് തിരക്കഥയൊരുക്കിയത് സംവിധായകൻ ഇംതിയാസ് അലി തന്നെയാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടിയത്. പൃഥ്വിരാജ് പറഞ്ഞത് തെറ്റാണെന്നും ബോളിവുഡിലെ മറ്റേതെങ്കിലും ചിത്രങ്ങൾ ഉദാഹരിക്കുകയായിരുന്നെങ്കിൽ പൃഥ്വിരാജിന്റെ ഭാഗം ശരിയാവുമായിരുന്നെന്നും ആരാധകർ പറയുന്നു.

'മലയാളത്തിൽ ഇന്നും തിരക്കഥാകൃത്തുക്കളാണ് അവസാനവാക്ക്. മിക്കവാറും ഒരു നടനെ ആദ്യം സമീപിക്കുന്നത് സംവിധായകനോ നിർമാണക്കമ്പനിയോ മാനേജർമാരോ അല്ല, എഴുത്തുകാരനാണ്. നടനെ സമീപിച്ച്, എന്റെ കൈയിലൊരു കഥയുണ്ട് കേൾക്കാമോ എന്ന് എഴുത്തുകാരൻ ചോദിക്കുന്നു. നടന് ഇഷ്ടപ്പെട്ടാൽ ഉടനെ നടക്കുന്ന ചർച്ച പ്രതിഫലത്തെക്കുറിച്ചോ ഡേറ്റിനെക്കുറിച്ചോ അല്ല. സംവിധായകനെ കണ്ടെത്തുന്നതിനെക്കുറിച്ചാണ്. പിന്നാലെയാണ് നിർമാതാക്കളെ തേടുന്നത്', പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞു.


പൃഥ്വിരാജ് നായകനായ ബോളിവുഡ് ചിത്രം 'ദായ്‌റ' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി. മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്ത ചിത്രത്തിൽ കരീന കപൂർ ആണ് നായിക. ക്രൈം ഡ്രാമ- കോപ് പ്രൊസീജ്യറൽ ഗണത്തിലുള്ളതാണ് ചിത്രം.

Content Highlights: Prithviraj faced social media backlash for a factual error regarding the movie 'Jab We Met' during a promotional interview for 'Daayra'. He questioned the interviewer about who wrote 'Jab We Met' to highlight how scriptwriters are allegedly overlooked in Bollywood. When the interviewer correctly named director Imtiaz Ali as the writer, Prithviraj incorrectly disputed the fact. Social media users pointed out that Imtiaz Ali indeed wrote the film solo and suggested better examples could have been used. Prithviraj emphasized that in Malayalam cinema, writers hold the ultimate authority and often approach actors directly before directors or producers are selected.