പ്രേംകുമാറിന്റെ നിയമനം സാംസ്‌കാരിക മേഖലയിലെ കോൺഗ്രസുകാരെ കൊഞ്ഞനം കുത്തുന്ന നടപടി-അനിൽ തോമസ്

#മൂവീസ് ഡെസ്ക്
അനില്‍ തോമസ്, പ്രേം കുമാര്‍ | Photo: Facebook/ Anil Thomas, Mathrubhumi
അനില്‍ തോമസ്, പ്രേം കുമാര്‍ | Photo: Facebook/ Anil Thomas, Mathrubhumi

ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ചതിനെതിരെ കേരള ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ്. സാംസ്‌കാരിക മേഖലയിലെ കോൺഗ്രസുകാരെ കൊഞ്ഞനം കുത്തുന്ന നിയമനമാണ് പ്രേംകുമാറിന്റേതെന്ന് അനിൽ തോമസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. വഴിയിൽ വണ്ടിമാറി കയറുന്ന സംസ്‌കാരമുള്ളവർക്ക് സ്ഥാനം നൽകുന്നത് കോൺഗ്രസിന് ഗുണകരമാവില്ലെന്ന് അനിൽ തോമസ് വിമർശിച്ചു.

'വൈകി വന്ന ബുദ്ധിക്ക് സ്വാഗതം. ചലച്ചിത്ര മേഖലയിലെ കോർപറേഷൻ ചെയർമാന്മാരെയും സമിതി അംഗങ്ങളെയും നിയമിച്ചല്ലോ. അഞ്ചുമാസം മുൻപ് അധികാരം ഏറ്റ യു.ഡി.എഫ്. സർക്കാരിന് നിയമനങ്ങൾ നടത്താൻ കാലതാമസം ഉണ്ടായത് എന്തിനുവേണ്ടിയെന്ന് എത്ര ആലോചിട്ടും മനസിലാകുന്നില്ല. കാരണം, സമയം എടുക്കുന്നത് മികച്ച ഒരു കാര്യം ചെയ്യാൻ ആയിരിക്കുമല്ലോ?', അനിൽ തോമസ് ആമുഖമായി കുറിച്ചു.

'ഇവിടെ സാംസ്‌കാരിക ക്ഷേമനിധി ചെയർമാൻ ആയി എം. രഞ്ജിത്ത് നിയമിതനായതിലുള്ള സന്തോഷം പങ്കുവെക്കുമ്പോൾ, കെ.എസ്.എഫ്.ഡി.സി. ചെയർമാനായി പ്രേംകുമാറിനെ നിയമിച്ചതിലുള്ള അതൃപ്തി ഞാൻ ശക്തമായി രേഖപ്പെടുത്തുന്നു', അനിൽ തോമസിന്റെ വാക്കുകൾ.

ALSO READ | പ്രേംകുമാർ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ, ജി. വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

'രാഷ്ട്രീയത്തിൽ വെള്ളംകോരികൾ എന്നും, വിറകുവെട്ടികൾ എന്നുമുള്ള പദപ്രയോഗം ഉണ്ടല്ലോ. അത്തരത്തിൽ, സാംസ്‌കാരിക മേഖലയിലെ കോൺഗ്രസുകാരെ കൊഞ്ഞനം കുത്തുന്ന നിയമനം ആയിപ്പോയി പ്രേംകുമാറിന്റേത്. കാരണം അദ്ദേഹം കേവലം ഒരു വർഷം മുമ്പ് വേറൊരു മുന്നണിയിൽ താക്കോൽ സ്ഥാനം വഹിച്ചത് ആ മുന്നണിയുടെ സഹയാത്രികൻ എന്ന നിലയിൽ തന്നെയാണ്. വഴിയിൽ വണ്ടി മാറി കയറുന്ന സംസ്‌കാരം ഉള്ളവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശം ഇവിടെ കൊടുക്കുമ്പോൾ, ഞാൻ മുൻപ് പറഞ്ഞ വെള്ളം കോരികളും വിറക് വെട്ടികളും മറിച്ച് ചിന്തിക്കും. അത് കോൺഗ്രസ് പാർട്ടിക്ക് ഒട്ടും ഗുണകരമാവില്ല', അനിൽ തോമസ് വ്യക്തമാക്കി.

'കെ.പി.സി.സിക്ക് ഒരു നേതൃത്വം വരേണ്ട കാലം അതിക്രമിച്ചു. ഈ സ്ഥിതിയിൽ പോയാൽ 2028-ന് അപ്പുറം ഒരു കോൺഗ്രസ് സർക്കാർ ഇവിടെ ഭരിക്കാൻ ഉണ്ടാവില്ല. എന്റെ പാർട്ടി ആയ കോൺഗ്രസിന്റെ സർക്കാർ കേരളം ഭരിക്കാൻ ഇപ്പോൾ കുറിക്കുന്ന ഫെയ്‌സ്ബുക്കിൽ ഞാൻ ഒരുപാട് കുറിപ്പുകൾ ഇട്ടിട്ടുണ്ട്. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നവർ തെറ്റുകൾ ആവർത്തിക്കാതിരിക്കാനും, തിരുത്താനും തയ്യാറാവണം. അല്ലെങ്കിൽ ജാഗ്രതൈ', അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ആയിരുന്നു പ്രേംകുമാർ. രഞ്ജിത്ത് രാജിവെച്ചതിന് പിന്നാലെ ചെയർമാന്റെ ചുമതല നിർവഹിച്ചിരുന്നു. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായാണ് പുതിയ സർക്കാർ പ്രേംകുമാറിനെ നിയമിച്ചിരിക്കുന്നത്.

Content Highlights: Kerala Film Chamber President Anil Thomas publicly criticized the appointment of actor Prem Kumar as KSFDC Chairman. Anil Thomas termed the decision an insult to loyal cultural workers within the Congress party. Prem Kumar previously served as the Vice Chairman of the Chalachitra Academy under the LDF administration. While expressing dissatisfaction over Prem Kumar's post, Thomas welcomed the appointment of M. Ranjith as Cultural Welfare Fund Chairman. He warned the Congress leadership that such political decisions could adversely affect the party's future in the state.