'വിസ്മയിപ്പിച്ച വ്യക്തിത്വം, ധീരമായ നിലപാടുകള്‍'; പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷന്‍ പുരസ്‌കാരം നടന്‍ പ്രേംകുമാറിന്

#Movie Desk
ഇന്നസെന്റ്, പ്രേംകുമാർ
ഇന്നസെന്റ്, പ്രേംകുമാർ

പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷന്‍ പുരസ്‌കാരം ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനും എഴുത്തുകാരനുമായ പ്രേംകുമാറിന്. വിവിധ കാരണങ്ങളാണ് അദ്ദേഹത്തെ പുരസ്‌കാരാര്‍ഹനാക്കിയതെന്ന് സംഘാടകര്‍ അറിയിച്ചു.

സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുള്ള കലാകാരനാണ് പ്രേംകുമാര്‍. ധീരമായ നിലപാടുകളും അഭിപ്രായങ്ങളുമുള്ള പ്രേംകുമാറിന്റേത് നിര്‍ഭയമായ പ്രതികരണങ്ങളാണ്. ശക്തമായ എഴുത്തുകളും പ്രഭാഷണങ്ങളുമാണ് അദ്ദേഹത്തിന്റേതെന്നും പ്രേംകുമാറിന്റേത്. അടുത്തകാലത്ത് ഇത്രയേറെ മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു വ്യക്തിത്വം സിനിമാ മേഖലയില്‍ വേറെയില്ലെന്നും സംഘാടകര്‍ പറയുന്നു.

മലയാള സിനിമയിലെ വേറിട്ട വ്യക്തിത്വമാണ് പ്രേംകുമാര്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ അപാരമായ അഭിനയ പ്രതിഭയാണ്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സുതാര്യവും ഏറെ ജനകീയവുമാക്കിയ നേതൃപാടവത്തിന് ഉടമയാണ്. 29-ാമത് ഐഎഫ്എഫ്‌കെ ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ ചലച്ചിത്ര മേളയായി അവിസ്മരണീയമാക്കിയത് പ്രേംകുമാറിന്റെ സംഘടന മികവുകൊണ്ടാണെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.

Content Highlights: Actor Premkumar Honored with Inaugural Innocent Foundation Award for 'Inspiring Personality and Courageous Stances'