'ലാലേട്ടന് പകരം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല, പ്രണവിന്റെ അഭിനയം കണ്ടപ്പോള്‍ ഓര്‍ത്തത് ആ വാക്കുകള്‍'

സിദ്ധു പനയ്ക്കൽ, പ്രണവ് മോഹൻലാൽ | Photos: Facebook, Youtube Screen Grab
സിദ്ധു പനയ്ക്കൽ, പ്രണവ് മോഹൻലാൽ | Photos: Facebook, Youtube Screen Grab

പ്രണവ് മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഡീയസ് ഈറേ എന്ന ചിത്രം ബോക്‌സ് ഓഫീസിനെയാകെ 'ഭയപ്പെടുത്തി'ക്കൊണ്ട് വിജയക്കുതിപ്പ് തുടരുകയാണ്. മികച്ച റിവ്യൂകളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ച് ഭൂരിഭാഗം പേരും പ്രത്യേകമായി തന്നെ പറയുന്നുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സിദ്ധു പനയ്ക്കലും പ്രണവിന്റെ ഡീയസ് ഈറേയിലെ അഭിനയമികവിനെ പ്രകീര്‍ത്തിക്കുകയാണ്.

ലാലേട്ടന് (മോഹന്‍ലാല്‍) പകരം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല എന്ന് അടിവരയിട്ട് പറഞ്ഞ സിദ്ധു പനയ്ക്കല്‍, അച്ഛനോളമെത്താനുള്ള പരിശ്രമത്തിലെ കുതിച്ചുചാട്ടമാണ് പ്രണവ് നടത്തിയിരിക്കുന്നത് എന്നും പറഞ്ഞു. സംവിധായകന്‍ രാഹുല്‍ സദാശിവനെ നമിച്ചേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിദ്ധു പനയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

'സംഭാഷണത്തിന്റെ അകമ്പടി ഇല്ലാതെ ഒരു ഒരു ക്ലോസപ്പ് ഷോട്ടില്‍ അഭിനയിച്ച്, ആ സീനിന്റെ ഇമോഷന്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനായാല്‍ അതിനര്‍ഥം അയാള്‍ ഒരു മികച്ച നടന്‍ ആണെന്നാണ്.' സിബി മലയില്‍ സര്‍ പറഞ്ഞതാണ്.

സാങ്കല്‍പിക സാഹചര്യങ്ങളില്‍ സത്യസന്ധമായി പെരുമാറുന്നതാണ് അഭിനയം എന്ന് വായിച്ചിട്ടുണ്ട്. ശരീരചലനങ്ങള്‍ മുഖഭാവങ്ങള്‍ ശബ്ദം എന്നിവ ഉപയോഗിച്ച് കഥാപാത്രത്തിന്റെ ചിന്തകളെയും വികാരങ്ങളെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പ്രക്രിയയാരണ് അഭിനയം എന്നും കേട്ടിട്ടുണ്ട്.

പ്രണവ് മോഹന്‍ലാല്‍ എന്ന ഞങ്ങളുടെ അപ്പുവിന്റെ ഡീയസ് ഈറെ എന്ന സിനിമയിലെ അഭിനയം കണ്ടപ്പോള്‍ കേട്ടതും വായിച്ചതും ഒരു നിമിഷം മനസ്സില്‍ മിന്നി മറഞ്ഞു. ലാലേട്ടന് പകരം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. അച്ഛനോളം എത്താനുള്ള മകന്റെ പരിശ്രമത്തില്‍ വന്‍ കുതിച്ചുചാട്ടം ആണ് അപ്പു നടത്തിയിരിക്കുന്നത്. ഒരു സിനിമയ്ക്ക് എല്ലായിടത്തുനിന്നും നല്ല അഭിപ്രായം വരുമ്പോള്‍ രാഹുല്‍ സദാശിവന്‍ എന്ന സംവിധായകനെ നമ്മള്‍ നമിച്ചേ മതിയാവു. എഴുത്തും സംവിധാനവും ഒന്നിനൊന്നു മെച്ചം.

അശ്വന്ത് കോക്കിന്റെ റിവ്യൂവിന് താഴെ ഒരു കമന്റ് വായിച്ചു 'ഈ സിനിമ കാണാന്‍ രാത്രിയാണ് നല്ലത് പക്ഷേ തിരിച്ചു വീട്ടിലേക്ക് പോകാന്‍ പകലും'. എന്ത് ജോണറില്‍ പെട്ട സിനിമയാണ് ഇതെന്ന് ഈ ഒറ്റ കമന്റില്‍ നിന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാവും.