‘എല്ലാം വിഷം കലർന്ന വ്യാജവാർത്തകൾ, സ്പിരിറ്റിലെ എന്റെ രംഗങ്ങൾ ചിത്രീകരിച്ചിട്ടുപോലുമില്ല’

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽനിന്ന് താൻ പിന്മാറിയെന്ന അഭ്യൂഹങ്ങളെ തള്ളിയും വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുകയും ചെയ്ത് പ്രകാശ് രാജ്. ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇത്തരം പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. വിഷം കലർന്ന വ്യാജ വാർത്തകളാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.
"വിഷം കലർന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന എല്ലാവരോടും... സ്പിരിറ്റ് എന്ന സിനിമയെക്കുറിച്ച്. എന്റെ രംഗങ്ങളുടെ ചിത്രീകരണം ഞങ്ങൾ തുടങ്ങിയിട്ടുപോലുമില്ല... എന്നിട്ടും നിങ്ങൾ വാട്ട്‌സ്ആപ്പ് ഫാക്ടറികൾ കഥകൾ ഊഹിച്ചെടുക്കുന്നു. പക്വതയാർജിക്കൂ, ജീവിതം കണ്ടെത്തൂ." പ്രകാശ് രാജ് കുറിച്ചതിങ്ങനെ.
സംവിധായകനുമായി ഒരു സീനിനെച്ചൊല്ലി രൂക്ഷമായ വാക്കുതർക്കമുണ്ടായെന്നും ഒടുവിൽ പ്രകാശ് രാജ് ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നുമായിരുന്നു വ്യാപകപ്രചാരണം. ഇതിനെതിരെ നേരത്തേതന്നെ അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇതൊക്കെ അസംബന്ധമായ ഊഹാപോഹങ്ങളാണെന്നും തനിക്കിതിനെക്കുറിച്ച് അറിയില്ല എന്നുമായിരുന്നു ഈ വിഷയത്തിൽ പ്രകാശ് രാജിന്റെ ആദ്യ പ്രതികരണം. താൻ ചിത്രത്തിന്റെ ഭാഗമായി തുടരുമെന്ന സൂചനയും അദ്ദേഹം നൽകി. ഇതിനുപിന്നാലെയാണ് അദ്ദേഹം സോഷ്യൽ മീഡിയാ കുറിപ്പ് പങ്കുവെച്ചത്.
ജോലി സമയത്തെച്ചൊല്ലി ദീപിക പദുക്കോൺ ചിത്രത്തിൽനിന്ന് പിന്മാറിയത് സിനിമാ മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ അലയൊലികൾ തീരുംമുമ്പേയാണ് പ്രകാശ് രാജും പിന്മാറിയെന്ന വാർത്ത പുറത്തുവന്നത്. ചില സമയങ്ങളിലെ പെരുമാറ്റത്തിൽ അതൃപ്തരായ അണിയറപ്രവർത്തകർ നടനെ ഒഴിവാക്കുകയായിരുന്നുവെന്നും അഭ്യൂഹമുണ്ടായിരുന്നു. ഇതാണിപ്പോൾ പ്രകാശ് രാജ് തള്ളിക്കളഞ്ഞിരിക്കുന്നത്.
Content Highlights: Prakash Raj Denies 'Spirit' Exit Rumors, Addresses 'Fake News' Speculation