ഇന്നുടുക്കാൻ വേണ്ടിമാത്രം അന്ന് പ്രഭാസ് സമ്മാനിച്ച സാരി മൂന്നുവർഷത്തോളം എടുത്തുവച്ചു- റിദ്ധി കുമാർ

#Movies Desk
റിദ്ധി കുമാർ, പ്രഭാസ്
റിദ്ധി കുമാർ, പ്രഭാസ്

നടൻ പ്രഭാസ് നായകനായ രാജാ സാബ് എന്ന ചിത്രം പുറത്തിറങ്ങാനൊരുങ്ങുകയാണ്. റിദ്ധി കുമാറും മാളവിക മോഹനും നിധി അഗർവാളുമാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിക്കിടെ നടി റിദ്ധി കുമാർ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കപ്പെടുകയാണിപ്പോൾ. പ്രഭാസിനേക്കുറിച്ച് റിദ്ധി പറഞ്ഞ കാര്യങ്ങൾ കൂട്ടിച്ചേർത്ത് ഇരുവരും പ്രണയത്തിലാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. 

രാജാസാബിലെ പ്രഭാസിന്റെ പ്രകടനത്തേക്കുറിച്ചും തനിക്ക് ചിത്രത്തിൽ അവസരം നൽകിയതിനേക്കുറിച്ചുമൊക്കെ പങ്കുവെച്ചതിനുശേഷമാണ് പ്രഭാസ് തനിക്ക് സാരി സമ്മാനിച്ചതിനേക്കുറിച്ച് റിദ്ധി പങ്കുവെച്ചത്. തന്നെ ഈ വേദിയിൽ നിൽക്കാൻ സഹായിച്ച എല്ലാവർക്കും നന്ദിപറയുന്നുവെന്നും പ്രഭാസിന് പ്രത്യേകം നന്ദിപറയുന്നുവെന്നും റിദ്ധി പറഞ്ഞു.

ആദ്യമായി പ്രഭാസിന് വളരെയധികം നന്ദി പറയുന്നു. ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത് നിങ്ങൾ കാരണമാണ്. നിങ്ങളാണ് ഈ ചിത്രത്തിലേക്ക് എന്നെയെടുത്തത്. നിങ്ങൾ നൽകിയ സാരിയാണ് ഞാനുടുത്തിരിക്കുന്നത്, ഇന്നുടുക്കാൻ വേണ്ടിമാത്രം അത് മൂന്നുവർഷത്തോളം എടുത്തുവച്ചു. നിങ്ങളെ എന്റെ ജീവിതത്തിൽ ലഭിച്ചതിൽ ഞാൻ കടപ്പെട്ടിരിക്കുന്നു- റിദ്ധി പറഞ്ഞു.

റിദ്ധിയുടെ പ്രസംഗം സാമൂഹികമാധ്യമത്തിൽ വൈറലായതിനുപിന്നാലെ നിരവധിപേർ ഇരുവരും പ്രണയത്തിലാണോയെന്ന സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. പ്രഭാസ് സാരി നൽകിയെന്നതുമാത്രമല്ല പ്രഭാസിനെ ജീവിതത്തിൽ കിട്ടിയതിൽ കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞതിലൂടെ പ്രണയത്തിലാണെന്നാവാം വ്യക്തമാക്കുന്നതെന്ന് ചിലർ കമന്റ് ചെയ്തു. പ്രഭാസിനെ വിവാഹം കഴിക്കാൻ പോകുന്നതുപോലെയാണ് റിദ്ധി പ്രസംഗിച്ചതെന്നും കമന്റുകളുയർന്നു.

അതിനിടെ പ്രഭാസിനെ പിന്തുണച്ച് ഇതുവെറും ഗോസിപ്പാണെന്ന് പങ്കുവെച്ചവരുമുണ്ട്. പ്രഭാസ് തന്റെ സഹതാരങ്ങൾക്ക് സമ്മാനങ്ങൾ കൊടുക്കുന്നതിനർഥം അവരുമായി പ്രണയത്തിലാണ് എന്നതല്ലെന്ന് ചിലർ പറഞ്ഞു. രാധേ ശ്യാം എന്ന ചിത്രത്തിൽ പ്രഭാസുമായി ഒന്നിച്ച് അഭിനയിച്ചതുകൊണ്ടാവാം സാരി സമ്മാനിച്ചതെന്നും ഇരുവരുടെയും സൗഹൃദത്തെ തെറ്റിദ്ധരിക്കരുതെന്നും കമന്റുകളുണ്ട്.

2022-ൽ പുറത്തിറങ്ങിയ രാധേ ശ്യാം എന്ന ചിത്രത്തിലാണ് പ്രഭാസും റിദ്ധിയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. മാരുതിയുടെ സംവിധാനത്തിൽ പ്രഭാസ് നായകനായെത്തുന്ന രാജാ സാബിൽ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

Content Highlights: Actress Riddhi Kumar`s emotional speech at `Raja Saab` event, mentioning a sari gift from Prabhas, has fueled dating rumors