ആരാധന അതിരുകടന്നു; പ്രഭാസ് ചിത്രത്തിനിടെ ആരതി, തിയേറ്ററിൽ തീപ്പിടിത്തം

#Movies Desk
'ദ രാജാസാബ്' പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ തീപ്പിടിത്തമുണ്ടായപ്പോള്‍ | Photo: Screen grab/ X: Siraj Noorani
'ദ രാജാസാബ്' പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ തീപ്പിടിത്തമുണ്ടായപ്പോള്‍ | Photo: Screen grab/ X: Siraj Noorani

ഒഡിഷയിൽ പ്രഭാസ് ആരാധകരുടെ ആഘോഷവും ആരാധനയും അതിരുകടന്നു. പ്രഭാസിന്റെ പുതിയ ചിത്രമായ 'ദ രാജാസാബ്' പ്രദർശനത്തിനിടെ തിയേറ്ററിൽ തീപ്പിടിത്തമുണ്ടായി. റായഗദ്ദ അശോക ടോക്കീസിലാണ് സംഭവം.

ആരതി ഉഴിയാനുള്ള താലവുമായിട്ടായിരുന്നു ആരാധകർ തിയേറ്ററിലെത്തിയത്. ചിത്രത്തിലെ പ്രഭാസിന്റെ എൻട്രിക്കിടെ ചെറുപടക്കങ്ങളും ആരാധകർ പൊട്ടിച്ചു. ഇതോടെയാണ് തിയേറ്ററിനുള്ളിൽ തീപ്പിടിത്തമുണ്ടായത്. ആരാധകർ തന്നെ ഇത് കെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

സ്‌ക്രീനിന്റെ തൊട്ടുമുമ്പിലാണ് തീപ്പിടിത്തമുണ്ടായത്. ഭയന്നുപോയ പ്രേക്ഷകർ പലരും തിയേറ്ററിനുള്ളിൽനിന്ന് ഓടി രക്ഷപ്പെടാനും ശ്രമിച്ചു. അതേസമയം, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രഭാസിന്റെ ഹൊറർ- ഫാന്റസി ചിത്രമായ 'ദ രാജാസാബ്' വെള്ളിയാഴ്ചയാണ് തിയേറ്ററിൽ പ്രദർശനത്തിനെത്തിയത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരും പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിൽ മാളവിക മോഹനൻ, നിധി അഗർവാൾ, റിദ്ധി കുമാർ എന്നിവരാണ് നായികമാർ.

Content Highlights: Fire breaks out inside cinema hall as Prabhas fans do aarti, burst crackers during The Raja Saab show