‘വിവാഹനിശ്ചയം കഴിഞ്ഞ് എട്ടുവർഷം, കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല’; തുറന്നുപറഞ്ഞ് നടി പൂജാ ബേദി

വിവാഹബന്ധത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി നടി പൂജ ബേദി. വിവാഹനിശ്ചയം കഴിഞ്ഞ് എട്ടു വർഷമായെങ്കിലും പങ്കാളി മാണിക് കോൺട്രാക്ടറെ ഇനി വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്ന് താരം വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൂജാ ബേദി തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.
പരമ്പരാഗതമായ വിവാഹ സങ്കൽപ്പങ്ങളിൽ മുൻപ് വിശ്വസിച്ചിരുന്നെങ്കിലും അനുഭവങ്ങൾ തന്റെ കാഴ്ചപ്പാടിൽ മാറ്റം വരുത്തിയതായി പൂജ പറഞ്ഞു. 'ഇന്ന് ഞാൻ മാണിക് കോൺട്രാക്ടറുമായി പ്രണയബന്ധത്തിലാണ്. എട്ടു വർഷമായി ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ട്. 'എപ്പോഴാണ് വിവാഹം?' എന്ന് ആളുകൾ വലിയ ആവേശത്തോടെ ചോദിക്കാറുണ്ട്. ഞാൻ ഇനി വിവാഹം കഴിക്കുന്നില്ല എന്നാണ് അതിന് നൽകുന്ന മറുപടി', പൂജ പറഞ്ഞു.
'ഒരാൾ നിങ്ങളുടെ വിരലിൽ മോതിരം അണിയിച്ച് 'എനിക്ക് നിങ്ങളെ വിവാഹം കഴിക്കണം' എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നതാണ് വിവാഹനിശ്ചയം. ഒരു പങ്കാളിയായും കാമുകനായും ഭർത്താവായും കുട്ടികളുടെ പിതാവായും ജീവിതകാലം മുഴുവൻ കൂടെയുണ്ടാകാൻ ആഗ്രഹിക്കുന്നു എന്ന ഉറപ്പുനൽകലാണ് അത്. ആ കമിറ്റ്‌മെന്റ് മാത്രം മതി', നടി അഭിപ്രായപ്പെട്ടു.
വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നത് സാമ്പത്തിക കാര്യങ്ങൾ കൂടുതൽ ലളിതമാക്കാൻ സഹായിക്കുമെന്നും പൂജ ചൂണ്ടിക്കാട്ടി. 'ഇത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. ഞാൻ ഒരുതവണ വിവാഹവും വിവാഹമോചനവും കഴിഞ്ഞ വ്യക്തിയാണ്. രണ്ടു മക്കളുമുണ്ട്. അദ്ദേഹത്തിന്റെയും വിവാഹവും വിവാഹമോചനവും കഴിഞ്ഞതാണ്, അദ്ദേഹത്തിനും മക്കളുണ്ട്. വിവാഹം കഴിക്കാതിരുന്നാൽ സ്വത്തുക്കളുടെ കാര്യങ്ങളിൽ പോലും പല സൗകര്യങ്ങളുമുണ്ട്. എന്റെ സ്വത്തുക്കൾ എന്റെ മക്കൾക്ക് ലഭിക്കും; അദ്ദേഹത്തിന്റെ സ്വത്തുക്കൾ അദ്ദേഹത്തിന്റെ മക്കൾക്കും. ഞാനും അദ്ദേഹവും സമ്പാദിക്കുന്നുണ്ട്, രണ്ടുപേരും സ്വതന്ത്രരുമാണ്. സുരക്ഷിതത്വത്തിനായി എനിക്ക് അദ്ദേഹത്തെയോ, സാമ്പത്തിക സുരക്ഷിതത്വത്തിനായി അദ്ദേഹത്തിന് എന്നെയോ ആശ്രയിക്കേണ്ടതില്ല', പൂജ വ്യക്തമാക്കി.
'ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പത്തിലാണ്. എന്റെ മക്കൾക്ക് അദ്ദേഹത്തെ ഇഷ്ടമാണ്, എനിക്ക് അദ്ദേഹത്തിന്റെ കുടുംബത്തെയും. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഞങ്ങൾ എന്നും ഒന്നിച്ചുതന്നെയാണ്', പൂജ കൂട്ടിച്ചേർത്തു.
2019-ലായിരുന്നു പൂജ ബേദിയും മാണിക് കോൺട്രാക്ടറും തമ്മിലെ വിവാഹനിശ്ചയം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹനിശ്ചയം.
ഫർഹാൻ ഫർണിച്ചർവാലയായിരുന്നു പൂജയുടെ മുൻ ഭർത്താവ്. 2003-ലാണ് ഇരുവരും വേർപിരിഞ്ഞത്. അലയ എഫ്, ഉമർ ഫർണിച്ചർവാല എന്നിവരാണ് ഇവരുടെ മക്കൾ.
Content Highlights: Bollywood actress Pooja Bedi revealed in a recent interview that she has no plans to formally marry her fiancé, Manek Contractor, despite being engaged to him for eight years. She stated that mutual commitment and emotional security matter more to her than a traditional marriage certificate or formal wedding ceremony. Having both experienced previous marriages and divorces with children from those relationships, she believes staying unmarried keeps financial matters much simpler and transparent. Pooja highlighted that financial independence allows both of them to safeguard their individual assets for their respective children without legal complications. She emphasized that both families share a warm bond, and they consider themselves fully committed partners for life without needing a marriage label.