ഇനി പുതിയ നിയോഗം, പെട്ടിമുടിദുരന്തം കടന്ന ‘കുവി’ ക്യാമറയ്ക്കു മുന്നിലേക്ക്

അജിത് മാധവനൊപ്പം കുവി, നജസ്സ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: മാതൃഭൂമി
അജിത് മാധവനൊപ്പം കുവി, നജസ്സ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: മാതൃഭൂമി

ചേർത്തല: പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീരോർമ്മകളുമായി കുവി എന്ന നാടൻനായ ക്യാമറയ്ക്കു മുന്നിലേക്ക്. ദുരന്തമുണ്ടായി ദിവസങ്ങൾക്കുശേഷം തന്റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ പോലീസിനു വഴിയൊരുക്കിയതിലൂടെയാണു കുവി ശ്രദ്ധ നേടിയത്. 60 പേർ മരിച്ച ദുരന്തംനടന്ന്‌ മൂന്നുവർഷം പിന്നിടുമ്പോഴാണു കുവിക്കു പുതിയ നിയോഗം.

ശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നജസ്സ് എന്ന സിനിമയിലാണു കുവിയുടെ മുഴുനീളവേഷം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി. 12 ദിവസത്തെ ചിത്രീകരണം ഞായറാഴ്ച കോഴിക്കോട്ടു തുടങ്ങും. സിനിമയ്ക്കായി നാളുകളായി കുവി പരിശീലനത്തിലാണ്.

ദുരന്തത്തിനുശേഷം 2021 മുതൽ കുവി ചേർത്തലയിലാണ്. പോലീസ് സേനയിൽ നായപരിശീലകനായ അജിത് മാധവനാണു ചേർത്തലയിലെത്തിച്ച്‌ സംരക്ഷിക്കുന്നത്. നടുവേദനയെത്തുടർന്ന് അജിത് ഇപ്പോൾ അവധിയിലാണ്. അതിനിടയിലാണു കുവിക്കു സിനിമയിൽ അവസരം കിട്ടിയത്.

ചികിത്സയ്ക്കിടയിലും അജിത് അഭിനയത്തിനായി കുവിയെ പരിശീലിപ്പിച്ചു. കുവിയെത്തേടി കൂടുതൽ അവസരങ്ങൾ എത്തുന്നുണ്ടെന്ന് അജിത് പറയുന്നു. ഒപ്പം, കുവിയുടെ കഥ സിനിമയാക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്.

Content Highlights: pettimudi dog kuvi to act in malayalam movie, pettimudi landslide