‘അമരനി’ലെ സായ് പല്ലവിയുടെ മൊബൈൽ നമ്പർ: 1.10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി

ചെന്നൈ: ‘അമരൻ’ സിനിമയിൽ മൊബൈൽ നമ്പർ ഉപയോഗിച്ചതിലൂടെ തനിക്കുണ്ടായ മാനസികസംഘർഷത്തിന് 1.10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എൻജിനിയറിങ് വിദ്യാർഥിയുടെ ഹർജി.
ചെന്നൈ ആൽവാർപ്പേട്ടിലുള്ള വാഗീശ്വരനാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അമരൻ സിനിമയിൽ നായിക സായ് പല്ലവിയുടെ മൊബൈൽ നമ്പരായി ഉപയോഗിച്ചിരിക്കുന്നത് തന്റെ നമ്പരാണെന്ന് വാഗീശ്വരൻ അവകാശപ്പെട്ടു.
സിനിമയിൽ തന്റെ മൊബൈൽനമ്പർ കാട്ടിയതോടെ വിദേശരാജ്യങ്ങളിൽനിന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നും ആയിരക്കണക്കിനുപേരാണ് വിളിക്കുന്നതെന്നും ഇതിനാൽ വിശ്രമിക്കാനോ പഠിക്കാനോ കഴിയുന്നില്ലെന്നും വാഗീശ്വരൻ ഹർജിയിൽ വ്യക്തമാക്കി.
'തനിക്ക് ഇത്രയേറെ മാനസികസംഘർഷമുണ്ടാക്കിയതിന് കാരണക്കാർ ചിത്രത്തിന്റെ നിർമാതാവും സംവിധായകനുമാണ്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും തെറ്റുതിരുത്താൻ തയ്യാറായില്ല. നഷ്ടപരിഹാരം ആവശ്യപ്പെട്ട് അവർക്ക് നോട്ടീസയച്ചിട്ടും ഫോൺകോളുകൾ വന്നുകൊണ്ടിരിക്കുന്നു. 1.10 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടണം', ഹർജിയിൽ ആവശ്യപ്പെട്ടു.
Content Highlights: Petition seeking compensation of Rs 1.10 crore for Mobile number of Sai Pallavi in Amaran movie