ജന‘നായ‘കൻ തിയറ്ററിൽ; പെണ്ണും പൊറാട്ടും പ്രേക്ഷക - നിരൂപക ശ്രദ്ധ നേടുന്നു.

നടനെന്ന നിലയിൽ ശ്രദ്ധേയനായ രാജേഷ് മാധവൻ, ആദ്യമായി സംവിധാനം ചെയ്ത സിനിമ എന്ന വിശേഷണത്തോടെയാണ് പെണ്ണും പൊറാട്ടും പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ ജന‘നായ‘കൻ എന്ന പേരിൽ പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്റർ വൈറലായിരിക്കുകയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രമായി വന്ന സുട്ടു എന്ന നായയുടെ മുഖം വെച്ച പോസ്റ്റർ ആണിപ്പോൾ വൈറൽ ആയിരിക്കുന്നത്.
പട്ടട ഗ്രാമത്തിലെ കുമാർ എന്ന ചെറുപ്പക്കാരൻ മൂലമുണ്ടാകുന്ന ചില ഗുരുതര പ്രശ്നങ്ങളും, സമാന്തരമായി ജീവിതക്കാലം മുഴുവൻ ചങ്ങലയിൽ കഴിഞ്ഞ സുട്ടു എന്ന നായയുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് പെണ്ണും പൊറാട്ടും പറഞ്ഞു പോകുന്നത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞോടുന്നത്.
പാലക്കാട് ജില്ലയിലെ പട്ടട എന്ന സാങ്കൽപ്പിക ഗ്രാമത്തെ പശ്ചാത്തലമാക്കി, മനുഷ്യരും മൃഗങ്ങളും ഒരുപോലെ അനുഭവിക്കുന്ന അനീതികളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സ്വന്തം ഇച്ഛയ്ക്കെതിരെ വിവാഹത്തിന് നിർബന്ധിക്കപ്പെടുന്ന ചാരുലതയും, പേപ്പട്ടി എന്ന് മുദ്രകുത്തി ഗ്രാമത്തിന്റെ ക്രൂരതയ്ക്ക് ഇരയാകുന്ന സുട്ടു എന്ന നായയും പ്രധാന കഥാപാത്രങ്ങളായി വരുമ്പോൾ ചെറിയ ചെറിയ വിഷയങ്ങൾ എങ്ങനെ വലിയ സാമൂഹിക സംഘർഷങ്ങളായി മാറുന്നു, വ്യക്തികളിലേക്കും മൃഗങ്ങളിലേക്കും സമൂഹം എങ്ങനെ അധിനിവേശം നടത്തുന്ന തുടങ്ങിയ കാര്യങ്ങളെല്ലാം സിനിമ കൃത്യമായി പറഞ്ഞുവയ്ക്കുന്നു.
മനുഷ്യകേന്ദ്രീകൃതമായ മുൻകഥകളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ സുട്ടു എന്ന നായയിലൂടെയാണ് കഥ വികസിക്കുന്നത്. മനുഷ്യർ നടത്തുന്ന അക്രമങ്ങൾക്കും അനീതികൾക്കും എതിരായ മൗനപ്രതിഷേധമായി സുട്ടു മാറുമ്പോൾ സംസാരിക്കാനാവാത്ത ഏതൊരു ജീവിക്ക് പോലും സമൂഹത്തേക്കാൾ കൂടുതൽ നൈതികബോധവുമുള്ളതായി മാറാൻ സാധിക്കുമെന്നാണ് സിനിമ വെളിപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെയാണ്, സിനിമ കഴിഞ്ഞാലും പട്ടട എന്ന ഗ്രാമവും, അവിടുത്തെ മനുഷ്യരും, മൃഗങ്ങളും, അവരുടെ ചിന്താഗതികളും ഒന്നും നമ്മെ വിട്ടുപോകാതെ മനസ്സിൽ നിൽക്കുന്നതും.
ചിത്രത്തിൽ ഒരൊറ്റ സൂപ്പർതാരം പോലുമില്ലാഞ്ഞിട്ടും അതൊരിടത്തു പോലും കുറവായി തോന്നുന്നില്ല. അവിടെ താരം എന്ന ആശയത്തെ തന്നെ സിനിമ തള്ളികളയുന്നുമുണ്ട്. ചിത്രത്തിൽ അഭിനയിച്ച നൂറിലേറെ പുതുമുഖങ്ങളും പട്ടട എന്ന ഗ്രാമത്തിന്റെ ഭാഗമായിത്തന്നെ അഭിനയിച്ചു ഫലിപ്പിച്ചു എന്ന് മാത്രമല്ല സുട്ടുവായി വന്ന നായ നോട്ടങ്ങളും ചലനങ്ങളും കൊണ്ട് പ്രേക്ഷകരെ ശക്തമായി സ്പർശിക്കുന്നു. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകരിൽ നിന്ന് സുട്ടുവിന് മികച്ച പ്രതികരണം ലഭിക്കുന്നതതും.
സബിൻ ഊരാളിക്കണ്ടിയുടെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിംഗും ഡോൺ വിൻസെന്റ് ഒരുക്കിയ സംഗീതവും പെണ്ണും പൊറാട്ടും സിനിമയുടെ മാറ്റ് കൂട്ടുന്നു. മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ പുതുമകൾ അവതരിപ്പിച്ച നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയുടെ എസ് ടി കെ ഫ്രെയിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. എസ് ടി കെ ഫ്രെയിംസും ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്ന ബാനർ കൂട്ടുകെട്ടിൽ സന്തോഷ് ടി കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവർ ചേർന്നാണ് ‘പെണ്ണും പൊറാട്ടും’ സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
Content Highlights: Discover `Pennum Porattum`, the Malayalam film making waves for its unique narrative centered on a dog`s life and societal injustice. Directed by Rajesh Madhavan.