അമ്മയായതിന് പിന്നാലെ വണ്ണംവെച്ചു; ‘എന്തുപറ്റി’യെന്ന് സോഷ്യൽമീഡിയ, രൂക്ഷമായി പ്രതികരിച്ച് നടി

സാമൂഹികമാധ്യമത്തിലെ അധിക്ഷേപസ്വഭാവമുള്ള ക്യാപ്ഷനുകൾക്കെതിരേ ആഞ്ഞടിച്ച് നടി പത്രലേഖ. ഭർത്താവ് രാജ്കുമാർ റാവുവിനൊപ്പമുള്ള ദൃശ്യത്തിന് 'ഇവർക്കിതെന്തുപറ്റി?' എന്ന ക്യാപ്ഷൻ നൽകിയതിനെതിരേയാണ് നടി രൂക്ഷവിമർശനം ഉന്നയിച്ചത്. അടുത്തിടെ അമ്മയായ നടിയിലുണ്ടായ ശാരീരികമാറ്റങ്ങൾ ആരോഗ്യപ്രശ്‌നമാണെന്ന ധ്വനിയോടെ ക്യാപ്ഷൻ നൽകിയതാണ് രോഷത്തിനിടയാക്കിയത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് നടിയുടെ പ്രതികരണം. 'പാപ് പേജുകളേ, എനിക്കെന്തുപറ്റി?!. ഞാൻ ഒരു കുഞ്ഞിന് ജന്മം നൽകിയെന്നേയുള്ളൂ. ശരിയാണ് ഞാൻ വണ്ണംവെച്ചു. നിങ്ങൾക്കത് അസ്വാഭാവികമായി തോന്നുന്നു. ഞാനിരുന്ന് ഒരു മലയൊന്നും വിഴുങ്ങിയിട്ടില്ല. ഒരു കുഞ്ഞിനെ പ്രസവിച്ചു, രണ്ടു ചിത്രങ്ങൾ നിർമിച്ചു. ഒരേസമയം രണ്ടും കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല', അവർ കുറിച്ചു.
'എനിക്ക് കഴിയുമായിരുന്നെങ്കിൽ, ഞാൻ ഇങ്ങനെയാവില്ലായിരുന്നു. പക്ഷേ, ഗർഭധാരണത്തോട് എന്റെ ശരീരം പ്രതികരിച്ചത് അങ്ങനെയാണ്. ദൈവത്തെയോർത്ത് ദയവായി അല്പം കരുണകാണിക്കാൻ പഠിക്കൂ', പത്രലേഖ കൂട്ടിച്ചേർത്തു.
'ഐസി 814: ദ കാണ്ഡഹാർ ഹൈജാക്ക്', 'വൈൽഡ് വൈൽഡ് പഞ്ചാബ്', 'സിറ്റി ലൈറ്റ്‌സ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് പത്രലേഖ. സാമൂഹിക പരിഷ്‌കർത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രി ഭായ് ഫൂലെ എന്നിവരുടെ ജീവിതകഥ പറയുന്ന, 'ഫൂലെ' എന്ന ചിത്രത്തിലെ അഭിനയത്തിന് നടി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. സാവിത്രി ഭായ് ഫൂലെയുടെ വേഷമാണ് ചിത്രത്തിൽ പത്രലേഖ കൈകാര്യംചെയ്തത്.
നടൻ രാജ്കുമാർ റാവുവാണ് പത്രലേഖയുടെ ജീവിതപങ്കാളി. 2014-ൽ സിറ്റി ലൈറ്റ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം 2021 ഒക്ടോബറിലാണ് രാജ്കുമാറും പത്രലേഖയും വിവാഹിതരായത്. 2025 നവംബറിലാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. രാജ്കുമാർ റാവുവിന്റെ അമ്മയുടെ ഓർമയ്ക്കായി പാർവതി പോൾ റാവു എന്നാണ് കുഞ്ഞിന് പേരുനൽകിയത്.
Content Highlights: Patralekhaa addresses derogatory social media comments regarding her post-pregnancy weight gain. The actress emphasizes the reality of motherhood and the challenges of balancing career and recovery. A call for empathy and kindness towards women's bodies post-childbirth. Highlighting the actress's recent professional achievements and personal milestones