ന്യൂജനായി വന്ന് ജീവിച്ച് ന്യൂജനായി യാത്ര പറഞ്ഞ പ്രതിഭ

നാല് പതിറ്റാണ്ടുകള്‍ക്ക് അപ്പുറമാണ് പ്രതാപ് പോത്തനെ ആദ്യമായി കാണുന്നത്. ഭരതന്‍ സര്‍ സംവിധാനം ചെയ്ത ചാമരം എന്ന സിനിമയുടെ സെറ്റില്‍ അദ്ദേഹം ജോണ്‍പോള്‍ സാറിന്റെ തൂലികയില്‍ വിരിഞ്ഞ വിനോദായി വേഷമിട്ടപ്പോള്‍. ജോണ്‍പോള്‍ സാര്‍ ആണ് പരിചയപ്പെടുത്തിയത്. മദ്രാസ് എലൈറ്റ് പ്‌ളെയേഴ്സ്സില്‍ നൂതന ആശയം കണ്ടെത്തി വെസ്റ്റേണ്‍ കള്‍ച്ചറില്‍ പ്രതാപ് പോത്തന്‍ ഡ്രാമ അവതരിപ്പിച്ച് വന്നപ്പോള്‍ ആ ഒരു നൂതന ആശയവും വേറിട്ട അഭിനയ സമീപനത്തിലും ആകൃഷ്ടനായി ഭരതന്‍ എന്ന മഹാ ചലച്ചിത്ര സംവിധായകന്‍.
അദ്ദേഹം തന്റെ ആരവമെന്ന മഹത്തരമായ സിനിമയിലെ കൊക്കരക്കോ അണ്ണനായി പ്രതാപ് പോത്തനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ തകരയിലെ തകരയായും ഈ പ്രതിഭയെ വളരെ ഈസിയായി മാറ്റുകയായിരുന്നു ഭരതന്‍ എന്ന മഹാപ്രതിഭ.
പ്രതാപ് പോത്തന്‍ എന്ന പ്രതിഭയെ തലമുറ ഗ്യാപ്പുകള്‍ക്ക് ഒരിക്കലും മറികടക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അദ്ദേഹം ജീവിക്കുന്ന ആ ഒരു തലമുറയുടെ ചിന്തകള്‍ക്ക് മുമ്പേ അദ്ദേഹത്തിന്റെ ചിന്താഗതികള്‍ സഞ്ചരിക്കുമായിരുന്നു.
ചുരുക്കി പറഞ്ഞാല്‍ ഒരുതരം ഫ്രീക്ക് ലൈഫായിരുന്നു പ്രതാപ് പോത്തന്റേത്. സൈക്കോപ്പൊതി എന്ന ആശയം കാലങ്ങള്‍ക്ക് മുമ്പേ പല ചലച്ചിത്രകാരന്‍മ്മാരുടേയും മനസ്സില്‍ ഉദിക്കുവാന്‍ കാരണമായത് പ്രതാപ് പോത്തന്‍ എന്ന അഭിനയ പ്രതിഭയുടെ അഭിനയ മികവ് തന്നെ ആയിരുന്നു. സൈക്കോ കഥാപാത്രങ്ങളെക്കുറിച്ച് വെസ്റ്റേണ്‍ ഡ്രാമകളിലൂടെ അദ്ദേഹം സമഗ്ര പഠനം നടത്തിയിരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
പ്രതാപ് പോത്തന്‍ ഏത് കാലഘട്ടത്തേയും ലൈവ് ആര്‍ട്ടിസ്റ്റ് ആയിരുന്നു.ലോക ക്‌ളാസിക് സിനിമകളെക്കുറിച്ച് അദ്ദേഹത്തിന് നല്ല പാണ്ഡിത്യമുണ്ടായിരുന്നു. വളരെ അപൂര്‍വ്വം താരങ്ങള്‍ക്കേ അത്തരം കഴിവും അനുഗ്രഹങ്ങളും ലഭിക്കൂ.
പലകുറി അദ്ദേഹത്തെ കാണുകയും ഫോണിലൂടെയും മറ്റും സംസാരിച്ചിട്ടുണ്ട്. എന്താ ഈ ഊര്‍ജ്ജ്വസലതയുടെ രഹസ്യം എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഐഡന്റിയായ ആ ചിരിയോടെ പറഞ്ഞു. ആറ്റിറ്റിയൂഡ്..ആന്റ് ലൈവ് ടെന്റന്‍സി....
ക്ഷിപ്രകോപി ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും എനിക്ക് തോന്നിയിട്ടില്ല. ഋതുഭേദം,ഡെയ്‌സി,യാത്രാമൊഴി എന്നീ സിനിമകളില്‍ സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോഴും അദ്ദേഹം അവിടെയും തന്റെ ഒരു ഐഡന്റിറ്റി കാത്തു സൂക്ഷിക്കാന്‍ മറന്നില്ല.
കെ.ബാലചന്ദറിന്റെ വരുമയില്‍ നിറം ചുവപ്പ് എന്ന സിനിമയിലെ പ്രതാപ് പോത്തനെ ഇഷ്ടായിരുന്നു. അത് പോലെ മീണ്ടും ഒരു കാതല്‍ കഥൈ, കമലഹാസനോടൊപ്പം വെട്രിവിഴ ഇത്തരം സിനിമകളിലും തന്റേതായ ആ സമീപനത്താല്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലോറി തുടങ്ങി എത്രയെത്ര മലയാള സിനിമകളില്‍ പ്രതാപ് പോത്തന്‍ തിളങ്ങി. ആഷിക് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം എന്ന പുത്തന്‍ ആശയമടങ്ങിയ മനോഹരമായ സിനിമയില്‍ പുതു തലമുറ താരങ്ങള്‍ക്കൊപ്പം ഒരു ന്യൂജന്‍ കോണ്‍സെപ്റ്റ് ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ പ്രതാപ് പോത്തന് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. കാരണം അദ്ദേഹത്തിന്റെ ചിന്താഗതി അങ്ങിനെ ആയിരുന്നു.
ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍, പിന്നെ ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ സിനിമകളിലെ പ്രതാപ് പോത്തന്റെ അഭിനയം എടുത്തു പറയേണ്ടത് തന്നെയാണ്.
ഞാന്‍ അദ്ദേഹത്തെ അവസാനമായി കാണുന്നത് യുവനിര നിര്‍മ്മാതാക്കളില്‍ ശ്രദ്ധേയനും എന്റെ സഹോദര പുത്രനുമായ ആഷിഖ് ഉസ്മാന്റെ വിവാഹ ചടങ്ങില്‍ വെച്ചാണ്. അന്ന് ഞങ്ങള്‍ ധാരാളം സംസാരിച്ചു.
ന്യൂജനായി ചലച്ചിത്ര മേഖലയില്‍ വന്ന് ന്യൂജനായി വാഴ്ന്ന് ന്യൂജനായി യാത്ര പറഞ്ഞ പ്രതാപ് പോത്തന് എന്റെ ശതകോടി പ്രണാമം. ആത്മാവ് സ്വസ്ഥമായിരിക്കട്ടെ.
Content Highlights: Pathap Pothen Remembering Legendary actor, Prathap Pothen Films