സ്വന്തം സിനിമ റിലീസ് ചെയ്യാൻ സാധിക്കാത്ത നടന്റെ ഗുണ്ടകൾ ‘പരാശക്തി’യെ തകർക്കാൻ നോക്കുന്നു -സുധ കൊങ്കര

'പരാശക്തി' എന്ന സിനിമയ്‌ക്കെതിരെ നടൻ വിജയ്‌യുടെ ആരാധകർ നടത്തുന്ന സൈബർ ആക്രമണങ്ങളോടും ഭീഷണികളോടും പ്രതികരിച്ച് സംവിധായിക സുധ കൊങ്കര. വിജയ്‌യുടെ പേര് പറയാതെയാണ് സുധയുടെ വിമർശനം. പരാശക്തിക്ക് പേരില്ലാത്ത ഐഡികൾക്ക് പിന്നിലൊളിച്ച് അപവാദപ്രചരണം നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ഇത് എവിടെനിന്ന് ഉദ്ഭവിക്കുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും സുധ കൊങ്കര പറഞ്ഞു. വിജയ് നായകനാകുന്ന ജനനായകന്റെ എതിരാളിയായി പൊങ്കലിന് എത്തുമെന്ന് പറഞ്ഞിരുന്ന ചിത്രമാണ് പരാശക്തി. എന്നാൽ സെൻസർഷിപ്പ് പ്രശ്നം കാരണം ജനനായകൻ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.
1960-കളിൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ സമരത്തെക്കുറിച്ചുള്ള ചിത്രമാണ് പരാശക്തി. സിനിമയെയും അതിലെ അഭിനേതാക്കളെയും താഴ്ത്തിക്കെട്ടാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഹോളിവുഡ് റിപ്പോർട്ടർക്ക് നൽകിയ അഭിമുഖത്തിൽ സുധ കൊങ്കര ആരോപിച്ചു. വ്യാജ സോഷ്യൽ മീഡിയ ഐഡികൾക്ക് പിന്നിൽ ഒളിച്ചിരുന്നാണ് പലരും അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത്തരം ആക്രമണങ്ങൾ രാഷ്ട്രീയപരമായ കാരണങ്ങളാലല്ല. മറിച്ച് സ്വന്തം സിനിമ പുറത്തിറക്കാൻ കഴിയാത്ത സാഹചര്യത്തിലുള്ള ചില നടന്മാരുടെ ആരാധകരിൽ നിന്നാണ് ഉണ്ടാകുന്നതെന്നും അവർ തുറന്നടിച്ചു. തങ്ങൾ നിലവിൽ പോരാടിക്കൊണ്ടിരിക്കുന്നത് ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കും ഗുണ്ടായിസത്തിനും എതിരെയാണെന്നും സുധ വ്യക്തമാക്കി.
"സിനിമ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. നിങ്ങളുടെ സിനിമ സ്വയം സംസാരിച്ചാൽ മാത്രം പോരാ എന്ന് തോന്നുന്നു. പൊങ്കൽ വാരാന്ത്യത്തിൽ കൂടുതൽ പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പേരില്ലാത്ത ഐഡികൾക്ക് പിന്നിൽ ഒളിച്ച്, മോശം രീതിയിലുള്ള അപവാദ പ്രചാരണങ്ങളും മാനഹാനിയും നടക്കുന്നുണ്ട്. ഇതിനെ നമ്മൾ നേരിടേണ്ടതുണ്ട്. ഇത് എവിടെ നിന്ന് വരുന്നു എന്ന് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം - നിങ്ങൾക്ക് അത് എവിടെ നിന്ന് വരുന്നു എന്ന് അറിയാം. ഇത് അവരുടെ കഴിവുകേട് കാരണം റിലീസ് ചെയ്യാൻ കഴിയാതിരുന്ന ഒരു സിനിമയിലെ നടന്റെ ആരാധകരിൽ നിന്നാണ് വരുന്നത്. ഇതാണ് നമ്മൾ നേരിടുന്ന റൗഡീയിസവും ഗുണ്ടായിസവും," സുധയുടെ വാക്കുകൾ.
വിജയ് ആരാധകരുടെ എക്സ് ഹാൻഡിലുകളിൽ നിന്ന് വന്ന ഭീഷണി സന്ദേശങ്ങൾ ഇതിന് ഉദാഹരണമായി സുധ ചൂണ്ടിക്കാട്ടി. സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റിനേക്കാൾ പ്രാധാന്യം വിജയ് ആരാധകരോട് മാപ്പ് ചോദിച്ച് അവരിൽ നിന്ന് 'അപ്പോളജി സർട്ടിഫിക്കറ്റ്' വാങ്ങുന്നതിലാണെന്നായിരുന്നു ഒരു ആരാധകന്റെ പോസ്റ്റ്. വിജയ് ആരാധകർ ക്ഷമിച്ചാൽ മാത്രമേ ചിത്രം ഓടുകയുള്ളൂ എന്ന തരത്തിലുള്ള ഭീഷണികളും ഉയർന്നിരുന്നുവെന്നും അവർ വ്യക്തമാക്കി.
ശിവകാർത്തികേയൻ നായകനായ 'പരാശക്തി' ജനുവരി 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 'പരാശക്തി'യും പ്രതിസന്ധി നേരിട്ടിരുന്നു. നിശ്ചയിച്ച റിലീസ് തീയതിക്ക് ഒരു ദിവസം മുമ്പ് 25 മാറ്റങ്ങളോടെ, യു/എ സർട്ടിഫിക്കറ്റോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും, ചിത്രം ലാഭകരമാണെന്നാണ് നിർമാതാക്കൾ അവകാശപ്പെട്ടത്.
Content Highlights: Sudha Kongara Prasad addresses targeted attacks against her film Parasakthi, discussing fan rowdyism and the challenges of modern film marketing. Learn more about the film`s release and reception.