ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതി: പദ്മവിഭൂഷൺ ഏറ്റുവാങ്ങി ഹേമ മാലിനി, കണ്ണീരണിഞ്ഞ് അഹാന ഡിയോൾ

ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പദ്മവിഭൂഷൺ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു. ധർമേന്ദ്രയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യയും ബിജെപി എംപിയുമായ നടി ഹേമ മാലിനി പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ വയലിനിസ്റ്റ് എൻ. രാജവും പദ്മവിഭൂഷൺ ഏറ്റുവാങ്ങി.
ഹേമ മാലിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി ക്ഷണിച്ചപ്പോൾ സദസ്സിലുണ്ടായിരുന്ന മകൾ അഹാന ഡിയോൾ വികാരാധീനയായി. അന്തരിച്ച പരസ്യലോകത്തെ കുലപതി പിയൂഷ് പാണ്ഡെയ്ക്കുവേണ്ടി ഭാര്യ നീത ജോഷി പദ്മഭൂഷൺ ഏറ്റുവാങ്ങി.
131 പദ്മ പുരസ്‌കാരങ്ങളായിരുന്നു റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ചത്. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവരുൾപ്പെടെ അഞ്ചുപേർക്കാണ് പദ്മവിഭൂഷൺ പുരസ്‌കാരം. പദ്മവിഭൂഷണിന് അർഹരായ അഞ്ചിൽ മൂന്നുപേരും മലയാളികളാണ്. നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉൾപ്പെടെ 13 പേർക്കാണ് പദ്മഭൂഷൺ. 113 പത്മശ്രീ പുരസ്‌കാരങ്ങളും പ്രഖ്യാപിക്കപ്പെട്ടു.
ബുധനാഴ്ച നടന്ന ചടങ്ങിൽ രണ്ട് പദ്മവിഭൂഷൺ, ആറ് പദ്മഭൂഷൺ, 58 പദ്മശ്രീ ഉൾപ്പെടെ 66 പേർക്കാണ് രാഷ്ട്രപതി പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. മറ്റ് പുരസ്‌കാര ജേതാക്കൾക്ക് അടുത്ത റൗണ്ടിൽ സമ്മാനിക്കും.
നടൻ പ്രൊസൻജിത്ത് ചാറ്റർജി ഉൾപ്പെടെ പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവന്റെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന ചടങ്ങളിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെ പങ്കെടുത്തു.
Content Highlights: President Droupadi Murmu on Monday conferred the Padma Vibhushan on Bollywood actor Dharmendra posthumously and classical musician and violinist N Rajam at a Civil Investiture Ceremony at the Rashtrapati Bhavan here. As the name of Dharmendra's wife Hema Malini, a BJP MP, was announced to receive his award for his exceptional and distinguished service in the field of art, their daughter Ahana Deol, sitting in the audience, broke down in tears.