പി. സുശീലയ്ക്ക് തമിഴ്നാട് സർവകലാശാലാ ഡോക്ടറേറ്റ്

ഗായിക പി. സുശീലയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഡോക്ടറേറ്റ് സമ്മാനിക്കുന്നു | ഫോട്ടോ: ഇ പേപ്പർ
ഗായിക പി. സുശീലയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഡോക്ടറേറ്റ് സമ്മാനിക്കുന്നു | ഫോട്ടോ: ഇ പേപ്പർ

ചെന്നൈ: പിന്നണിഗായിക പി. സുശീലയ്ക്ക് തമിഴ്‌നാട് ഡോ. ജെ. ജയലളിത മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.

സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഡോക്ടറേറ്റ് സമ്മാനിച്ചു. കഴിഞ്ഞദിവസം അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എൻ. ശങ്കരയ്യയ്ക്ക് ഡോക്ടറേറ്റ് നൽകാനുള്ള മധുര കാമരാജ് സർവകലാശാലയുടെ തീരുമാനത്തിന് ചാൻസലറായ ഗവർണർ ആർ.എൻ. രവി അംഗീകാരം നൽകാതിരുന്നതിന്റെ പേരിലുള്ള വിവാദം തുടരുന്നതിനിടെയാണ് സുശീലയ്ക്ക് ഡോക്ടറേറ്റ് നൽകിയത്.

മധുര കാമരാജ് അടക്കം മറ്റ് സർവകലാശാലകളിൽ ഗവർണറാണ് ചാൻസലറെങ്കിൽ മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് സർവകലാശാലയിൽ ഈ പദവി മുഖ്യമന്ത്രിക്കാണ്.

അതിനാൽ ഗവർണറുടെ അനുമതിയില്ലാതെത്തന്നെ സുശീലയ്ക്ക് ഡോക്ടറേറ്റ് നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പി.എം. സുന്ദരത്തിനും ഡോക്ടറേറ്റ് നൽകി.

Content Highlights: singer p susheela news, p susheela recieved tamilnadu university honorary doctorate