ആറാംവയസ്സിൽ വീട്ടുജോലിക്കാരിക്കൊപ്പം വീട് വിട്ടുപോകാന്‍ ആഗ്രഹിച്ച സാക്കിര്‍ ഹുസൈന്‍; ആ സംഭവം ഇങ്ങനെ

കുട്ടിക്കാലം മുതലേ പിതാവിന്റെ പാതയില്‍ തബലയില്‍ താളംപിടിച്ചയാളായിരുന്നു ഉസ്താദ് സാക്കിര്‍ ഹുസൈന്‍. ചെറുപ്രായത്തിലെ തബലയില്‍ പരിശീലനം ആരംഭിച്ച അദ്ദേഹം അക്കാലത്തെ ഒരു രസകരമായ അനുഭവം ഒരു അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. നടിയും സംവിധായകയുമായ സിമി ഗരേവാളിന്റെ ചാറ്റ് ഷോയിലായിരുന്നു ആ സംഭവം സാക്കിര്‍ ഹുസൈന്‍ വെളിപ്പെടുത്തിയത്.
ആറുവയസ്സുള്ളപ്പോള്‍ താന്‍ വീട് വിട്ടുപോകാന്‍ ആലോചിച്ചിരുന്നതായാണ് സാക്കിര്‍ ഹുസൈന്‍ അന്ന് ചാറ്റ് ഷോയില്‍ പറഞ്ഞിരുന്നത്. തന്റെ സംഗീതപഠനത്തില്‍ അമ്മയ്ക്ക് വലിയ താത്പര്യമുണ്ടായിരുന്നില്ല. അമ്മയുടെ നിരുത്സാഹം വലിയ നിരാശയുണ്ടാക്കി. ഇതേത്തുടര്‍ന്നാണ് ആറാം വയസ്സില്‍ വീട് വിട്ടിറങ്ങാന്‍ ആലോചിച്ചതെന്നും സാക്കിര്‍ ഹുസൈന്‍ പറഞ്ഞു.
''തബലവായനയും മറ്റും നിര്‍ത്താന്‍ അമ്മ ശ്രമിക്കുന്നതില്‍ എനിക്ക് വലിയ നിരാശയായിരുന്നു. വീട്ടില്‍ കുട്ടികളെ പരിചരിക്കാനെത്തിയിരുന്ന സ്ത്രീകളിലൊരാളായിരുന്നു പുജാരന്‍. അവരോടൊപ്പം വീട് വിട്ടുപോകാനായിരുന്നു തന്റെ തീരുമാനം. വീട് വിട്ട് പോകാമെന്ന് അവരോട് പറയുകയുംചെയ്തു. അവര്‍ കുറച്ച് പാടുമായിരുന്നു. അതിനാല്‍, അവര്‍ പാടിയും ഞാന്‍ തബല വായിച്ചും ജീവിക്കാമെന്നും വീട്ടില്‍നിന്ന് ഓടിപ്പോകാമെന്നും അവരോട് പറഞ്ഞു'', സാക്കിര്‍ ഹുസൈന്‍ അന്നത്തെ സംഭവം ഓര്‍ത്തെടുത്തു.
വീട് വിട്ടുപോകാന്‍ സ്‌കൂള്‍ ബാഗില്‍ സാധനങ്ങളെല്ലാംവെച്ച് തയ്യാറെടുത്തിരുന്നതായും എന്നാല്‍, പിന്നീട് തീരുമാനം മാറ്റിയെന്നുമായിരുന്നു സാക്കിര്‍ ഹുസൈന്റെ വാക്കുകള്‍. വീട്ടിലെ ഭക്ഷണം ആലോചിച്ചാണോ വീട് വിട്ട് പോകാതിരുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് ഇങ്ങനെയായിരുന്നു സാക്കിര്‍ ഹുസൈന്റെ മറുപടി ''അത് ഭക്ഷണം മാത്രമായിരുന്നില്ല, അത് എങ്ങനെയും കഴിക്കാം. പക്ഷേ, എനിക്ക് ആവശ്യമുള്ള ഒന്ന് അവിടെയുണ്ടായിരുന്നു, എന്റെ അച്ഛന്‍, എന്റെ ഗുരു', സാക്കിര്‍ ഹുസൈന്‍ പറഞ്ഞു.
Content Highlights: ustad zakir hussain remembers when he plans to run away from his home