പ്രകാശനിലൂടെ തുടങ്ങിയ പത്ത് വർഷത്തെ സിനിമാ യാത്ര, നന്ദിയും സ്നേഹവും അറിയിച്ച് നിവിൻ

സിനിമയിലെ പത്ത് വർഷം നീണ്ട തന്റെ യാത്രയെക്കുറിച്ച് നടൻ നിവിൻ പോളി. 2010 ജൂലൈ 16 നാണ് നിവിൻ പോളിയടക്കം അഞ്ച് പുതുമുഖങ്ങളെ അണി നിരത്തി വിനീത് ശ്രീനിവാസൻ ഒരുക്കിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം പുറത്തിറങ്ങിയത്. തന്റെ യാത്രയിൽ കൂടെ നിന്ന, പിന്തുണച്ച ഓരോരുത്തരോടുമുള്ള സ്നേഹവും നന്ദിയും അറിയിച്ചുകൊണ്ടാണ് നിവിന്റെ പോസ്റ്റ്
"എന്റെ ആദ്യ ചിത്രം മലർവാടി ആർട്സ് ക്ലബ് തീയേറ്ററിലെത്തിയിട്ട് പത്ത് വർഷമാകുന്നു. ഞാൻ തിരിച്ചറിയുന്നതിന് മുമ്പേ തന്നെ എന്റെ സിനിമാ ജീവിതത്തിലെ മനോഹര ദിവസങ്ങൾ അവിടെ ആരംഭിച്ചു കഴിഞ്ഞിരുന്നു.കഴിഞ്ഞ് പോയ പത്ത് വർഷങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പല തരം വികാരങ്ങളിലൂടെ കടന്ന് പോയ യാത്ര. പ്രധാനമായും ഒരു നടനാവണമെന്നുള്ള ആഗ്രഹം ഉള്ളിലിട്ട് കൊണ്ടുള്ള യാത്ര.
ഓരോ വിജയത്തിന് പിന്നിലും പരാജയങ്ങളുണ്ട്. അത് കഴിഞ്ഞ പത്ത് വർഷമായി ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. ഒന്നോർക്കുക നിങ്ങൾ നിങ്ങളിൽ വിശ്വസിച്ച് കഷ്ടപ്പെടാൻ തയ്യാറായാൽ ലോകത്തുള്ള ഒന്നിനും നിങ്ങളെ തടയാനാകില്ല. എന്നെ ഇന്ന് കാണുന്ന ഞാനാക്കിയ ഒരുപാട് പേരുണ്ട്. എന്നെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന വിനീതിൽ തുടങ്ങുന്ന എന്റെ സംവിധായകർ, മാന്ത്രിക ദണ്ഡ് കയ്യിൽ തന്ന അൽഫോൺസ്, എന്നിൽ നിന്ന് മികച്ചത് പുറത്തുകൊണ്ടുവരാൻ ശ്രമിച്ച എല്ലാ ഓരോ സംവിധായകനും.
എന്നിൽ വിശ്വസിച്ച ഓരോ നിർമാതാവിനും. നിങ്ങൾ ഓരോരുത്തരോടും ഇന്ന് ഞാൻ നന്ദി പറയുകയാണ്. ഞാനേറെ ആഗ്രഹിച്ച സമയത്ത് കൂടെ നിന്ന റിന്നയോട്, എന്റെ ഉയർച്ചയിലും താഴ്ച്ചയിലും കൂടെ നിന്ന സുഹൃത്തുക്കളോട് , എന്നെ പിന്തുണച്ച സഹതാരങ്ങളോട്, ഞങ്ങളുടെ സ്വപ്നങ്ങൾ സത്യമാകാൻ നിരന്തരം പ്രയത്നിച്ച ക്രൂ അംഗങ്ങളോട്, ഈ പത്ത് വർഷവും എന്റെ സിനിമകൾ കണ്ട് നിങ്ങളുടെ അവസാനിക്കാത്ത സ്നേഹവും പിന്തുണയും നൽകിയ ആരാധകരോട്, നിങ്ങളാണ് എന്റെ കരുത്ത്. എനിക്ക് ലഭിച്ച ഏറ്റവും വലിയ സ്വത്ത്, എന്റെ യാത്രയുടെ മറ്റൊരു ഘട്ടത്തിലേക്ക് സന്തോഷത്തോടെ കടക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ മികച്ച,ചിത്രങ്ങൾ നൽകാനാണ് ഞാൻ ശ്രമിക്കുന്നത്. നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഓരോരുത്തരോടും നന്ദി പറയുന്നു. "
Content highlights : Nivin Pauly Complete ten years In Cinema, Thanks Fans And wellwishers
Content Highlights: