'രാമായണ'ത്തിന് ഓസ്കർ ലഭിക്കുമെന്ന പ്രവചനം, പിൻവലിച്ച് നിതീഷ് ഭരദ്വാജ്; 'നല്ലതുപറയാൻ ഒന്നുമില്ല'

നിതേഷ് തിവാരി സംവിധാനം ചെയ്ത രൺബീർ കപൂർ ചിത്രം 'രാമായണ' പ്രശംസ പിൻവലിക്കുന്നതായി നടൻ നിതീഷ് ഭരദ്വാജ്. സിനിമ കണ്ടതിനുശേഷം താൻ കടുത്ത നിരാശയിലാണെന്നും മുൻ നിലപാട് തിരുത്തുകയാണെന്നും വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തി. 'രാമായണ'യുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ, മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കർ ലഭിക്കുമെന്ന് താരം പ്രവചിച്ചിരുന്നു. ബി.ആർ. ചോപ്രയുടെ വിഖ്യാത സീരിയലായ 'മഹാഭാരത'ത്തിൽ ശ്രീകൃഷ്ണനായി വേഷമിട്ട് ശ്രദ്ധേയനായ താരമാണ് നിതീഷ് ഭരദ്വാജ്. മുൻ ബി.ജെ.പി. എം.പിയുമാണ് ഇദ്ദേഹം.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് നിതീഷ് ഭരദ്വാജ് ചിത്രത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. യഷ് അവതരിപ്പിച്ച രാവണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന രീതിയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. രാവണനെ ലിബറൽ, സാമൂഹിക നീതി പുലർത്തുന്ന ഭരണാധികാരിയായി ചിത്രീകരിച്ചതിലൂടെ രാമായണത്തിന്റെ ധാർമിക അടിത്തറയെയും അവതാര ലക്ഷ്യത്തെയും സിനിമ തകിടം മറിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
ചിത്രത്തെക്കുറിച്ചുള്ള തന്റെ മുൻ പോസ്റ്റ് പിൻവലിക്കുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സിനിമയെക്കുറിച്ച് നല്ലൊരു വാക്ക് പോലും പറയാൻ കഴിയില്ലെന്ന് കൂട്ടിച്ചേർത്തു. എത്ര വലിയ വി.എഫ്.എക്സ്. കാഴ്ചകൾക്കും രാമായണത്തിന്റെ ദാർശനിക തലത്തിനും ആത്മീയ മൂല്യങ്ങൾക്കും പകരമാകാൻ കഴിയില്ല. ഭാരതത്തിന്റെ സംസ്കാരത്തെയും ചരിത്രത്തെയും തെറ്റായി ചിത്രീകരിക്കുന്ന ഇത്തരം ഒരു സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിക്കാൻ യോഗ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ, ചിത്രത്തിന്റെ ട്രെയിലർ കണ്ടശേഷം നിതേഷ് തിവാരിയെയും വി.എഫ്.എക്സ്. മികവിനെയും ഹാൻസ് സിമ്മർ- എ.ആർ. റഹ്മാൻ സംഗീതത്തെയും പ്രശംസിച്ച് നിതീഷ് ഭരദ്വാജ് രംഗത്തെത്തിയിരുന്നു. സത്യജിത്ത് റേയ്ക്കും ശേഖർ കപൂറിനുംശേഷം ലോക സിനിമയ്ക്ക് ഭാരതം നൽകിയ സംഭാവനയാണ് നിതേഷ് തിവാരിയെന്നും 100 ശതമാനവും ചിത്രത്തിന് ഓസ്കർ ലഭിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രതികരണം.
നമിത് മൽഹോത്ര നിർമിച്ച 'രാമായണ'ത്തിൽ രൺബീർ കപൂറിന് പുറമേ സായ് പല്ലവി (സീത), യഷ് (രാവണൻ) എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. നവംബർ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 2028 ദീപാവലിക്ക് റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
Content Highlights: Veteran actor Nitish Bharadwaj retracted his earlier statement predicting an Oscar win for Nitesh Tiwari's 'Ramayana'. Following the film's release, Bharadwaj expressed severe disappointment with how the epic's spiritual values were handled. He specifically criticized the portrayal of Ravana (played by Yash) as a generous, socially just ruler, stating it dilutes the epic's core moral baseline. He asserted that grand VFX visuals cannot substitute for the philosophy and spiritual essence of the Ramayana. The multi-starrer featuring Ranbir Kapoor, Sai Pallavi, and Yash was released on November 5.