‘അന്ന് സംഭവിച്ചത് ദൗർഭാഗ്യകരം, വിശദമായി ഒരിക്കൽ സംസാരിക്കും’; ആരാധകരുടെ അതിക്രമത്തേക്കുറിച്ച് നിധി

തനിക്കുനേരെ ഷോപ്പിങ് മാളിൽവെച്ച് ആരാധകരുടെ അതിക്രമം നടന്ന സംഭവത്തിൽ പ്രതികരിച്ച് നടി നിധി അഗർവാൾ. അന്ന് നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് അവർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പ്രഭാസ് നായകനാകുന്ന ദി രാജാസാബ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനെത്തി മടങ്ങിപ്പോകുമ്പോഴാണ് നിധിയെ ആരാധകർ വളഞ്ഞത്. ഇത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
അന്ന് സംഭവിച്ചത് വളരെ ദൗർഭാഗ്യകരമായ കാര്യമാണെന്നും ഇതേക്കുറിച്ച് വിശദമായി സംസാരിക്കാൻ ശരിയായ സമയം കണ്ടെത്തുമെന്നും നിധി അഗർവാൾ പറഞ്ഞു. "ആ സംഭവത്തെക്കുറിച്ച് എനിക്ക് ഒരുപാട് പറയാനുണ്ട്. പക്ഷേ ശരിയായ സമയത്ത് സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം ഇത് വളരെ സെൻസിറ്റീവ് ആയ വിഷയമാണ്. ഞാൻ പറയുന്ന ഏത് കാര്യവും തെറ്റിദ്ധാരണകൾക്ക് ഇടയാക്കും. അതുകൊണ്ട് ഞാൻ സംസാരിക്കും. പക്ഷേ കുറച്ച് സമയത്തിനു ശേഷം മാത്രം," അവർ കൂട്ടിച്ചേർത്തു.
ഓഡിയോ ലോഞ്ച് ചടങ്ങിനുശേഷം പുറത്തുവന്ന നിധിയുടെ അരികിലേക്ക് ആരാധകർ ഇരച്ചെത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാരെപ്പോലും വകവെയ്ക്കാതെയാണ് ജനക്കൂട്ടം നിധിക്ക് അരികിലേക്കെത്തിയത്. ഏറെ പണിപ്പെട്ടാണ് അവർ കാറിൽ കയറിയത്. നടിയെ തൊടാനും വസ്ത്രം പിടിച്ചുവലിക്കാനുമെല്ലാം ആരാധകർ ശ്രമിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. നിധി അഗർവാളിനൊപ്പം നിന്നുള്ള ഫോട്ടോ എടുക്കാൻ ആരാധകർ കൂട്ടത്തോടെ വന്നതാണ് തിക്കിനും തിരക്കിനും കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. നാലുഭാഗത്തുനിന്നും ആരാധകർ വളഞ്ഞതോടെ നടി അവർക്കിടയിൽ പെട്ടുപോവുകയായിരുന്നു. സംഭവത്തിൽ കുകട്ട്പള്ളി ഹൗസിങ് ബോർഡ് പോലീസ് കേസെടുത്തിരുന്നു.
'കൽക്കി 2898 എ.ഡി'ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് രാജാസാബ്. സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. പ്രതി റോജു പണ്ഡഗെ, മഹാനുഭാവുഡു എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ രാജാ സാബ്'.
Content Highlights: Nidhhi Agerwal Breaks Silence on Unsettling Mall Mob Incident During Film Promotions