ജയിലറിന്റെ വിജയത്തിളക്കത്തിൽ നെൽസൻ, പുതിയ ചിത്രം അല്ലു അർജുനൊപ്പം? ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ട്

അല്ലു അർജുൻ, നെൽസൻ | photo: facebook/ allu arjun, nelson
അല്ലു അർജുൻ, നെൽസൻ | photo: facebook/ allu arjun, nelson

തമിഴ് സംവിധായകൻ നെൽസനും തെലുങ്ക് താരം അല്ലു അർജുനും ഒരുമിച്ച് ചിത്രം വരുന്നുവെന്ന് റിപ്പോർട്ടുകൾ. ജയിലറിന്റെ ആ​ഗോള വിജയത്തിന് പിന്നാലെ നെൽസന്റെ ​കരിയർ ​ഗ്രാഫ് ഉയർന്നിരുന്നു. അല്ലു അർജുന് നെൽസന്റെ സംവിധാനം ഇഷ്ടപ്പെട്ടുവെന്നും തുടർന്ന് ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു എന്നുമാണ് വിവരങ്ങൾ.

നെൽസൻ പറഞ്ഞ കഥ അല്ലു അർജുന് ഇഷ്ടപ്പെട്ടുവെന്നാണ് സൂചനകൾ. റിപ്പോർട്ടുകൾ ശരിയായാൽ പുഷ്പ 2 വിന് ശേഷം അല്ലു നായകനാകുന്ന ചിത്രമാകുമിത്. അഭ്യൂഹങ്ങൾ പുറത്തുവന്നത് മുതൽ ആവേശത്തിലായ ആരാധകർ ഔദ്യോ​ഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. 

ഒരു തമിഴ് സംവിധായകനൊപ്പം തമിഴ് സിനിമ ചെയ്യാൻ അല്ലു അർജുൻ ആ​ഗ്രഹിക്കുന്നതായാണ് വിവരങ്ങൾ. ഒരു വമ്പൻ ചിത്രം ചെയ്യാനായി അറ്റ്ലീയുമായി അല്ലു ചർച്ച നടത്തി വരികയാണെന്നും റിപ്പോർട്ടുകളുണ്ട്. തമിഴ് ഇൻഡസ്ട്രിയിലേക്കുള്ള വരവറിയിക്കാനുള്ള ഒരുക്കത്തിലാണ് താരം.

രജനികാന്ത് നായകനായ ജയിലർ ബോക്സോഫീസിൽ വമ്പൻ റെക്കോഡാണ് സൃഷ്ടിച്ചത്. 600 കോടിയിൽപ്പരം രൂപ ആ​ഗോളതലത്തിൽ സ്വന്തമാക്കാൻ ചിത്രത്തിനായി. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന രജനി ചിത്രമാണ് ജയിലർ. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച 'ജയിലർ' ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തിയത്. മോഹൻലാൽ രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ടായിരുന്നു. രജനിയുടെ 169-ാം ചിത്രം കൂടിയാണ് 'ജയിലർ'. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്. 

വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ജയിലർ'. തമന്ന, രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്‌റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. അനിരുദ്ധ് ആയിരുന്നു സംഗീതം.
 

Content Highlights: nelson in talks with allu arjun for a new movie says reports