'ആത്മാവിന്റെ സന്തോഷമാണ് മഴ'; സലിം കുമാറിനുമുന്നിൽ വിതുമ്പലോടെ നവ്യ

#മൂവി ഡെസ്ക്
നവ്യാ നായർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്\ മാതൃഭൂമി ന്യൂസ്
നവ്യാ നായർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്\ മാതൃഭൂമി ന്യൂസ്

അന്തരിച്ച നടൻ സലിം കുമാറിന് ആദരാഞ്ജലികളർപ്പിച്ച് നടി നവ്യാ നായർ. ഒരു സഹപ്രവർത്തകനെന്നതിലുപരി നമ്മളെ സന്തോഷിപ്പിക്കുകയും കൂടെ നിൽക്കുകയും ചെയ്ത സഹോദരനായിരുന്നു സലിം കുമാറെന്ന് അവർ പറഞ്ഞു. പറവൂർ ടൗൺഹാളിലെത്തി അന്ത്യോപചാരമർപ്പിച്ചശേഷം പ്രതികരിക്കുകയായിരുന്നു നവ്യ.

"ഹാസ്യനടനിൽനിന്ന് സ്വഭാവനടനിലേക്ക് മാറുകയും ദേശീയ പുരസ്കാരം നേടിക്കൊണ്ട് മലയാളികൾക്ക് മുഴുവൻ അഭിമാനമാകുകയും ചെയ്ത നമ്മുടെ എല്ലാവരുടേയും പ്രിയപ്പെട്ട സലീമേട്ടൻ നമ്മളെ വിട്ട് പിരിഞ്ഞു. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ സാധിച്ചു. ഒരുമിച്ച് യാത്രകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. അപ്പോൾ ഇങ്ങനെയൊരു വാർത്ത കേൾക്കുമ്പോൾ പഴയ ഓർമകളിലേക്ക് പോകുകയാണ്. ഒരുപാട് സങ്കടമുണ്ട്.

ഇങ്ങോട്ട് വരുന്ന വഴി നല്ല മഴയായിരുന്നു. ഞങ്ങളൊരുമിച്ച് അഭിനയിച്ച മഴത്തുള്ളിക്കിലുക്കം എന്ന ചിത്രത്തിലെ ഒരു വരിയാണ് അപ്പോൾ മനസിലേക്ക് വന്നത്. ആ സിനിമ അവസാനിക്കുമ്പോൾ ഒരു സംഭാഷമുണ്ട്. ആത്മാവിന്റെ സന്തോഷമാണ് മഴ എന്ന്. അതിങ്ങനെ മനസിൽ ആലോചിച്ചുപോയി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു." നവ്യാ നായരുടെ വാക്കുകൾ.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് സലിം കുമാറിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഹാസ്യകഥാപാത്രങ്ങളിലൂടെ കുടുകുടെ ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണീരണിയിക്കുകയും ചെയ്ത ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് വിടവാങ്ങുന്നത്. മിമിക്രി വേദികളിലൂടെ സിനിമാലോകത്തേക്കെത്തിയ സലിം കുമാർ ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ്.

Content Highlights: Acclaimed actress Navya Nair was completely overcome with emotion as she arrived at the Paravur Town Hall to pay her final tearful respects to the mortal remains of legendary actor Salim Kumar. Speaking to the press after offering her tributes, Navya remembered him not just as an iconic co-star, but as a fiercely protective brother who constantly brought joy into everyone's lives.