‘മികച്ച സൃഷ്ടികൾ പക്ഷപാതമില്ലാതെ അംഗീകരിക്കപ്പെടുന്നു’; ദേശീയ പുരസ്കാരത്തെക്കുറിച്ച് വിജയ് ഗാംഗുലി

72-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ 'സ്ത്രീ 2' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ 'ആജ് കി രാത്ത്' നൃത്തസംവിധാനം ചെയ്ത വിജയ് ഗാംഗുലി മികച്ച കൊറിയോഗ്രാഫർക്കുള്ള അംഗീകാരം സ്വന്തമാക്കി. പുരസ്‌കാരം തന്റെ കരിയറിലെ നാഴികക്കല്ല് മാത്രമല്ല, ബാല്യം മുതലുള്ള വലിയ സ്വപ്‌നത്തിന്റെ സാഫല്യം കൂടിയാണെന്ന് വിജയ് ഗാംഗുലി അഭിപ്രായപ്പെട്ടു. പുരസ്‌കാരപ്രഖ്യാപന സമയത്ത് താൻ തായ്‌ലൻഡിലായിരുന്നുവെന്നും, മണിക്കൂറുകൾക്ക് ശേഷമാണ് വാർത്തയറിഞ്ഞതെന്നും വിജയ് ഗാംഗുലി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
'തായ്‌ലൻഡിൽ റേഞ്ച് ഇല്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ. ഹോട്ടലിലെത്തി വൈഫൈ കണക്റ്റായതോടെ ഫോണിലേക്ക് അഭിനന്ദനപ്രവാഹമെത്തി. ഒടുവിൽ സഹോദരിയുടെ സന്ദേശം കണ്ടപ്പോഴാണ് അവാർഡ് ലഭിച്ച വിവരം അറിഞ്ഞത്. അല്പനേരം എന്ത് പറയണമെന്നറിയാതെ ഞാൻ സ്തംഭിച്ചുപോയി,' വിജയ് ഓർത്തെടുത്തു.
ഒരു സാങ്കേതിക പ്രവർത്തകന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് വിജയ് അഭിപ്രായപ്പെട്ടു. മികച്ച സൃഷ്ടികൾ പക്ഷപാതങ്ങളില്ലാതെ അംഗീകരിക്കപ്പെടുന്നു എന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ നേട്ടം വിജയ് മാതാപിതാക്കൾക്ക് സമർപ്പിച്ചു. 'ചെറുപ്പത്തിൽ തമാശയായി ഞാൻ അച്ഛനോട് പറയുമായിരുന്നു, അച്ഛന് രണ്ട് ദേശീയ പുരസ്‌കാരങ്ങളുണ്ട്, മൂന്നാമതൊന്ന് ഞാൻ വാങ്ങിത്തരുമെന്ന്. അന്ന് തമാശയായി പറഞ്ഞത് ഇന്ന് യാഥാർഥ്യമായിരിക്കുന്നു. പുരസ്‌കാരം അവർ രണ്ടുപേർക്കുമായി സമർപ്പിക്കുന്നു,' വിജയ് പറഞ്ഞു.
ബോളിവുഡിൽ ഒട്ടേറെ വിജയ ചിത്രങ്ങൾക്ക് നൃത്തസംവിധാനം നിർവഹിച്ച കൊറിയോഗ്രാഫറാണ് വിജയ് ഗാംഗുലി. സംവിധായകനും തിരക്കഥാകൃത്തുമായ അനിൽ ഗാംഗുലിയുടെ മകനാണ്. നടി രൂപാലി ഗാംഗുലി സഹോദരിയാണ്. ധുരന്ധർ, ഭൂൽ ഭുലയ്യ 3, സ്ത്രീ, അത്‌രംഗി രേ ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങൾക്ക് നൃത്തരംഗങ്ങളൊരുക്കി.
Content Highlights: Choreographer Vijay Ganguly bagged the Best Choreographer accolade at the 72nd National Film Awards for his hit track 'Aaj Ki Raat' in the movie Stree 2. He described the prestigious award as a major milestone in his career and the realization of a childhood dream. Vijay revealed that he learned about his big win hours later while in Thailand due to poor mobile network connectivity. Dedicated to his parents, this achievement fulfilled a lighthearted childhood promise he made to his father, renowned filmmaker Anil Ganguly. Expressing immense gratitude, Vijay emphasized that the National Award proves that quality work is recognized without bias in the industry