മമ്മൂട്ടി ഇപ്പോഴും നിത്യയൗവനം; പുരസ്കാരങ്ങളിൽ രാഷ്ട്രീയം കലർന്നിട്ടില്ല- ജൂറി ചെയർമാൻ ജയരാജ്

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇത്തവണ ഏറ്റവും കൂടുതൽ അഭിമാനിക്കാവുന്നത് മലയാളത്തിനാണെന്ന് ജൂറി ചെയർമാനും സംവിധായകനുമായ ജയരാജ്. മത്സരരംഗത്ത് മറ്റ് ഭാഷകളേക്കാൾ കൂടുതൽ മുന്നിൽ വന്നത് മലയാള സിനിമകളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശിയ പുരസ്കാര പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജ്.
മമ്മൂട്ടിയുടെ പ്രകടനം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം ഇപ്പോഴും നിത്യയൗവനമാണെന്നും ജയരാജ് വിശേഷിപ്പിച്ചു. ‘മികച്ച നടനുള്ള പുരസ്കാരം ഇത്തവണ പങ്കിടേണ്ടി വന്നുവെങ്കിലും മമ്മൂട്ടിയുടെ പ്രകടനം അതിൽ ഏറ്റവും മുന്നിലായിരുന്നു. ജൂറി അംഗങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു ‘ഭ്രമയുഗം’, അതിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയും സിനിമയുടെ മൂഡും ഏറെ ശ്രദ്ധിക്കപ്പെട്ടു.’- അദ്ദേഹം പറഞ്ഞു.
നവാഗതനായ ഫാസിൽ മുഹമ്മദ് ഒരുക്കിയ ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നണി ഗായികയായി വൈക്കം വിജയലക്ഷ്മിക്ക് ലഭിച്ച അംഗീകാരം മലയാളത്തിന് വലിയ നേട്ടമാണെന്നും, ശ്രേയ ഘോഷലുമായിട്ടായിരുന്നു അവർക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നതെന്നും ജയരാജ് വെളിപ്പെടുത്തി. മഞ്ഞുമ്മൽ ബോയ്സ് അവസാന ഘട്ടം വരെ വിവിധ വിഭാഗങ്ങളിൽ മത്സരരംഗത്തുണ്ടായിരുന്നു. സിനിമയെ സിനിമയായി മാത്രമാണ് ജൂറി കണ്ടതെന്നും പുരസ്കാര നിർണ്ണയത്തിൽ രാഷ്ട്രീയം കലർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: National Film Awards Jury Chairman Director Jayaraj highly praised Malayalam cinema's dominant performance at the awards, highlighting Mammootty's astonishing talent in Bramayugam and Vaikom Vijayalakshmi's tough competition to win the playback singer accolade.