ഏകതാപ്രതിമയ്ക്കു സമീപം പ്രത്യേക വേദി; ചലച്ചിത്ര അവാർഡ് വിതരണം ഇന്ന്, ഒരുങ്ങി ഏകതാനഗർ

ഏകതാനഗർ (ഗുജറാത്ത്): മുഖച്ഛായ മാറ്റിയ ഒരു മലയോരഗ്രാമം രാജ്യത്തെ മികച്ച ചലച്ചിത്ര പ്രതിഭകളെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ദേശീയ ചലച്ചിത്ര അവാർഡ് വിതരണം നർമദ ജില്ലയിൽ കെവാഡിയയിലെ ഏകതാനഗറിൽ ചൊവ്വാഴ്ച നടക്കും. മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിയുൾപ്പെടെയുള്ള താരങ്ങളാണ് 2024-ലെ പുരസ്കാരങ്ങൾക്ക് അർഹരായത്.
രാജ്യതലസ്ഥാനത്തിനുപുറത്ത് വിവിധ സംസ്ഥാനങ്ങളിൽ ഇനിമുതൽ അവാർഡ് ദാനം നടത്തുന്നതിന്റെ തുടക്കംകൂടിയാണ് ഇതെന്ന് വാർത്താവിതരണമന്ത്രാലയം അറിയിച്ചിരുന്നു. ഏകതാപ്രതിമയ്ക്കു സമീപം പ്രത്യേകമായി ഒരുക്കിയ പന്തലിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്.
മലയാളത്തിൽ നിന്ന് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, ഛായാഗ്രാഹകൻ ഷെഹനാദ് ജലാൽ, അനിമേഷൻ സംവിധായകൻ ജോഷി ബനഡിക്ട് എന്നിവർക്കും പുരസ്കാരങ്ങളുണ്ട്. കഥേതരവിഭാഗത്തിൽ ആനന്ദജ്യോതിയുടെ ‘ഭദ്രകാളിനാടകം’ പ്രത്യേക പരാമർശം നേടിയിരുന്നു. ‘ഫെമിനിച്ചി ഫാത്തിമ’യാണ് മികച്ച മലയാള സിനിമ. മലയാള സംവിധായകൻ ജയരാജ് അധ്യക്ഷനായ ജൂറിയാണ് മൂല്യനിർണയം നടത്തിയത്.
Content Highlights: The National Film Awards ceremony is set to take place today at Ekta Nagar near the Statue of Unity in Gujarat. President Droupadi Murmu will present the awards to the winners, including actor Mammootty. This marks the first time the ceremony is being hosted outside the national capital. Key Malayalam awardees include Vaikom Vijayalakshmi, Shehnad Jalal, and Joshi Benedict. 'Feminichi Fathima' was recognized as the best Malayalam film, with director Jayaraj heading the jury.