'ഗുജറാത്ത് എന്താ പാകിസ്താനിലാണോ?' ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദി മാറ്റിയതിൽ പരേഷ് റാവൽ

#മൂവി ഡെസ്ക്
പരേഷ് റാവൽ | ഫോട്ടോ: Getty Images
പരേഷ് റാവൽ | ഫോട്ടോ: Getty Images

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവാദിയയിൽ (ഏകതാ നഗർ) വെച്ച് നടക്കുകയാണ്. പരമ്പരാഗതമായി ഡൽഹിയിൽ വെച്ച് നടത്താറുള്ള ഈ ചടങ്ങ് ഗുജറാത്തിലേക്ക് മാറ്റിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരമായ പരേഷ് റാവൽ. ഈ തീരുമാനത്തിൽ യാതൊരു കുഴപ്പവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

വേദി മാറ്റത്തിനെതിരെ ഉയർന്ന വിമർശനങ്ങളെ പ്രമുഖ നടൻ പരേഷ് റാവൽ ശക്തമായി എതിർത്തു. ഗുജറാത്ത് പാകിസ്ഥാനിലോ ബംഗ്ലാദേശിലോ അല്ലെന്നും അത് ഇന്ത്യയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. "ഗുജറാത്ത് ബംഗ്ലാദേശിലോ പാകിസ്താനിലോ ആണോ? ഗുജറാത്ത് നമ്മുടെ രാജ്യത്തിന്റെ ഭാഗം തന്നെയാണ്. ഇങ്ങനെയൊരു ചടങ്ങ് തീർച്ചയായും ഗുജറാത്തിൽ നടക്കണം. രാഷ്ട്രീയം എന്നാൽ ചോദ്യങ്ങൾ ഉന്നയിക്കുക എന്നത് മാത്രമാണ്. ജനുവരി 26 ലെ പരേഡ് ഡൽഹിയിലല്ലേ നടക്കുന്നത്? അപ്പോൾ എല്ലാ ചടങ്ങുകളും എല്ലാ സംസ്ഥാനങ്ങളിലും നടക്കണം." പരേഷ് റാവലിന്റെ വാക്കുകൾ.

Also Read: മമ്മൂട്ടി ഇപ്പോഴും നിത്യയൗവനം; പുരസ്കാരങ്ങളിൽ രാഷ്ട്രീയം കലർന്നിട്ടില്ല- ജൂറി ചെയർമാൻ ജയരാജ്

രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. 1954-ൽ ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് ആദ്യത്തെ ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് നടന്നത്. അതിനുശേഷം ഭൂരിഭാഗം പതിപ്പുകളും തലസ്ഥാനത്തുതന്നെയാണ് സംഘടിപ്പിച്ചത്. എന്നാൽ 1971-ൽ 17-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം നടന്നത് ചെന്നൈയിൽ വെച്ചായിരുന്നു. ഇതിനുശേഷമാണ് ഇപ്പോൾ വീണ്ടും പുരസ്കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നത്. സർദാർ വല്ലഭായ് പട്ടേലിന്റെ ഓർമയ്ക്കായി നിർമിച്ച 597 അടി ഉയരമുള്ള സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കെവാദിയ.

Also Read: ദേശീയതലത്തിലും തിളങ്ങി 'ഫെമിനിച്ചി ഫാത്തിമ' അഭിമാനനിറവിൽ ഫാസിലും പൊന്നാനിയും

ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇങ്ങനെ:

‘ഭ്രമയുഗ’ത്തിലൂടെ നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കി. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനുമായി അദ്ദേഹം പുരസ്കാരം പങ്കുവെയ്ക്കുകയായിരുന്നു. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ‘അമരൻ’ ഒരുക്കിയ രാജ്കുമാർ പെരിയസാമിയാണ് സംവിധായകൻ. ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചു. ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാളചിത്രമായും ‘രായൻ’ തമിഴ് ചിത്രമായും ‘ശ്രീകാന്ത്’ ഹിന്ദി ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക. ‘പുഷ്പ 2’-ലൂടെ സുകുമാർ തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. വെങ്കി അറ്റ്ലൂരിയാണ് സംഭാഷണ രചയിതാവ്.

ഇക്കഴിഞ്ഞ ജൂലായ് 18-ാം തീയതി ഡൽഹിയിൽ നാഷണൽ മീഡിയ സെന്ററിൽ വാർത്താസമ്മേളനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകൻ ജയരാജായിരുന്നു ജൂറി ചെയർമാൻ. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.

Content Highlights: Actor Paresh Rawal strongly dismissed the political controversy surrounding the decision to hold the 72nd National Film Awards ceremony in Kevadia, Gujarat instead of its traditional venue in Delhi, questioning if Gujarat is outside India and advocating for national events to be hosted across various states.