മരണമേ തോൽക്കൂ, ഇത് ഞങ്ങളുടെ ‘കുഞ്ഞ്’; മനുവിന്റെ സിനിമ നെെന തിയേറ്ററുകളിലെത്തിക്കും

മനു ജെയിംസിനൊപ്പം നെെന ജിബി | PHOTO: SPECIAL ARRANGEMENTS
മനു ജെയിംസിനൊപ്പം നെെന ജിബി | PHOTO: SPECIAL ARRANGEMENTS

കൊച്ചി: ഐ.സി.യു.വിന്റെ മുന്നിലിരുന്ന് രാത്രി മുഴുവൻ കരയുകയായിരുന്നു നൈന. രാവിലെ ഡോക്ടറുടെ അരികിലെത്തി ആ മോഹം പറഞ്ഞു - ‘എനിക്ക് മനുവിന്റെ കുഞ്ഞിനെ വേണം. മനു ഈ ലോകത്തോട് വിട പറയുന്നതിനു മുൻപ്‌ ഡോക്ടർ അതിന് എന്നെ സഹായിക്കണം’. വീട്ടുകാർ എതിർത്തിട്ടും സ്വപ്നവുമായി നൈന മുന്നോട്ടു പോയി. ആശുപത്രിക്കിടക്കയിൽ മരണം കാത്തുകിടന്ന ഭർത്താവിൽനിന്ന് കൃത്രിമ ബീജധാരണത്തിലൂടെ ഒരു കുഞ്ഞിന് ജന്മമേകാനുള്ള നൈനയുടെ സ്വപ്നം. അത് സാക്ഷാത്കരിക്കാൻ ഡോക്ടർമാരും പരിശ്രമിച്ചു. എന്നാൽ, അതിനു മുൻപേ മനു ഈ ലോകം വിട്ടുപോയി. അതോടെ ഒറ്റയ്ക്കായിപ്പോയ നൈന ഇപ്പോൾ മറ്റൊരു ‘കുഞ്ഞി’ന്റെ പിറവിക്കായി പൊരുതുകയാണ്. അഞ്ചുവർഷത്തെ അധ്വാനത്തിലൂടെ മനു ഒരുക്കിയ സിനിമ പൂർത്തീകരിച്ച് തിയേറ്ററുകളിലെത്തിക്കണം. സിനിമയെപ്പറ്റി ഒന്നുമറിയാത്ത നൈന അതൊക്കെ പഠിച്ച് കൂട്ടുകാരുടെ സഹായത്തോടെ സിനിമ പൂർത്തീകരിച്ച് തിയേറ്ററുകളിലെത്തിക്കാനുള്ള കഠിന ശ്രമത്തിലാണ്.

സിനിമയെ തോൽപ്പിക്കുന്ന ജീവിതകഥയുമായാണ് നൈന ജിബി എന്ന യുവതി ജീവിതത്തോട് പൊരുതുന്നത്. എറണാകുളം കണ്ടനാട് സ്വദേശി നൈന അഞ്ചുവർഷം മുൻപാണ് കുറവിലങ്ങാട് സ്വദേശി മനു ജെയിംസിനെ വിവാഹം കഴിച്ചത്. എൻജിനിയറിങ് കഴിഞ്ഞ് സിനിമാ മോഹവുമായി പോയ മനു ഏതാനും സിനിമകളിൽ അസോസിയേറ്റായി പ്രവർത്തിച്ചു. പിന്നെയാണ് സ്വതന്ത്ര സംവിധായകനായി ആദ്യ സിനിമ ‘നാൻസി റാണി’ ഒരുക്കാൻ തുടങ്ങിയത്. മമ്മൂട്ടിയുടെ കടുത്ത ആരാധികയായ പെൺകുട്ടിയുടെ കഥ പറയുന്ന സിനിമയിൽ അഹാന കൃഷ്ണയാണ് നായിക. അർജുൻ അശോകൻ, ലാൽ, അജു വർഗീസ്, ഇന്ദ്രൻസ്, ലെന തുടങ്ങിയ താരങ്ങളൊക്കെയുള്ള സിനിമ പൂർത്തിയാകുന്നതിനു മുൻപാണ് കഴിഞ്ഞ ഫെബ്രുവരിയിൽ മനു മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിലാകുന്നത്.

‘‘മനു മരിക്കുകയാണെന്ന സത്യം തിരിച്ചറിഞ്ഞതോടെയാണ് ഞങ്ങളുടെ സ്വപ്നമായിരുന്ന ഒരു കുഞ്ഞിനെ കൃത്രിമ ബീജധാരണത്തിലൂടെയെങ്കിലും സ്വന്തമാക്കാനാകുമോയെന്ന് ആരാഞ്ഞത്. എന്നാൽ, മനുവിന്റെ മരണത്തിനു മുൻപ്‌ ആ സ്വപ്നത്തിലേക്ക് എത്താനായില്ല” - നൈനയുടെ വാക്കുകളിൽ സങ്കടം.

മനു മരിച്ചതോടെ ഒറ്റയ്ക്കായ നൈന പ്രിയപ്പെട്ടവന്റെ സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കണമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. എഡിറ്റിങ്ങും മിക്സിങ്ങുമൊക്കെ ചെയ്ത് രണ്ടോ മൂന്നോ മാസത്തിനുള്ളിൽ സിനിമ തിയേറ്ററിലെത്തിക്കാനാകുമെന്നാണ് നൈനയുടെ പ്രതീക്ഷ.

Content Highlights: nancy rani movie director manu james wife naina jiby to bring manu's movie into theatres