ബോധരഹിതനായി മുറിയിൽ കണ്ടെത്തി, 45 മിനിറ്റ് നീണ്ട ശ്രമം വിഫലമായി; വിടചൊല്ലി നാനാ പടേക്കർ

#ന്യൂസ് ഡെസ്ക്
നാനാ പടേക്കർ
നാനാ പടേക്കർ

ദോന പൗള (ഗോവ): അന്തരിച്ച നടൻ നാനാ പടേക്കറെ ബോധരഹിതനായി ഗോവയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ദോന പൗളയിലുള്ള വസതിയിൽ വ്യാഴാഴ്ച വെളുപ്പിനാണ് അദ്ദേഹത്തെ ബോധരഹിതനായി കണ്ടെത്തിയത്. ഉടൻതന്നെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ രക്ഷിക്കാൻ ഡോക്ടർമാർ 45 മിനിറ്റോളം പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർച്ചയായി 45 മിനിറ്റ് സി.പി.ആർ നൽകിയിട്ടും അദ്ദേഹത്തിന്റെ ജീവൻ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് മണിപ്പാൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖർ സാൽക്കർ വ്യക്തമാക്കി. പുലർച്ചെ 5:20-നാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ മെഡിക്കോ-ലീഗൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം നടത്തുമെന്നും ഡോക്ടർ അറിയിച്ചു. വിവരമറിഞ്ഞ് പുണെയിലായിരുന്ന അദ്ദേഹത്തിന്റെ മകൻ മൽഹാർ ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്.

1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലാണ് നാന പടേക്കർ ജനിച്ചത്. വിശ്വനാഥ് പടേക്കർ എന്നാണ് യഥാർഥ പേര്. 1978-ൽ പുറത്തിറങ്ങിയ 'ഗമൻ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 'സലാം ബോംബെ!', 'പരിന്ദ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന് 'പരിന്ദ'യിലെ അണ്ണാ സേത്ത് എന്ന കഥാപാത്രത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു.

'അംഗാർ', 'തിരംഗ', 'ക്രാന്തിവീർ', 'അഗ്നി സാക്ഷി', 'ഖാമോഷി: ദി മ്യൂസിക്കൽ', 'യശ്വന്ത്', 'അബ് തക് ഛപ്പൻ', 'അപഹരൺ', 'രാജ്‌നീതീ', 'വെൽക്കം' തുടങ്ങി നിരവധി പ്രശസ്ത ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. കലാരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 'പ്രഹാർ: ദി ഫൈനൽ അറ്റാക്ക്' എന്ന ചിത്രം സംവിധാനം ചെയ്തു. രജനികാന്തിനൊപ്പം 'കാല' എന്ന തമിഴ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'വൻവാസ്', 'ഹൗസ്ഫുൾ 5', 'ഓ റൊമീറ്റോ' എന്നിവയാണ് അടുത്ത കാലത്തായി ഇറങ്ങിയ ചിത്രങ്ങൾ.

Content Highlights: Renowned Bollywood actor Nana Patekar passed away at the age of 75., He suffered a fatal heart attack at his residence in Dona Paula, Goa., Doctors at Manipal Hospital attempted CPR for 45 minutes, but he could not be saved., He won the National Film Award for Best Supporting Actor for his role in 'Parinda'.