പത്മശ്രീ, മൂന്ന് ദേശീയ പുരസ്കാരങ്ങൾ; അവാർഡുകളുടെ നാനാ പടേക്കർ

അഭിനയജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് നാനാ പടേക്കർ. മൂന്ന് ദേശീയ പുരസ്കാരങ്ങൾ, നാല് ഫിലിം ഫെയർ പുരസ്കാരങ്ങൾ, പത്മശ്രീ എന്നിവ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
2013-ലാണ് നാനാ പടേക്കർക്ക് പത്മശ്രീ ലഭിച്ചത്. ചലച്ചിത്രരംഗത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചായിരുന്നു ഇത്.
മൂന്ന് തവണയാണ് നാനാ പടേക്കർക്ക് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചത്. 1989-ൽ പരീന്ദയിലൂടെയായിരുന്നു ആദ്യ പുരസ്കാരം. മികച്ച സഹനടനുള്ള പുരസ്കാരമായിരുന്നു ഇത്. 1996-ൽ അഗ്നിസാക്ഷിയിലൂടെ രണ്ടാമത്തെ തവണയും സഹനടനുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. 1994-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരവും നാനാ പടേക്കർ സ്വന്തമാക്കി, ക്രാന്തിവീർ എന്ന ചിത്രത്തിലൂടെ.
നാലുതവണയാണ് നാനാ പടേക്കർ ഫിലിം ഫെയർ പുരസ്കാരം സ്വന്തമാക്കിയത്. പരീന്ദയിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള പുരസ്കാരമായിരുന്നു ആദ്യത്തേത്. അങ്കാർ, അപഹരൺ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മികച്ച വില്ലൻ വേഷത്തിനും നാനാ പടേക്കറെ തേടി പിലിം ഫെയർ പുരസ്കാരമെത്തി. ക്രാന്തിവീറിലൂടെ മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരവും നാനാ പടേക്കർ നേടിയെടുത്തു.
ബോളിവുഡ് ചിത്രങ്ങൾ മാത്രമല്ല നാനാ പടേക്കറെ പുരസ്കാരങ്ങൾക്ക് അർഹനാക്കിയത്. നട്സാമ്രാട്ട് എന്ന മറാഠി ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം നേടിയിട്ടുണ്ട് അദ്ദേഹം. അബ് തക് ഛപ്പൻ എന്ന ചിത്രത്തിലൂടെ മഹാരാഷ്ട്ര സംസ്ഥാന പുരസ്കാരവും BFJA പുരസ്കാരവും നാനാ പടേക്കറെ തേടിയെത്തി.
Content Highlights: A detailed overview of veteran actor Nana Patekar's illustrious film career and major accolades, including three National Film Awards, four Filmfare Awards, and the Padma Shri for his outstanding contributions to Indian cinema.