മൾട്ടിപ്ലെക്സിൽ പോപ്കോണിനും ചായക്കും തീവില, പൂട്ടിടാൻവേണം പുതിയ നിയമം

കൊച്ചി: ‘സിനിമാ തിയേറ്ററിൽനിന്ന് ചായ വാങ്ങാൻ ലോൺ എടുക്കേണ്ട സ്ഥിതിയാണ്’ തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ അഭിപ്രായം വലിയ ചർച്ചയ്ക്കാണ് വഴിതുറന്നത്. പക്ഷേ, മൾട്ടിപ്ലെക്‌സ് അടക്കമുള്ള തിയേറ്ററുകളിൽ ചായയുടെയും പോപ്‌കോണിന്റെയുമൊക്കെ വില നിയന്ത്രിക്കണമെങ്കിൽ നിയമ നിർമാണം തന്നെവേണം. പാക്ക് ചെയ്തു വിൽക്കുന്ന ഭക്ഷണങ്ങളുടെ വില നിയന്ത്രിക്കാനേ ലീഗൽ മെട്രോളജി ചട്ടംവഴി കഴിയൂ എന്നതാണു പ്രശ്നം.
80 ഗ്രാം പോപ്‌കോണിന് 295 രൂപ മുതൽ മുകളിലേക്കാണ് ചില തിയേറ്ററുകളിലെ വില. ശീതളപാനീയം, ചായ, കാപ്പി എന്നിവയ്ക്കുമൊക്കെ ഇതുപോലെ തീവില നൽകണം. ഇതു നിയന്ത്രിക്കുന്ന നിയമം ഇല്ലാത്തതിനാൽ നടപടി സ്വീകരിക്കാൻ പരിമിതിയുണ്ടെന്ന് ഹൈക്കോടതി അഭിഭാഷകൻ ജസ്റ്റിൻ മാത്യു ചൂണ്ടിക്കാട്ടി. കേരള ഹോട്ടൽ ഫുഡ് പ്രൈസ് റെഗുലേഷൻ ബിൽ പോലുള്ള നിർദേശം മുൻപ് ഉയർന്നുവന്നെങ്കിലും തീരുമാനമായില്ല.
വിലക്കാൻ നിയമംവേണമെന്ന് സുപ്രീംകോടതിയും
ജമ്മുകശ്മീരിൽ തിയേറ്ററുകളിൽ പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരുന്നത് വിലക്കിയതു തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരേ തിയേറ്റർ ഉടമ 2023-ൽ സുപ്രീംകോടതിയിൽ എത്തിയിരുന്നു. ഭക്ഷണസാധനങ്ങൾക്ക് ഉയർന്ന വില ഈടാക്കുന്നത് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി വിധി.
എന്നാൽ തിയേറ്റർ സ്വകാര്യസ്വത്താണെന്നും സിനിമാപ്രദർശനത്തോടൊപ്പം വ്യാപാരംനടത്താനും പുറത്തുനിന്നുള്ള ഭക്ഷണംവിലക്കാനും ഉടമയ്ക്കു കഴിയുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നിയമപരമായ നിയന്ത്രണം ഇല്ലാത്ത സാഹചര്യത്തിൽ ഇത്തരം വിഷയത്തിൽ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു.
വെള്ളംകിട്ടിയത് ഉപഭോക്തൃകോടതി ഇടപെടലിലൂടെ
മൾട്ടിപ്ലെക്‌സ് തിയേറ്ററുകളിൽ കുടിവെള്ളലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്നാണ് തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിയത്.
ടിക്കറ്റ് നിരക്കിൽ പഠനം
ടിക്കറ്റ് നിരക്കിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന വിഷയം പഠിക്കാൻ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ അധ്യക്ഷനായ കമ്മിറ്റിക്ക് കഴിഞ്ഞവർഷം ജൂലായിൽ രൂപംനൽകിയിരുന്നു. ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല.
ഇടപെടാൻ പരിമിതി
ഇടപെടുന്നതിൽ പരിമിതിയുണ്ട്. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം. അതിനനുസരിച്ചാണോ വിൽക്കുന്നത് എന്നേ പരിശോധിക്കാൻ കഴിയൂ. കുടിവെള്ളം കൊണ്ടുപോകാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണ് -അനൂപ് ജേക്കബ്, ഭക്ഷ്യമന്ത്രി
Content Highlights: High prices for food and beverages in multiplex theaters have sparked discussions, with legal regulation needed to control prices.