‘കുറിവരച്ചാലും കുരിശുവരച്ചാലും...’; സൈജു കുറുപ്പ് നായകനായ ‘മൗനം’ 15 വർഷത്തിനുശേഷം വീണ്ടുമെത്തുന്നു

#കെ.കെ. ശ്രീരാജ്
'മൗനം' സിനിമയുടെ പഴയ പോസ്റ്റര്‍, സംവിധായകന്‍ സുരേഷ് മച്ചാട് ഒറ്റമുറി വീടിന് മുന്നില്‍
'മൗനം' സിനിമയുടെ പഴയ പോസ്റ്റര്‍, സംവിധായകന്‍ സുരേഷ് മച്ചാട് ഒറ്റമുറി വീടിന് മുന്നില്‍

തൃശ്ശൂർ: ‘കുറിവരച്ചാലും കുരിശുവരച്ചാലും...’ എന്ന പാട്ടുകേൾക്കാത്ത മലയാളിയുണ്ടാവില്ല. മതനിരപേക്ഷതയുടെ കൊടിയടയാളങ്ങളിലൊന്നായി ഈ പാട്ടുമാറിയപ്പോഴും നിയമക്കുരുക്കിലകപ്പെട്ട് ഇരുട്ടിൽവീണുപോയ ‘മൗനം’ സിനിമ 15 വർഷത്തിനുശേഷം വീണ്ടും പ്രദർശനത്തിനെത്തുന്നു. സിനിമയ്ക്കുവേണ്ടി വീട് നഷ്ടപ്പെടുത്തിയ ശേഷം അതിനടുത്തുള്ള ഒറ്റമുറിയിലിരുന്ന് സംവിധായകൻ സുരേഷ് മച്ചാട് നടത്തിയ ശ്രമമാണ് ഫലം കാണുന്നത്. ഏറ്റവും ഒടുവിൽ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഹൈക്കോടതിവിധിയിലും മൗനത്തിലെ കുറിവരച്ചാലും എന്ന പാട്ട് പരാമർശിച്ചിരുന്നു.

ഫിലിമിൽ 2011-ൽ ചിത്രീകരിച്ച സിനിമ രണ്ടാംവരവിനായി ഡിജിറ്റിലാക്കിക്കഴിഞ്ഞു. ഇതിനുള്ള പത്തുലക്ഷത്തോളം രൂപ മുടക്കാൻ സിയോൺ ഷാജു എന്ന വ്യക്തി തയ്യാറായതോടെയാണ് മൗനത്തിന് പുതുവഴിയൊരുങ്ങിയത്. യേശുദാസിന്റെ പ്രിയഗാനത്തിന്റെ വരികളും ഈണവും എം.ഡി. രാജേന്ദ്രന്റേതാണ്. മാടമ്പ് കുഞ്ഞുകുട്ടന്റെ 'കോളനി' എന്ന നോവലിനെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരുന്നത്.

സൈജു കുറുപ്പാണ് നായകവേഷത്തിലെത്തിയത്. തിലകൻ, മാടമ്പ്, മുല്ലനേഴി, ഇന്നസെന്റ്, സലിംകുമാർ, ശിവജി ഗുരുവായൂർ തുടങ്ങി വൻതാരനിരയും ഇതിലുണ്ട്. 2009-ൽ ഷൂട്ടിങ് തുടങ്ങുന്ന സമയത്തേ പാട്ടിന്റെ ഓഡിയോ പുറത്തിറക്കിയിരുന്നു. അതിനാൽ പാട്ട് സിനിമയുടെ ഗതി നോക്കാതെ വളർന്നു പന്തലിച്ചു. നിയമക്കുരുക്ക് അവസാനിച്ച് സിനിമ സുരേഷിന്റെ കൈയിലെത്തിയത് 2021-ൽ മാത്രമാണ്.

70 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഈ സിനിമ പൂർത്തിയാക്കിയത്. ഇതിൽ 40 ലക്ഷം ബാങ്ക് വായ്പയായിരുന്നു. 30 ലക്ഷം സുരേഷിന്റെ വ്യക്തിപരമായ കടവും. ഈ കടം കുരുക്കായപ്പോൾ സിനിമയുടെ സർവ അവകാശവും മറ്റൊരാൾക്ക് എഴുതിക്കൊടുക്കേണ്ടി വന്നു. ബാങ്ക് വായ്പയിൽ 53 സെന്റിൽ 4000 ചതുരശ്ര അടിയുള്ള മോഹവീട് ജപ്തിയായി. ഈ വീടിനോടു ചേർന്ന അറ്റാച്ച് രേഖയിൽപ്പെടാത്ത അരസെന്റിന് താഴെ സ്ഥലത്തുള്ള ഒറ്റമുറിയിലാണ് സുരേഷ് ഇപ്പോൾ താമസിക്കുന്നത്. ഈ മുറിയിലിരുന്നാണ് തന്റെ ആദ്യസിനിമാശ്രമത്തിന് പുതുജീവൻ നൽകാൻ സുരേഷ് പോരാടിയത്.

Content Highlights: Director Suresh Machad has revived his 2011 celluloid movie Mounam for a digital release after 15 years. Starring Saiju Kurup, the film overcame extreme financial crises and bank foreclosure with support from Zeon Shaju.