‘മോളിവുഡ് ടൈംസി’ലെ ആ കഥാപാത്രങ്ങൾ ആര്?, രണ്ടാം പകുതി വലിച്ചുനീട്ടിയോ? മറുപടിയുമായി സംവിധായകൻ

അടുത്തിടെ പുറത്തിറങ്ങിയ നസ്ലിൻ നായകനായ ചിത്രം 'മോളിവുഡ് ടൈംസു'മായി ബന്ധപ്പെട്ട് ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി സംവിധായകൻ അഭിനവ് സുന്ദർ നായക്. ചിത്രത്തിലെ പല കഥാപാത്രങ്ങളും യഥാർഥ സിനിമാ പ്രവർത്തകരാണെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ ചർച്ചകൾ നടന്നിരുന്നു. ഇതുൾപ്പെടെ ആരാധകരുടെ ചോദ്യങ്ങൾക്കാണ് അഭിനവ് ഇൻസ്റ്റഗ്രാമിൽ മറുപടി നൽകിയിരിക്കുന്നത്. അൽത്താഫ് സലിം അവതരിപ്പിച്ച സുനിൽ ഏട്ടൻ എന്ന കഥാപാത്രം യഥാർഥ ജീവിതത്തിൽ ആരാണെന്നും സംവിധായകൻ വെളിപ്പെടുത്തി. രണ്ടാം പകുതിയിലെ ചിത്രത്തിന്റെ പോരായ്മകൾ അദ്ദേഹം തുറന്നുസമ്മതിച്ചു.
'മോളിവുഡ് ടൈംസുമായി ബന്ധപ്പെട്ട് ഓൺലൈനിൽ പ്രചരിക്കുന്ന ഗൂഢാലോചനാസിദ്ധാന്തങ്ങളിൽ വാസ്തവമുണ്ടോ?', എന്നായിരുന്നു സംവിധായകനോടുള്ള ഒരു ചോദ്യം. ഇല്ല എന്നായിരുന്നു ഇതിന് ഒറ്റവാക്കിൽ മറുപടി. തുടർന്ന് അഭിനവ് തന്റെ ഭാഗം വിശദീകരിച്ചു.
'ആര് ആരാണെന്ന് കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം, കഥാപാത്രങ്ങളിലൂടെ ഞാൻ പറയാൻ ശ്രമിച്ച കാര്യങ്ങൾ എല്ലാവരും ചർച്ച ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. കഥ പൂർണ്ണമായും ഭാവനയിൽനിന്നുള്ളതാണെന്നും കഥാപാത്രങ്ങൾ ഞാനും രാമുവും ഞങ്ങളുടെ ജീവിതത്തിൽ കണ്ടുമുട്ടിയ ആളുകളുടെ മിശ്രണമാണെന്നും ഞാൻ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്റെ ജീവിതാനുഭവങ്ങൾ ചിത്രത്തിൽ ചേർത്തിട്ടുണ്ടെന്നത് സത്യമാണ്. എന്നാൽ അവയിലേറെയും ഭാവന കലർത്തിയാണ് ചെയ്തത്. പ്രേക്ഷകർക്ക് അത് വേർതിരിച്ച് ഒരു നിഗമനത്തിലേക്ക് എത്താൻ സാധിക്കില്ല. ആരെയെങ്കിലും തുറന്നുകാട്ടുക എന്നതായിരുന്നു എന്റെ ഉദ്ദേശമെങ്കിൽ, ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടാൽ മതിയായിരുന്നു. ചില അപ്രിയസത്യങ്ങളെക്കുറിച്ച് പറയുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. അതിൽ കൂടുതലൊന്നുമില്ല', സംവിധായകൻ വ്യക്തമാക്കി.
'ഒ.ടി.ടി. റിലീസിന് പിന്നാലെ വലിയ വിഭാഗം ആളുകൾക്ക് ചിത്രം ഇഷ്ടമായെന്ന് അറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. എന്നും പറയുന്നതുപോലെ ഈ ചിത്രം എനിക്ക് പ്രിയപ്പെട്ടതാണ്, ഇങ്ങനെയൊരു അവസരത്തിന് ഞാനെന്നും കടപ്പെട്ടിരിക്കും', അഭിനവ് കുറിച്ചു.
ചിത്രത്തിൽ അൽത്താഫ് സലിം അവതരിപ്പിച്ച കഥാപാത്രത്തിന് റഫറൻസ് ആരായിരുന്നു എന്ന ചോദ്യത്തിന് പിന്നാലെ സംവിധായകൻ മറുപടി നൽകി. തന്റെ മരിച്ചുപോയ അമ്മാവനിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആ കഥാപാത്രത്തെ ഒരുക്കിയതെന്നായിരുന്നു മറുപടി.
'എന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ചെലവിട്ട വയനാട്ടിലെ കൽപ്പറ്റയിൽ വാടകയ്ക്ക് കാസറ്റും സി.ഡിയും നൽകുന്ന കടയെ അടിസ്ഥാനമാക്കിയാണ് സുനിൽ വീഡിയോസ്. വീട്ടിൽ വലിയ ഓഡിയോ/ വീഡിയോ ലൈബ്രറിയുണ്ടായിരുന്ന, മരിച്ചുപോയ എന്റെ സുനിൽ അമ്മാവനുള്ള ആദരമാണ് സുനിൽ ഏട്ടന്റെ കഥാപാത്രം. അദ്ദേഹമാണ് പിന്നീട് ഡിവിഡികളും ബ്ലൂറേകളും ശേഖരിക്കാൻ എന്നെ പ്രചോദിപ്പിച്ചത്', അഭിനവ് വ്യക്തമാക്കി.
ചിത്രത്തിന്റെ രണ്ടാംപകുതി വലിച്ചുനീട്ടിയതായി തോന്നിയോ?, എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. 'അതേ, എന്റെ തെറ്റ്. അടുത്ത പടത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കും', സംവിധായകൻ മറുപടി നൽകി.
നസ്ലിനെ കേന്ദ്രകഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് ഒരുക്കിയ സിനിമയാണ് മോളിവുഡ് ടൈംസ്. സിനിമാ മോഹിയുടെ സ്വപ്‌നങ്ങളും വിജയങ്ങളും അതിന് പിന്നിലെ പ്രതിസന്ധികളും ഉയർച്ചതാഴ്ചകളും പറയുന്ന ചിത്രമാണ് 'മോളിവുഡ് ടൈംസ്'.
'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്ലിനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്സാണ്ടർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അൽത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബേസിൽ ജോസഫും വിനീത് ശ്രീനിവാസനും അതിഥി താരങ്ങളായി എത്തി.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ രചിച്ചത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്തത് വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം ജേക്സ് ബിജോയ്‌യും, എഡിറ്റിങ് നിധിൻ രാജ് അരോളും സംവിധായകനും ചേർന്ന് നിർവഹിച്ചു.
Content Highlights: Director Abhinav Sundar Nayak recently addressed various fan queries and online theories regarding his Naslen-starrer film 'Mollywood Times' via Instagram. He debunked fan theories about character inspirations, clarifying that the roles are purely fictional amalgamations of different people he and co-writer Ramu Sunil met in real life. Abhinav revealed that Althaf Salim's character, 'Sunil Ettan,' was created as a heartfelt tribute to his late uncle who operated a cassette and CD rental shop in Kalpetta. Demonstrating candid self-awareness, the director openly admitted to audience criticisms that the film's second half felt dragged out and promised to be more careful in his next project. Produced by Ashiq Usman Productions, 'Mollywood Times' is a film about cinema aspirations featuring an ensemble cast including Sangeeth Prathap, Sharafudheen, Jagadish, with cameo appearances by Basil Joseph and Vineeth Sreenivasan