മണിച്ചിത്രത്താഴിലൂടെ പ്രചോദിപ്പിച്ച 'ഡോ.സണ്ണി' ചെറുചിരിയോടെ കൺമുന്നിൽ, വിശ്വസിക്കാനാവാതെ ഡോ. ജെമി

ചിങ്ങവനം സെയ്ന്റ് ജോര്‍ജ് തീയറ്ററില്‍ തുടങ്ങി, ചിത്തരോഗ ചികിത്സയുടെ സങ്കീര്‍ണമായ മേഖലകളിലൂടെ സഞ്ചരിച്ച് വല്ലാത്തൊരു വികാരവായ്‌പോടെ നില്കുകയായിരുന്നു ഡോ.ജെമി കുര്യാക്കോസ് അപ്പോള്‍. അപൂര്‍വമായ ഒരു ആരാധകജീവിതത്തിന്റെ അഗ്നി ആ കണ്ണുകളില്‍ ജ്വലിക്കുന്നത് മോഹന്‍ലാല്‍ കണ്ടു. ലാല്‍ ചോദിച്ചു: 'എന്തുകൊണ്ടാണ് ഒരാള്‍ ഇങ്ങനെയൊക്കെയായിത്തീരുന്നത് എന്നതിന് എന്താണ് വൈദ്യശാസ്ത്രത്തിന്റെ ഉത്തരം?' ഡോ.ജെമി പറഞ്ഞു:'ബാല്യകൗമാരങ്ങളില്‍ നോക്കിനില്കാന്‍ ആരെയെങ്കിലുമൊക്കെ വേണം മനുഷ്യമനസ്സിന്...'
തന്റെ ജീവിതത്തെ നിര്‍ണയിച്ച കഥാപാത്രത്തിന് ഉടലായി മാറിയ നടനുമുന്നിലായിരുന്നു ഡോക്ടര്‍ അപ്പോള്‍. മുപ്പതുവര്‍ഷം മുമ്പ് സ്വന്തം തിയേറ്ററില്‍ നിന്ന് മണിച്ചിത്രത്താഴിന്റെ റിലീസ് ദിവസത്തെ മൂന്ന് ഷോയും കണ്ടിറങ്ങിയ പാതിരായില്‍ തുടങ്ങിയ ഒരു പതിനേഴുകാരന്റെ സ്വപ്നയാത്രയുടെ അവസാനം. 'മണിച്ചിത്രത്താഴി'ല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ.സണ്ണിയുടെ പിന്നാലെ അയാളെപ്പോലെയാകാനുള്ള മോഹവുമായി സഞ്ചരിച്ച് ഒടുവില്‍ ജര്‍മനിയിലെ പ്രശസ്തനായ മനോരോഗചികിത്സകനായിത്തീര്‍ന്ന ഡോ.ജെമി കുര്യാക്കോസിന്റെ കഥ കഴിഞ്ഞ ദിവസം 'മാതൃഭൂമി'യിലൂടെയാണ് ലോകമറിഞ്ഞത്. വാര്‍ത്ത വായിച്ച ലാല്‍ ഡോ.ജെമിയെ കാണാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച കൊച്ചിയിലെ ലാലിന്റെ ഫ്‌ളാറ്റില്‍ നമ്പൂതിരി വരച്ച സൗന്ദര്യലഹരിച്ചിത്രത്തിന്റെ കടുത്ത ചായക്കൂട്ടുകള്‍ക്ക് അരികിലിരുന്ന് അവര്‍ സംസാരിച്ചു. ഭാഷ സൗഹൃദത്തിന്റേതായിരുന്നു. സണ്ണിയെപ്പോലെ മനസ്സുകളുടെ മിടിപ്പറിയുന്നയാളാകാന്‍ തീരുമാനിച്ച കഥയുടെ വിശദാംശങ്ങള്‍ മുതല്‍ ജര്‍മനിയിലെ സിനിമാക്കാഴ്ചകളുടെ വിശേഷങ്ങള്‍ വരെ രണ്ടുമണിക്കൂറിലധികം നീണ്ട സംഭാഷണത്തില്‍ ലാല്‍ ചോദിച്ചറിഞ്ഞു. ഏറെക്കാലമായി കാത്തിരുന്ന നിമിഷത്തിന്റെ അവിശ്വസനീയതയിലും ഉത്കണ്ഠയിലും ആദ്യം വാക്കുകളിടറിപ്പോയ ജെമി പിന്നീടുള്ള നേരം തന്റെ പ്രിയപ്പെട്ട താരത്തിന്റെ ഹൃദ്യമായ ഇടപഴകലില്‍ വാചാലനായി. 'ഞാന്‍ എന്തുവിളിക്കണമെന്നായിരുന്നു' ഡോ.ജെമിയുടെ ആദ്യ ചോദ്യം. 'സംശയെമെന്തിന്..ലാലേട്ടാ എന്നുതന്നെ...'-മോഹന്‍ലാല്‍ പറഞ്ഞു.
തന്റെ ജീവിതയാത്രയെ അതിശയവും അസാധാരണത്വവും നിറഞ്ഞ നീണ്ടവാക്യങ്ങളിലൂടെ ഡോ.ജെമി അവതരിപ്പിച്ചപ്പോള്‍ 'മണിച്ചിത്രത്താഴി'ന്റെ ക്ലൈമാക്‌സിലെ നകുലനെപ്പോലെയൊരു കേള്‍വിക്കാരന്‍ മാത്രമാകുകയായിരുന്നു ലാല്‍. സംസാരം സിനിമകളിലേക്ക് കടന്നതോടെ താളവട്ടത്തിലെ മനോരോഗി പിന്നീട് ഡോ.സണ്ണിയെന്നുപേരില്‍ ഒന്നിലധികം സൈക്യാട്രിസ്റ്റുകളെ അവതരിപ്പിച്ചതിന്റെ കൗതുകക്കൂട്ടിലേക്ക് ലാലും ചേക്കേറി.
ഏതോ ഒരു നിമിഷത്തില്‍ ഡോ.ജെമി ചോദിച്ചു: 'ഡോ.സണ്ണിയെ അവതരിപ്പിക്കുമ്പോള്‍ ലാലേട്ടന്‍ ഏതെങ്കിലും സൈക്യാട്രിസ്റ്റുകളെ മാതൃകയാക്കിയിരുന്നോ?' 'മണിച്ചിത്രത്താഴി'ല്‍ എവിടെയൊക്കെയോ മിന്നിക്കണ്ട ചിരിയുടെ അകമ്പടിയിലും പതിവ് ലജ്ജയിലും ലാല്‍ പറഞ്ഞു: 'ഏയ് ഇല്ല..ഏതോ ഒരു ശക്തി എന്നെക്കൊണ്ടു ചെയ്യിച്ചതാകാം. അദൃശ്യമായൊരു അനുഗ്രഹം.'
മണിച്ചിത്രത്താഴിന്റെ പോസ്റ്റര്‍ ഒരുക്കിയ സാബുകൊളോണിയയെക്കൊണ്ട് പ്രത്യേകം തയ്യാറാക്കിച്ച രണ്ട് വലിയ പോസ്റ്ററുകള്‍ പിന്നെ ഡോ.ജെമി ലാലിന് മുന്നില്‍ നിവര്‍ത്തിവച്ചു. അതിന്റെ താഴെയുള്ള തിലകന്റെയും പപ്പുവിന്റെയും കെ.പി.എ.സി ലളിതയുടെയുമൊക്കെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ലാല്‍ ഒരുനിമിഷം ഏതൊക്കയോ ഓര്‍മകളിലേക്ക് പോയി. 'നോക്കൂ..ഇവരാരും ഇപ്പോള്‍ നമ്മുടെ കൂടെയില്ല..' പിന്നെ ആ രണ്ടു പോസ്റ്ററിലും സ്‌നേഹത്തിന്റെ കൈയൊപ്പിട്ടു. ഡോ.ജെമിയെ ചേര്‍ത്തുപിടിച്ചു. 'ഡോ.സണ്ണിയെപ്പോലെ പത്തല്ല,ആയിരം തലയുള്ള രാവണനായി മാറട്ടെ...'ലാലിന്റെ ചിരിയോടെയുള്ള ആശംസയില്‍ ഡോ.ജെമി ഒരു നിമിഷം ഡോ.സണ്ണിയുടെ ശരീരത്തിന്റെ ചൂടറിഞ്ഞുകാണണം.
Content Highlights: mohanlal visited his fan dr jemy kuriakose and talked about movies