വീണ്ടും മോഹന്‍ലാല്‍- ശ്രീകുമാര്‍ മാജിക്: സിനിമയെ വെല്ലുന്ന പരസ്യത്തിനായി രണ്ട് മില്യണ്‍ കാത്തിരിപ്പ്

വി.എ ശ്രീകുമാര്‍ പങ്കുവച്ച ചിത്രം
വി.എ ശ്രീകുമാര്‍ പങ്കുവച്ച ചിത്രം

സിനിമയെ വെല്ലുന്ന പരസ്യങ്ങള്‍ സൃഷ്ടിച്ച മോഹന്‍ലാല്‍- വി.എ. ശ്രീകുമാര്‍ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും. കഴിഞ്ഞ ദിവസം വി.എ. ശ്രീകുമാറിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട ഒരു ചിത്രമാണ് ആകാംക്ഷയുടെ ആരംഭം. ഒടിയന്‍ സിനിമയ്ക്കു ശേഷം വി.എ. ശ്രീകുമാറും മോഹന്‍ലാലും ഒന്നിക്കുന്ന മറ്റൊരു സിനിമ എന്നാണ് ആദ്യം കരുതിയത്. പക്ഷെ, അതൊരു പരസ്യചിത്രമാണെന്നു തുടര്‍ന്നു വ്യക്തമായി. പരസ്യത്തിന്റെ ടീസര്‍ തൊട്ടുപിന്നാലെ പുറത്തുവിട്ടതോടെ ആകാംക്ഷയുടെ രണ്ട് മില്യണ്‍ കാഴ്ചയാണ് ഉയര്‍ന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റയിലുമായി രണ്ടു ദിവസം കൊണ്ട് രണ്ടു മില്യണിലേക്ക് ടീസറിന്റെ കാഴ്ച കുതിച്ചു കയറി. 

ലോകപ്രശസ്തമായ 'നാര്‍ക്കോസ്' സീരിസിലേതിനു തുല്യമായ ഭാവ-വേഷപ്പകര്‍ച്ചയിലാണ് മോഹന്‍ലാല്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാലിന്റെ സംഘത്തെ കമാന്‍ഡോ സംഘം തടയുന്നതും ലേഡി ചീഫിനു മുന്നിലേയ്ക്ക് ഇരു കൈകളും ഉയര്‍ത്തി മോഹന്‍ലാല്‍ നടന്നടുക്കുന്നതുമാണ് ടീസറിലുള്ളത്. പിടിക്കപ്പെട്ടു കഴിഞ്ഞു എന്ന് ലേഡി ചീഫ് പറയുന്നു. ഏതു ബ്രാന്‍ഡിനു വേണ്ടിയുള്ള പരസ്യചിത്രമാണ് ഇതെന്ന് ഇനിയും വെളിപ്പെടുത്താതെ ആകാംക്ഷ നിലനിര്‍ത്തുകയാണ് വി.എ. ശ്രീകുമാര്‍. പിന്നാലെ മോഹന്‍ലാല്‍ ഫാന്‍സിന്റെ ആവേശം കൂടുതല്‍ ഉയര്‍ത്തി ഷൂട്ടിംഗിനിടയിലെ ലാലേട്ടന്റെ അതിസുന്ദരമായ ഒരു ചിരിയും ശ്രീകുമാര്‍ പുറത്തുവിട്ടു. എത്രയോ കാലമായി മോഹന്‍ലാല്‍ ആരാധകര്‍ കാണാന്‍ കാത്തിരുന്ന ചിരി. സംവിധായകന്‍ വി.എ. ശ്രീകുമാറും മോഹന്‍ലാലും ഒന്നിച്ചുള്ള എന്തോ നേരമ്പോക്കാണ് ക്യാമറയില്‍ പതിഞ്ഞത്.

മോഹന്‍ലാലും ഒന്നിച്ച് നിരവധി പരസ്യങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വി.എ. ശ്രീകുമാര്‍ മുന്‍പും സിനിമയെ വെല്ലുന്ന പരസ്യങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിച്ച, ''നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം'' എന്ന പരസ്യവാചകവും ആഘോഷവും വി.എ. ശ്രീകുമാറിന്റെ സൃഷ്ടിയായിരുന്നു. കൊച്ചി ഇന്റര്‍നാഷണല്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷം മറക്കാനാവില്ല. 

Wait for it ! 😎 #lalettan #comingsoon

Posted by V A Shrikumar on Monday, January 15, 2024

മണപ്പുറം ഗോള്‍ഡ് ലോണിനു വേണ്ടി ലാലേട്ടന്‍ ഇരട്ട വേഷത്തില്‍ അഭിനയിച്ച ''വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ'' വി.എ. ശ്രീകുമാര്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ്. 'മൈജി'യെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ക്യാംപയിനുകള്‍ക്കായി ഇരുവരും ഒന്നിച്ചതും പുതിയ ഗെറ്റപ്പില്‍ മോഹന്‍ലാല്‍ മൈജി ഉദ്ഘാടനത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതും മറ്റൊരു സംഭവം. കൊച്ചി മാരത്തണില്‍ ആദ്യവര്‍ഷം മില്‍ഖാ സിംഗും രണ്ടാം വര്‍ഷം ഹര്‍ഭജന്‍ സിംഗുമൊത്ത് മോഹന്‍ലാല്‍ പങ്കെടുത്ത പ്രചാരണങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 'മോഹന്‍ലാല്‍സ് ടേസ്റ്റ് ബഡ്‌സി'നു വേണ്ടിയും ശ്രീകുമാറിന്റെ പുഷ് 360 പരസ്യ ഏജന്‍സിയാണ് പരസ്യങ്ങള്‍ പുറത്തിറക്കിയത്. പുഷിന്റെ പാലക്കാട് ഓഫീസ് മോഹന്‍ലാല്‍ കഴിഞ്ഞിടയ്ക്ക് സന്ദര്‍ശിച്ചിരുന്നു. മുപ്പത് വര്‍ഷം നീളുന്ന പുഷിന്റെയും ശ്രീകുമാറിന്റെയും യാത്രയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച പരസ്യചിത്രങ്ങള്‍ നാഴികക്കല്ലുകളാണ്.

ജനുവരി 20-ന് ശനിയാഴ്ച മോഹന്‍ലാല്‍ നേരിട്ട് പരസ്യചിത്രം റിലീസ് ചെയ്യുമെന്നാണ് ലഭ്യമായ വിവരം. ചിത്രീകരിച്ച രണ്ടു പരസ്യ ചിത്രങ്ങളില്‍ ആദ്യത്തേതാണ് ഇപ്പോള്‍ റിലീസ് ചെയ്യുന്നത്. രണ്ടാമത്തേത് പിന്നാലെ റിലീസ് ചെയ്യും. ഒരു ബിസ്‌ക്കറ്റ് ബ്രാന്‍ഡിനു വേണ്ടിയുള്ള പരസ്യമാണ് എന്നും ലഭ്യമായ വിവരങ്ങളുണ്ട്.


 

Content Highlights: Mohanlal, VA Sreekumar menon new advertisement, teaser