സംവിധായകൻ പറയുന്നതുകേട്ട് ജോലി ചെയ്യുന്നയാളാണ് താനെന്ന് മോഹൻലാൽ, L-368 ന് തുടക്കം, സംവിധാനം അനൂപ് സത്യൻ

#മൂവി ഡെസ്ക്
മോഹൻലാലും അനൂപ് സത്യനും | സ്ക്രീൻ​ഗ്രാബ്
മോഹൻലാലും അനൂപ് സത്യനും | സ്ക്രീൻ​ഗ്രാബ്

മോഹൻലാൽ നായകനാകുന്ന 368-ാമത്തെ ചിത്രം പ്രഖ്യാപിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രം സംവിധാനംചെയ്യുന്നത് അനൂപ് സത്യനാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനുശേഷം അനൂപ് ഒരുക്കുന്ന ചിത്രമാണിത്. മുകേഷ്, സംഗീത പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ബിനു ജോർജ് അലക്സാണ്ടറാണ് ചിത്രം നിർമിക്കുന്നത്. സംവിധായകന്റെ നിർദേശത്തിനനുസരിച്ച് ജോലി ചെയ്യുന്നയാളാണ് താനെന്ന് മോഹൻലാൽ ചടങ്ങിൽ പറഞ്ഞു.

"സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യത്തെ സിനിമ മുതൽ ഒടുവിൽ ചെയ്തതുവരെയുള്ള ചിത്രത്തിൽ അഭിനയിച്ചയാളാണ് ഞാൻ. അതൊരു വലിയ യാത്രയാണ്. അതിന്റെ തുടർച്ചപോലെ അദ്ദേഹത്തിന്റെ മകന്റെ കൂടെയും സിനിമ ചെയ്യാൻ സാധിക്കുന്നു. അത് വളരെ പ്രതീക്ഷയുള്ള ചിത്രമാണ്. നല്ലൊരു ചിത്രമായി വരാനുള്ള എല്ലാവിധ സാധ്യതകളുമുണ്ട്. സിനിമയെക്കുറിച്ച് സംസാരിക്കേണ്ടത് സംവിധായകനും അതിൽ പ്രവർത്തിക്കുന്നവരുമാണ്. ഞാനതുകേട്ട് പ്രവർത്തിക്കുന്ന ഒരാൾ മാത്രമാണ്." മോഹൻലാലിന്റെ വാക്കുകൾ.

ആറുവർഷത്തിനുശേഷമാണ് തന്റെ സിനിമ വരുന്നതെന്ന് സംവിധായകൻ അനൂപ് സത്യൻ പറഞ്ഞു. അത് ആഗ്രഹിച്ചുചെയ്യുന്ന സിനിമയായി മാറിയെന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഷെഹ്നാദ് ജലാലാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്സ് ബിജോയ് സംഗീതസംവിധാനവും സ്റ്റണ്ട് സിൽവ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിന്റെ താരനിരയേക്കുറിച്ചും മറ്റ് അണിയറപ്രവർത്തകരേക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Content Highlights: Mohanlal has officially launched his 368th feature film (L368), directed by Varane Avashyamund fame Anoop Sathyan and presented by Antony Perumbavoor's Aashirvad Cinemas; speaking at the launch, the veteran actor highlighted his decades-long creative bond with director Sathyan Anthikad and expressed enthusiasm for working with his son Anoop on this prospective project.