'സൗഹൃദത്തിനുമപ്പുറം, വിയോഗം അവിശ്വസനീയം'; സി.ജെ. റോയ്‌യെ അനുസ്മരിച്ച് മോഹൻലാൽ

#Movie Desk
മോഹന്‍ലാല്‍ സി.ജെ. റോയ്‌ക്കൊപ്പം | Photo: Facebook/ Roy CJ
മോഹന്‍ലാല്‍ സി.ജെ. റോയ്‌ക്കൊപ്പം | Photo: Facebook/ Roy CJ

മരിച്ച നിലയിൽ കണ്ടെത്തിയ കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകചെയർമാൻ സി.ജെ. റോയ്‌യുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയ്‌യുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ സാമൂഹികമാധ്യമങ്ങളിലെ കുറിപ്പിൽ സ്മരിച്ചു. വിയോഗം വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം കുറിച്ചു.

'പ്രിയ സുഹൃത്ത് സി.ജെ. റോയ്‌യുടെ വിയോഗം വിശ്വസിക്കാനാവുന്നില്ല. ഈ വിയോഗദുഃഖത്തിൽ കുടുംബത്തിനൊപ്പം ചേരുന്നു. സൗഹൃദത്തിനുപ്പുറമുള്ള ബന്ധമായിരുന്നു. എപ്പോഴും സ്‌നേഹത്തോടയും വാത്സല്യത്തോടേയും ഓർമിക്കപ്പെടും', എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്.

ആദായനികുതിവകുപ്പ് റെയ്ഡിനിടെയാണ് സി.ജെ. റോയ്‌യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദായനികുതി ഉദ്യോഗസ്ഥരുടെ മാനസികപീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് സി.ജെ. റോയ്യുടെ സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. സി.ജെ. റോയ് എന്നറിയപ്പെട്ട ചിരിയങ്കണ്ടത്ത് ജോസഫ് റോയ് ഗുരുവായൂർ സ്വദേശി ജോസഫിന്റെയും ത്രേസ്യയുടെയും മകനാണ്. ബെംഗളൂരുവിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാരീസിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്.പി.യിൽ പ്ലാനിങ് മാനേജരായി ജോലിചെയ്തതിനുശേഷമാണ് 2005-ൽ കോൺഫിഡന്റ് ഗ്രൂപ്പ് ആരംഭിച്ചത്. 20 വർഷത്തിനിടെ 2000 കോടി രൂപയിലേറെ ആസ്തിയുള്ള കമ്പനിയായി വളർന്നു.

മലയാളത്തിലും കന്നഡയിലുമായി പത്തിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം 'കാസനോവ'യിലൂടേയാണ് നിർമാണരംഗത്തെത്തിയത്. ഏറ്റവും ഒടുവിലായി നിർമിച്ച ചിത്രത്തിന്റെ റിലീസ് ആദ്യം നിശ്ചയിച്ച ദിവസമാണ് സി.ജെ. റോയ് സ്വയം ജീവനൊടുക്കിയത്. ഫെബ്രുവരി ആറിന് നിലവിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന അനോമി-ദ ഇക്വേഷൻ ഓഫ് ഡെത്ത് എന്ന സിനിമയുടെ സഹനിർമാതാവാണ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനായ സി.ജെ. റോയ്. 'കാസനോവ' വലിയ ഹിറ്റായില്ലെങ്കിലും പിന്നീട് 'മരയ്ക്കാർ-അറബിക്കടലിലെ സിംഹം', സുരേഷ് ഗോപി നായകനായ 'മേം ഹൂം മൂസ', 'ഐഡന്റിറ്റി' എന്നീ സിനിമകളും റോയ് നിർമിച്ചു. ഏറ്റവും ഒടുവിലത്തെ നിർമാണ സംരംഭം റിലീസിനൊരുങ്ങിയിരിക്കുകയാണ്.

Content Highlights: Mohanlal remembers CJ Roy, founder of Confident Group, who passed away. Expresses deep sorrow and recalls their bond beyond friendship