‘മണ്ണിൽ കവിതയും നിശ്ശബ്ദതയിൽ സത്യവും കണ്ടെത്തിയ സംവിധായകൻ’; ഭാരതിരാജയെ അനുസ്മരിച്ച് മോഹൻലാൽ

അന്തരിച്ച വിഖ്യാത സംവിധായകനും നടനുമായ ഭാരതിരാജയെ അനുസ്മരിച്ച് മോഹൻലാൽ. തുടരും എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിക്കാൻ സാധിച്ചത് എന്നെന്നും ഓർമയിൽ സൂക്ഷിക്കാവുന്ന ഒരു ബഹുമതിയായി കരുതുന്നുവെന്നും മോഹൻലാൽ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹം ഭാരതിരാജയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് കുറിപ്പ് പങ്കുവെച്ചത്.
‘മണ്ണിൽ കവിതയും, നിശബ്ദതയിൽ സത്യവും, ഓരോ ഫ്രെയിമുകളിലും ആത്മാവിനെയും കണ്ടെത്തിയ ഒരു സംവിധായകൻ. ഭാരതിരാജ സാറിനൊപ്പം 'തുടരും' എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചു എന്നത് ഞാൻ എല്ലാക്കാലവും ഓർമയിൽ സൂക്ഷിക്കാവുന്ന ഒരു ബഹുമതിയായി കരുതുന്നു. താങ്കളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. താങ്കളുടെ പാരമ്പര്യം തലമുറകളെ പ്രചോദിപ്പിക്കും.’ മോഹൻലാൽ പറഞ്ഞു.
തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തിൽ പളനി സ്വാമി എന്ന വയോധികനായ സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലാണ് ഭാരതിരാജ എത്തിയത്. കടുത്ത ആരോഗ്യപ്രശ്നങ്ങളും ഓർമക്കുറവും അലട്ടിയിരുന്നിട്ടും അദ്ദേഹം ആ വേഷം മനോഹരമാക്കിയിരുന്നു. മകൻ മനോജിന്റെ അകാല വിയോഗത്തിന് പിന്നാലെ ഭാരതിരാജയുടെ ആരോഗ്യം മോശമായിരുന്നു.
ഗ്രാമീണ കഥകൾക്ക് പുനർനിർവചനം നൽകുകയും നിരവധി പുതിയ പ്രതിഭകളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ. തമിഴ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.
16 വയതിനിലെ, കിഴക്കേ പോകും റെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്. 2020-ലാണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രമായ 'മീണ്ടും ഒരു മര്യാദൈ' പുറത്തിറങ്ങിയത്.
Content Highlights: The Indian film fraternity is plunged into deep mourning following the demise of the legendary Tamil filmmaker and actor Bharathiraja. Leading the tributes from Malayalam cinema, actor Mohanlal shared an emotional social media post, hailing the maestro as a visionary who reshaped the landscape of realistic storytelling in Indian cinema.