മാതാപിതാക്കൾ എന്ന നിലയിൽ നെഞ്ചോടുചേർക്കുന്ന നിമിഷം, എല്ലാ യാത്രകൾക്കും അതിന്റേതായ തുടക്കമുണ്ട്- മോഹൻലാൽ

സുചിത്ര മോഹൻലാലും പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും മോഹൻലാലും 'തുടക്കം' പൂജാ ചടങ്ങില്‍ | Photo: Facebook/ Mohanlal
സുചിത്ര മോഹൻലാലും പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും മോഹൻലാലും 'തുടക്കം' പൂജാ ചടങ്ങില്‍ | Photo: Facebook/ Mohanlal

മകള്‍ വിസ്മയ മോഹന്‍ലാല്‍ നായികയാവുന്ന 'തുടക്ക'ത്തിന്റെ പൂജാ ചടങ്ങുകളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. ഹൃദയഹാരിയായ കുറിപ്പിനൊപ്പമാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. വിസ്മയ സിനിമയിലേക്ക് ചുവടുവെക്കുന്ന നിമിഷം എപ്പോഴും ഹൃദയത്തോട് ചേര്‍ത്തുവെക്കുമെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഓരോ യാത്രയ്ക്കും അതിന്റേതായ 'തുടക്ക'മുണ്ട്. ഇത് ഞങ്ങളുടെ ഹൃദയത്തില്‍ അഭിമാനവും സ്‌നേഹവും നിറയ്ക്കുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍, ഞങ്ങളുടെ മായ പുതിയ അധ്യായത്തിലേക്ക് ചുവടുവെക്കുന്നത് എപ്പോഴും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന നിമിഷമാണ്',- അദ്ദേഹം കുറിച്ചു.

'കാഴ്ചപ്പാടുകള്‍ക്കൊണ്ട് എന്നും പ്രചോദിപ്പിക്കുന്ന ജൂഡ് ആന്റണി ജോസഫിനും പ്രിയ സുഹൃത്തും സിനിമയുടെ ചാലകശക്തിയുമായ ആന്റണി പെരുമ്പാവൂരിനും ഹൃദയം നിറഞ്ഞ ആശംസകള്‍. മനോഹരയാത്രയില്‍ പങ്കുചേരുന്ന ആശിഷ് ജോ ആന്റണിക്കും അനുഗ്രഹങ്ങള്‍. പങ്കാളികളായ എല്ലാവര്‍ക്കും ശരിക്കും മനോഹരമായ ഒന്നിന്റെ തുടക്കമാവട്ടെ 'തുടക്കം'', മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലിന്റെ മകനും വിസ്മയയുടെ സഹോദരനുമായ പ്രണവ് മോഹന്‍ലാല്‍ ക്ലാപ്പടിച്ചുകൊണ്ട് സിനിമയ്ക്ക് തുടക്കം കുറിച്ചു. സുചിത്ര മോഹന്‍ലാല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. മകള്‍ സിനിമയില്‍ എത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു.

'എന്റെ കുട്ടികള്‍ സിനിമയിലഭിനയിക്കുമെന്ന് ഒരിക്കല്‍പ്പോലും വിചാരിച്ചിട്ടില്ല. മായ സ്‌കൂളില്‍ ഒരുപാട് നാടകങ്ങളില്‍ അഭിനയിക്കുകയും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കണമെന്ന് മായ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഒരാഗ്രഹം പറയുമ്പോള്‍ നമുക്ക് അതിനെല്ലാ സൗകര്യങ്ങളുമുണ്ട്. നല്ലൊരു തിരക്കഥ കിട്ടിയപ്പോള്‍ മായ അഭിനയിക്കാന്‍പോകുകയാണ്', മകളുടെ സിനിമാ പ്രവേശത്തെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ആന്റണിയുടെ മകന്‍ ആശിഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജെയ്ക്‌സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി ജോണ്‍ ചായാഗ്രഹണം നിര്‍വഹിക്കുന്നു.

Content Highlights: Mohanlal shares heartwarming pictures from the `Thudakkam` pooja ceremony, celebrating daughter Vismaya`s acting debut. A proud parent`s joy.