'എന്റെ കടമ ചെയ്തു';വിദേശ യാത്രയ്ക്ക് മുൻപ് വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ചിത്രം പങ്കുവെച്ച് ശബരീനാഥൻ

തിരുവനന്തപുരം: തിരുവനന്തപുരം മുടവൻമുകൾ സ്കൂളിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ സൂപ്പർ താരം മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കെ.എസ്. ശബരീനാഥൻ. ‘ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്. വോട്ട് ചെയ്യുവാൻ വേണ്ടി മാത്രം അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് കൊച്ചിയിൽ നിന്നും മുടവൻമുകൾ സ്‌കൂളിലെത്തിയ ലാലേട്ടൻ....കൂടെ സ്‌ഥാനാർത്ഥികളായ ഞാനും ശ്രീ ശിവൻകുട്ടിയും’എന്ന കുറിപ്പും അദ്ദേഹം പങ്കുവെച്ചു.
സുപ്രധാനമായ വിദേശ യാത്രയ്ക്ക് തൊട്ടുമുമ്പ് സമ്മതിദാനാവകാശം വിനിയോഗിക്കാൻ സമയം കണ്ടെത്തിയ താരത്തിന്റെ മാതൃകാപരമായ നിലപാടിനെയാണ് ശബരീനാഥൻ പ്രശംസിച്ചത്.
കൊച്ചിയിൽ നിന്നും വ്യാഴാഴ്ച രാവിലെയാണ് താരം തന്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന മുടവൻമുകളിലെ ബൂത്തിൽ എത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടി ‘എന്റെ കടമ ചെയ്തു, ഇനി നിങ്ങളുടെതാണ്, കേരളമേ പോയി വോട്ട് ചെയ്യുക”;’ എന്ന് അദ്ദേഹം തന്റെ ഔദ്യോഗിക പേജിലൂടെ കുറിക്കുകയും ചെയ്തു.
വോട്ട് ചെയ്യാനെത്തിയ താരത്തെ സ്വീകരിക്കാൻ മണ്ഡലത്തിലെ സ്ഥാനാർത്ഥികളായ ശബരീനാഥനും വി. ശിവൻകുട്ടിയും ബൂ പരിസരത്തുണ്ടായിരുന്നു. ഇരുവരോടും കുശലാന്വേഷണം നടത്തിയ ശേഷമാണ് ലാലേട്ടൻ മടങ്ങിയത്.
നിലവിൽ നേമം മണ്ഡലത്തിൽ ഉച്ചയ്ക്ക് 2:50 വരെയുള്ള കണക്കനുസരിച്ച് 52.49% വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Content Highlights: Mohanlal prioritizes his civic duty by voting before an international trip., The superstar voted at the Mudavanmugal school polling booth in 2026