കൊച്ചിയിൽ ഒത്തുചേർന്ന് 80 മദ്രാസ് മെയിൽ കൂട്ടായ്മ; മോഹൻലാലിന്റെ ജന്മദിനം ആഘോഷിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷമാക്കി 80 മദ്രാസ് മെയിൽ കൂട്ടായ്മ. സംവിധായകൻ സിബി മലയിൽ മോഹൻലാലിന് കേക്ക് നൽകിയാണ് ആഘോഷം ആരംഭിച്ചത്. സംവിധായകരായ ഹരിഹരൻ, കമൽ, കെ. മധു, ജയരാജ്, ജോഷി, സുരേഷ് കുമാർ, മേനക, ഭാഗ്യലക്ഷ്മി, വിധുബാല, അഴകപ്പൻ, ശാന്തി മാസ്റ്റർ, ശ്രീലത നമ്പൂതിരി, കുഞ്ചൻ, തുടങ്ങി നിരവധി സഹപ്രവർത്തകരുടെ നടുവിലായിരുന്നു ആഘോഷം. മോഹൻലാലിനെ സംവിധായകൻ ഹരിഹരൻ പൊന്നാടയണിച്ച് ആദരിച്ചു.
മോഹൻലാൽ ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് തുടങ്ങിയ തങ്ങളുടെ സൗഹൃദത്തെക്കുറിച്ചാണ് നടൻ മണിയൻപിള്ള രാജുവിന് പറയാനുണ്ടായിരുന്നത്. പത്താം ക്ലാസിലെ ചേട്ടന്മാരെ പിന്തള്ളി നാടകത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസുകാരൻ മോഹൻലാലിനെ മണിയൻപിള്ള രാജു ഓർത്തെടുത്തു.
പഴയകാല കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദരുടെയും കൂട്ടായ്മയായ 80 മദ്രാസ് മെയിലിന്റെ നാലാം വർഷത്തെ ഒത്തുചേരലാണ് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൻ നടന്നത്. 1980-കളിലെ കലാകാരന്മാർ സൗഹൃദവും ഓർമകളും പുതുക്കി ഒത്തുചേർന്നത് ഊഷ്മള അനുഭവമായി മാറി. സിനിമകളിൽ ഭാഗ്യം പരീക്ഷിക്കാൻ മദ്രാസിലേക്ക് നടത്തിയ എണ്ണമറ്റ ട്രെയിൻ യാത്രകളുടെ ഓർമയ്ക്കായാണ് കൂട്ടായ്മയ്ക്ക് 80 മദ്രാസ് മെയിൽ എന്ന പേര് നൽകിയത്.
Content Highlights: Mohanlal celebrated his birthday with the 80 Madras Mail association in Kochi. Prominent directors and actors like Sibi Malayil, Hariharan, and Kamal attended the event. The 80 Madras Mail group honors the journey of 1980s artists who traveled to Madras to pursue cinema. Maniyanpilla Raju shared nostalgic stories about Mohanlal's early school-day acting talent