വരുന്നത് ‘കാക്കക്കുയിൽ’ പോലൊരു ഐറ്റം?; അനൂപ് സത്യൻ- മോഹൻലാൽ ചിത്രത്തിൽ മുകേഷും; സൂചന നൽകി നടൻ

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ മാസം നടന്നിരുന്നു. ചിത്രം നവംബറിൽ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം. ബിനു ജോർജ് അലക്‌സാണ്ടറും ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവിട്ടിരുന്നില്ല.
എന്നാൽ, ചിത്രത്തെക്കുറിച്ച് ചില സൂചനകൾ നൽകുകയാണ് ഇപ്പോൾ നടൻ മുകേഷ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്. മോഹൻലാൽ- മുകേഷ്- പ്രിയദർശൻ ഹിറ്റ് കോംബോയിൽ പുറത്തിറങ്ങിയ 'കാക്കക്കുയിൽ' എന്ന ചിത്രത്തെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് മുകേഷ് പങ്കുവെച്ചത്. ചിത്രത്തിൽ മുകേഷിന്റെ അവിസ്മരണീയമായ നർമ മുഹൂർത്തങ്ങൾ ഉൾപ്പെട്ട ഫാൻ മെയ്ഡ് റീലാണ് താരം പങ്കുവെച്ചത്. കാക്കക്കുയിലിൽ ഗോവിന്ദൻ കുട്ടിയായി അവതരിച്ച മുകേഷിന്റെ മോഹൻലാലിനൊപ്പമുള്ള മികച്ച കോമഡി ഭാഗങ്ങളാണ് റീലിലുള്ളത്.
റീൽ പങ്കുവെച്ചുകൊണ്ട് മുകേഷ് കുറിച്ച ക്യാപ്ഷനാണ് അനൂപ് സത്യൻ ചിത്രത്തിലേക്കുള്ള സൂചന നൽകിയത്. 'ഞങ്ങളുടെ അടുത്ത ചിത്രം വരുന്നു', എന്നാണ് മുകേഷ് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഇതിനൊപ്പം മോഹൻലാൽ, അനൂപ് സത്യൻ എന്നീ ഹാഷ് ടാഗുകളും ഉണ്ട്.
ALSO READ | മോഹൻലാലും അനൂപ് സത്യനും ഒന്നിക്കുന്നു; ചിത്രീകരണം നവംബറിൽ തുടങ്ങും
ഇതാണ് ചർച്ചകൾക്ക് വഴിവെച്ചത്. കാക്കക്കുയിൽ പോലൊരു കോമഡി ചിത്രമാണോ അനൂപ് സത്യൻ ഒരുക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. മുകേഷ്- മോഹൻലാൽ കോംബോയെ വീണ്ടും തിയേറ്ററിൽ കാണാനുള്ള ആഗ്രഹമാണ് അവർ പങ്കുവെക്കുന്നത്. മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം ക്വേർക്കി കോമഡി ത്രില്ലർ ആക്ഷൻ ചിത്രമായിരിക്കുമെന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തോട് സംവിധായകൻ തന്നെ വെളിപ്പെടുത്തിയിരുന്നു.
ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരെ അണിനിരത്തി 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ 2020-ലാണ് അനൂപ് സത്യൻ സംവിധായകനായി അരങ്ങേറിയത്. ആറ് വർഷത്തിനുശേഷമാണ് രണ്ടാമത്തെ ചിത്രവുമായെത്തുന്നത്. 'അതിമനോഹരം' ആണ് മോഹൻലാലിന്റെതായി തിയേറ്ററിൽ എത്താനൊരുങ്ങുന്ന ചിത്രം.
Content Highlights: Actor Mukesh shared a Facebook post hinting at his inclusion in Anoop Sathyan's upcoming Mohanlal film. Mukesh posted a comedy reel from the hit movie 'Kakakkuyil' with the caption "Our next film is coming" tagging Mohanlal and Anoop Sathyan. The project, produced by Binu George Alexander and Antony Perumbavoor, is expected to start filming in November. Director Anoop Sathyan previously revealed that the film will be a quirky comedy thriller action project. This marks Anoop Sathyan's second directorial feature following his 2020 debut 'Varane Avashyamund'.