'സെൻസർ ബോർഡിനേയും ബിജെപി ആയുധമാക്കി'; വിജയ്‌യുടെ ജനനായകന് പരോക്ഷ പിന്തുണയുമായി എം.കെ. സ്റ്റാലിൻ

തമിഴക രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച നടൻ വിജയ്‌യുടെ അവസാന ചിത്രം ജനനായകന് പരോക്ഷ പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സെൻസർ ബോർഡിനെ കേന്ദ്ര സർക്കാർ ആയുധമാക്കുന്നു എന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. എക്‌സിലൂടെയാണ് അദ്ദേഹം ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. അതേസമയം വിജയ്‌യുടേയോ ജനനായകന്റെയോ പേര് പരാമർശിക്കാതെയായിരുന്നു ട്വീറ്റ്.
'സിബിഐയേയും ഇഡിയേയും ഇൻകം ടാക്‌സിനേയും പോലെ, ബിജെപിയുടെ കേന്ദ്ര സർക്കാർ ഇപ്പോൾ സെൻസർ ബോർഡിനേയും പുതിയ ആയുധമാക്കിയിരിക്കുകയാണ്. ശക്തമായി അപലപിക്കുന്നു.' -ഇതായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്. തമിഴിലാണ് എം.കെ. സ്റ്റാലിൻ ഇക്കാര്യം എക്സിൽ കുറിച്ചത്.
സ്വന്തമായി പാർട്ടി രൂപീകരിച്ചുകൊണ്ട് തമിഴകരാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച വിജയ് തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായി കാണുന്നത് സ്റ്റാലിനെയാണ്. തന്റെ ഓരോ പ്രസംഗങ്ങളിലും വിജയ് സ്റ്റാലിനും ഡിഎംകെയ്ക്കുമെതിരെ കടുത്ത ആക്രമണമാണ് നടത്താറ്. ഈ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ ട്വീറ്റിന് രാഷ്ട്രീയ പ്രാധാന്യമേറുന്നത്.
ജനനായകന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ നേരത്തേ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും റിലീസ് താത്കാലികമായി തടയുകയുമായിരുന്നു. പൊങ്കൽ അവധിക്ക് ശേഷമാണ് ഇനി കേസ് പരിഗണിക്കുക എന്നതിനാൽ ജനനായകൻ പൊങ്കൽ റിലീസായി എത്തില്ലെന്ന് ഇതോടെ ഉറപ്പായി.
സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെയാണ് ജനനായകൻ വിവാദത്തിന്റെ വെള്ളിത്തിരയിലെത്തുന്നത്. ഒരുമാസം മുമ്പ് തന്നെ സർട്ടിഫിക്കറ്റിനായി ചിത്രം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്‌സി) മുമ്പാകെ സമർപ്പിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ചിത്രത്തിൽ തിരുത്തലുകൾ വേണമെന്നാണ് ബോർഡ് നിർദേശിച്ചത്. ഇതോടെയാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.
Content Highlights: Tamil Nadu CM MK Stalin criticizes the Union Government for allegedly using the Censor Board as a political tool. This statement offers indirect support to actor Vijay's film Jana Nayakan amid its ongoing legal battle over certification.