ജാനകിയമ്മയ്ക്ക് കേരളത്തിന്റെ യാത്രാമൊഴി; അന്തിമോപചാരം അർപ്പിച്ച് മന്ത്രി റോജി എം. ജോൺ

മൈസൂരു: വിഖ്യാത ഗായിക എസ്. ജാനകിക്ക് കേരളത്തിന്റെ അന്തിമോപചാരം. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അന്തിമോപചാരം അർപ്പിച്ചു. മൈസൂരു മഹാരാജാ ഗ്രൗണ്ടിൽ നടന്ന പൊതു ദർശന ചടങ്ങിൽ എത്തിയാണ് റോജി എം. ജോൺ പുഷ്പചക്രം സമർപ്പിച്ചത്. തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകിയെന്ന് റോജി എം. ജോൺ അനുശോചിച്ചു. ഭാഷകളുടെ അതിരുകൾ മറികടന്ന് സംഗീതത്തിന് അവർ നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.
Also Read: 'ജാനകിയമ്മയുടെ വേർപാട് അറിഞ്ഞപ്പോൾ ആദ്യം മനസിൽ വന്നത് നവാസിന്റെ മുഖം'; അനുസ്മരിച്ച് നിയാസ് ബക്കർ
പ്രിയഗായികയെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി പ്രമുഖരും സാധാരണക്കാരും ഉൾപ്പെടെ ആയിരങ്ങളാണ് മൈസൂരു മഹാരാജാ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്. ഞായറാഴ്ച രാവിലെ എട്ടര മുതൽ പൊതുദർശനം ആരംഭിച്ചിരുന്നു. കർണാടക സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയാണ് സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.
പൊതുദർശനത്തിന് ശേഷം എസ്. ജാനകിയുടെ ഭൗതികശരീരം സംസ്‌കാര ചടങ്ങുകൾ നടക്കുന്ന ഹനിയഹുണ്ടി ഫാം ഹൗസിലേക്ക് കൊണ്ടുപോയി. അഞ്ചുമണിയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. ജാനകിയമ്മയുടെ ആഗ്രഹപ്രകാരമാണ് മൈസൂരുവിൽ അന്ത്യവിശ്രമം ഒരുക്കിയത്. കൊച്ചുമകൾ അപ്‌സരയാണ് അന്ത്യകർമങ്ങൾ നിർവഹിക്കുന്നത്.
Also Read: 'ആ ശബ്ദത്തിന്റെ ഭക്തനാണ് ഞാൻ, സംഗീതമൂർത്തിയാണ് അമ്മ'; എസ്. ജാനകിയെ അനുസ്മരിച്ച് കൈതപ്രം
മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു എസ്. ജാനകിയുടെ അന്ത്യം. ശ്വസനസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐ.സി.യുവിലേക്ക് മാറ്റി. രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്.
Content Highlights: Kerala Higher Education Minister Roji M John officially offered the state's final respects to legendary playback singer S Janaki at Mysuru Maharaja Ground. Her funeral ceremonies began at the Haniyahundi farmhouse, with Karnataka Minister Yatindra Siddaramaiah leading.