രജിസ്റ്റർ ഓഫീസിൽ വിവാഹിതയായി ബംഗാളി നടി മിമി ചക്രബർത്തി; ആദ്യ ചിത്രങ്ങൾ പുറത്ത്

കൊൽക്കത്ത: ബംഗാളി നടിയും മുൻ തൃണമൂൽ കോൺഗ്രസ് എം.പിയുമായ മിമി ചക്രബർത്തി വിവാഹിതയായി. മറൈൻ എൻജിനീയറായ സിദ്ധാർത്ഥ ദത്തയാണ് വരൻ. നവംബർ 26-ന് കൊൽക്കത്തയിൽ നടന്ന ലളിതമായ രജിസ്റ്റർ വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തലേദിവസം സൗത്ത് കൊൽക്കത്തയിലെ വസതിയിൽ വെച്ച് ഇവരുടെ വിവാഹനിശ്ചയ ചടങ്ങും നടന്നിരുന്നു.
വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ചുവന്ന ഹൃദയത്തിന്റെ ഇമോജികൾ മാത്രമാണ് മിമി കുറിപ്പായി നൽകിയത്. നവദമ്പതികൾ വിവാഹമോതിരം പ്രദർശിപ്പിക്കുന്ന സിലൗറ്റ് ചിത്രമാണ് ആദ്യത്തേത്. തുടർന്നുള്ള രണ്ട് ചിത്രങ്ങളിൽ സിദ്ധാർത്ഥ രജിസ്റ്റർ പേപ്പറിൽ ഒപ്പിടുന്നതും മിമി അദ്ദേഹത്തിന്റെ വിരലിൽ മോതിരം അണിയിക്കുന്നതും കാണാം. അവസാന ചിത്രത്തിൽ ആരാധകരെ കൗതുകത്തിലാഴ്ത്തി സിദ്ധാർത്ഥിന്റെ മുഖം മറച്ചുപിടിച്ചുകൊണ്ട് മിമി കെട്ടിപ്പിടിക്കുന്ന രംഗമാണുള്ളത്.
മിമിയും സിദ്ധാർത്ഥും കുറച്ചുകാലമായി പ്രണയത്തിലായിരുന്നുവെങ്കിലും ഇക്കാര്യം നടി ഇതുവരെ പരസ്യമാക്കിയിരുന്നില്ല. വെള്ളയും സ്വർണനിറവും ചേർന്ന വസ്ത്രങ്ങളാണ് ചടങ്ങിനായി ഇരുവരും തിരഞ്ഞെടുത്തത്.
ജൽപായ്ഗുരി സ്വദേശിയായ മിമിയുടെ പരമ്പരാഗത വിവാഹ ചടങ്ങുകൾ ഡിസംബർ അഞ്ചിന് കാലിംപോങ്ങിൽ നടക്കും. സ്വന്തം നാട്ടിലും സത്കാരം ഉണ്ടാകുമെന്നാണ് വിവരം. ബംഗാളി സിനിമാ രംഗത്തെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി ഡിസംബർ 11-ന് കൊൽക്കത്തയിൽ വിപുലമായ റിസപ്ഷൻ സംഘടിപ്പിക്കാനും മുൻ എം.പി പദ്ധതിയിടുന്നതായി സിനിമാ വൃത്തങ്ങൾ അറിയിച്ചു.
അന്തരിച്ച സംവിധായകൻ ഋതുപർണ്ണ ഘോഷ് ഒരുക്കിയ 'ഗാനർ ഒപരേ' എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് മിമി ചക്രബർത്തി ശ്രദ്ധേയയാകുന്നത്. പിന്നീട് 'ശുദ്ധു തൊമാരി ജോന്യോ', 'ഗ്യാങ്സ്റ്റർ', 'പോസ്റ്റോ', 'ഡ്രാക്കുള സർ', 'ഭാനുപ്രിയ ഭൂതർ ഹോട്ടൽ' തുടങ്ങിയ ചിത്രങ്ങളിലൂടെ ബംഗാളി സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി. ശ്രീജിത്ത് മുഖർജി സംവിധാനം ചെയ്ത പൂജ റിലീസ് ചിത്രമായ 'എമ്പറർ വേഴ്സസ് ശരത് ചന്ദ്ര'യിലാണ് മിമി ഒടുവിൽ അഭിനയിച്ചത്. 'ജഹ ബോലിബോ ശോത്തോ ബോലിബോ', 'ഡൈനീ' തുടങ്ങിയ ഒ.ടി.ടി ഷോകളിലും താരം വേഷമിട്ടിട്ടുണ്ട്.
2019-ലാണ് മിമി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജാദവ്പൂർ മണ്ഡലത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു. 2024 ഫെബ്രുവരി 15-നാണ് അവർ എം.പി സ്ഥാനം രാജിവെച്ചത്.
Content Highlights: Bengali actress and former MP Mimi Chakraborty married marine engineer Sagnik Dutta in a registry office., The simple ceremony took place in Kolkata on November 26 with close family and friends., Traditional wedding rituals are scheduled for December 5 in Kalimpong, followed by a grand reception in Kolkata on December 11.