ഗെയിം ഓഫ് ത്രോൺസ് താരം മൈക്കൽ പാട്രിക് അന്തരിച്ചു; അന്ത്യം 35-ാം വയസിൽ

ലോകപ്രശസ്ത സീരീസായ ഗെയിം ഓഫ് ത്രോൺസിലെ അഭിനേതാവും എഴുത്തുകാരനുമായ മൈക്കൽ പാട്രിക് അന്തരിച്ചു. ദീർഘകാലമായി മോട്ടോർ ന്യൂറോൺ ഡിസീസ് (എംഎൻഡി) ബാധിതനായിരുന്ന അദ്ദേഹം 35-ാം വയസിലാണ് മരണത്തിന് കീഴടങ്ങുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വൈകാരികമായ കുറിപ്പിലൂടെ മൈക്കൽ പാട്രിക്കിന്റെ ഭാര്യ നവോമി ഷീഹനാണ് മരണവാർത്ത ലോകത്തെ അറിയിച്ചത്.
നോർത്തേൺ അയർലൻഡ് ഹോസ്പീസിൽ വെച്ചായിരുന്നു മൈക്കൽ പാട്രിക്കിന്റെ അന്ത്യം. പത്ത് ദിവസം മുമ്പാണ് അദ്ദേഹത്തെ ഇവിടെ പ്രവേശിപ്പിച്ചത്. ഗുരുതര രോഗങ്ങൾ ബാധിച്ച് ജീവിതത്തിന്റെ അവസാന ഘട്ടത്തിലുള്ളവർക്ക് പ്രത്യേക പരിചരണം നൽകാനുള്ള കേന്ദ്രമാണ് ഹോസ്പീസ്. 2023 ഫെബ്രുവരി ഒന്നിനാണ് മൈക്കൽ പാട്രിക്കിന് മോട്ടോർ ന്യൂറോൺ ഡിസീസ് സ്ഥിരീകരിച്ചത്. പേശികളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങൾ ക്രമേണ ദുർബലമാകുകയും ചലനശേഷിയെ ഗുരുതരമായി ബാധിക്കുന്ന രോഗമാണ് എംഎൻഡി.
'കഴിഞ്ഞ രാത്രി നോർത്തേൺ അയർലൻഡ് ഹോസ്പീൽ വെച്ച് മൈക്ക് നമ്മളെ വിട്ടുപിരിഞ്ഞു. 2023 ഫെബ്രുവരി ഒന്നിന് അദ്ദേഹത്തിന് മോട്ടോർ ന്യൂറോൺ ഡിസീസ് സ്ഥിരീകരിച്ചിരുന്നു. പത്ത് ദിവസം മുമ്പാണ് മൈക്കിനെ ഹോസ്പീസിൽ പ്രവേശിപ്പിച്ചത്. അവിടെയുള്ള മികച്ച സംഘമാണ് അദ്ദേഹത്തെ പരിചരിച്ചത്. വളരെ ശാന്തനായാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. ഈ സമയം കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടുത്തുണ്ടായിരുന്നു. ഞങ്ങളുടെ ഹൃദയം എത്രത്തോളം തകർന്നിരിക്കുകയാണെന്ന് പറയാൻ വാക്കുകളില്ല.' -ഇതാണ് നവോമി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഗെയിം ഓഫ് ത്രോൺസിൽ വൈൽഡിങ് റൈട്ടർ എന്ന കഥാപാത്രമായാണ് മൈക്കൽ പാട്രിക് എത്തിയത്. സീരീസിന്റെ ആറാം സീസണിലെ 'ദി ബ്രോക്കൺ മാൻ' എന്ന ഏഴാം എപ്പിസോഡിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ബിബിസി സംപ്രേക്ഷണം ചെയ്ത 2020-ൽ പുറത്തിറങ്ങിയ മൈ ലെഫ്റ്റ് നട്ട് എന്ന സീരീസ് രചിച്ചതും മൈക്കൽ പാട്രിക്കാണ്. സ്വന്തം കൗമാരകാല അനുഭവങ്ങൾ അടിസ്ഥാനമാക്കി രചിച്ച ഈ സീരീസിന് പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Content Highlights: Michael Patrick, known for his role as a Wildling Raider in the cult-hit series 'Game of Thrones', has passed away at the age of 35. The actor, who also wrote the award-winning BBC series 'My Left Nut', had been fighting Motor Neurone Disease (MND) since February 2023. His wife, Naomi Sheehan, shared the heartbreaking news on Instagram, stating that he passed away peacefully at the Northern Ireland Hospice surrounded by loved ones.