ഓരോ ദിനവും നിത്യാനന്ദയുടെ ശക്തി കൂടുന്നു, കൈലാസം സന്ദർശിക്കാൻ ആഗ്രഹം തോന്നുന്നു; മീര മിഥുൻ

വിവാദ ആൾദൈവം നിത്യാനന്ദയെ പ്രകീർത്തിച്ച് വിവാദങ്ങളിലൂടെ പ്രശസ്തി നേടിയ തമിഴ് നടി മീര മിഥുൻ. നിത്യാനന്ദയുടെ ശക്തി ദിനവും കൂടുകയയാണെന്നും അദ്ദേഹത്തിന്റെ രാജ്യമായ കൈലാസയിലേയ്ക്ക് ഉടൻ സന്ദർശനം നടത്തുമെന്നും മീര ട്വീറ്റ് ചെയ്തു.
‘ എല്ലാവരും അദ്ദേഹത്തെ കളിയാക്കി, അപമാനിച്ചു, എല്ലാവരും കൂടി അദ്ദേഹത്തെ ഓടിച്ചു, മാധ്യമങ്ങൾ വരെ അദ്ദേഹത്തിനെതിരാണ്. പക്ഷേ ഇന്ന് അദ്ദേഹം പുതിയ രാജ്യം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ദിവസം ചെല്ലുന്തോറും അദ്ദേഹത്തിന്റെ ശക്തി കൂടുന്നു. കൈലാസം സന്ദർശിക്കാൻ ആഗ്രഹം തോന്നുന്നു. ഒരുപാട് സ്നേഹം.’ -മീര ട്വീറ്റ് ചെയ്യുന്നു. നിത്യാനന്ദയുടെ വലിയ ആരാധികയാണ് മീര. ഇതിനു മുമ്പും നടി സമൂഹമാധ്യമങ്ങളിലൂടെ നിത്യാനന്ദയെ പ്രകീർത്തിച്ച് എത്തിയിട്ടുണ്ട്.
പെൺകുട്ടികളെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞത്.പാസ്പോർട്ട് റദ്ദാക്കിയിട്ടും ഇന്ത്യ വിട്ട നിത്യാനന്ദ 2019 അവസാനത്തോടെ കൈലാസം എന്ന പേരിൽ സ്വന്തം രാജ്യം സ്ഥാപിച്ചതായും അവകാശപ്പെട്ടു. ഇക്വഡോറിലെ ഒരു ദ്വീപിലാണ് നിത്യാനന്ദയുടെ രാജ്യമെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ.
എന്നാൽ ഇക്വഡോർ ഇത് നിഷേധിച്ചതോടെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപിലാണ് നിത്യാനന്ദ രാജ്യം സ്ഥാപിച്ചതെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇന്റർപോളടക്കം തിരയുന്ന പ്രതിയായിട്ടും നിത്യാനന്ദ എവിടെയാണെന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.
ഇതിനിടെ മിക്കദിവസങ്ങളിലും തന്റെ അനുയായികൾക്കായി നിത്യാനന്ദ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഫെയ്സ്ബുക്ക് പേജുകളിലും ട്വിറ്ററിലും യൂട്യൂബിലും നിത്യാനന്ദയുടെ പ്രഭാഷണങ്ങൾക്ക് ധാരാളം കാഴ്ചക്കാരുമുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം നിത്യാനന്ദ പുതിയ കറൻസിയും പുറത്തിറക്കിയിരുന്നു. കൈലാസത്തിലെ 'റിസർവ് ബാങ്ക് ഓഫ് കൈലാസ' നിർമിച്ച 'കൈലാസിയൻ ഡോളർ' ആണ് ശനിയാഴ്ച പുറത്തിറക്കിയത്.
Content Highlights : Meera Mithun About Nithyanadha Kailasam